ചർമ്മ സംരക്ഷണത്തിന് പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്ന ഒന്നാണ് കടലമാവ്. ചർമ്മത്തിലെ ചുളിവുകൾ, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ അകറ്റി മുഖം തിളക്കമുള്ളതാക്കാൻ കടലമാവ് ബെസ്റ്റാണ്. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്‌ത ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും ഇത് സഹായിക്കും. തികച്ചും പ്രകൃതിദത്തവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായതിനാൽ ഏത് തരം ചർമ്മമുള്ളവർക്കും കടലമാവ് ഉപയോഗിക്കാം. എണ്ണമയം അകറ്റി ചർമ്മത്തെ മൃദുവായി നിലനിർത്താനും ഇത് വളരെയധികം ഉപകരിക്കും. ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കടലമാവ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
കടലമാവും കറ്റാർവാഴയും
കടലമാവും കറ്റാർവാഴ ജെല്ലും സമാസമം ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ചർമ്മത്തിലെ ചുളിവുകൾ, കറുത്ത പാടുകൾ, എന്നിവ മാറാനും തിളക്കം വർധിപ്പിക്കാനും ഇത് ഗുണമകരമാണ്.
കടലമാവും തൈരും
ഒരു ബൗളിലേക്ക് രണ്ട് ടേബിള്‍ സ്‌പൂണ്‍ കടലമാവ്, മൂന്ന് ടേബിള്‍ സ്‌പൂണ്‍ തൈര്, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിലെ എണ്ണമയം, കരുവാളിപ്പ്, പാടുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
കടലമാവും ഓട്‌സും
മൂന്ന് ടീസ്‌പൂണ്‍ കടലമാവും ഒന്നര ടീസ്‌പൂണ്‍ വീതം ഓട്‌സും തൈരും ചേർത്ത് മിശ്രിതമാക്കുക. ഇതിലേക്ക് ഒരു ടീസ്‌പൂണ്‍ വീതം തേൻ, മഞ്ഞൾ എന്നിവ കൂടി ചേർത്ത് യോജിപ്പിക്കുക. ഈ പാക്ക് മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യുക. 20 മിനിട്ടിന് ശേഷം കഴുകി കളയുക. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ ഇത് ഗുണം ചെയ്യും.
കടലമാവും പപ്പായയും
ഒരു ടേബിൾ സ്‌പൂണ്‍ കടലമാവിലേക്ക് പപ്പായ പൾപ്പും റോസ് വാട്ടറും ഓരോ സ്‌പൂണ്‍ വീതം ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിട്ടിന് ശേഷം കഴുകാം. മുഖത്തെ കരുവാളിപ്പ് ഇല്ലാതാക്കാനും ചർമ്മം തിളക്കമുള്ളതാക്കാനും ഈ പാക്ക് ബെസ്റ്റാണ്.
കടലമാവും തക്കാളിയും
കടലമാവ്, തക്കാളി നീര്, തൈര് എന്നിവ ഓരോ ടീസ്‌പൂണ്‍ വീതം ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ചർമ്മത്തിലെ പാടുകൾ, കരുവാളിപ്പ് എന്നിവ അകറ്റി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഇത് സഹായിക്കും.
കടലമാവും ഒലിവ് ഓയിലും
രണ്ട് ടേബിൾ സ്‌പൂണ്‍ കടലമാവിലേക്ക് ഒരു ടീസ്‌പൂണ്‍ ഒലിവ് ഓയിലും അലപം നാരങ്ങാ നീരും മഞ്ഞളും ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. ചർമ്മത്തിന് തിളക്കം നൽകാൻ ഇത് സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read:
'അമിത ഭാരമുള്ളവരെല്ലാം പൊണ്ണത്തടിയന്മാരല്ല'...; ബിഎംഐ കണക്കുകള്‍ ഇനി മുതൽ സ്വീകാര്യമല്ലെന്ന് പഠനം
പ്രമേഹം എങ്ങനെയാണ് അര്‍ബുദത്തെ വഷളാക്കുന്നത്? ശാസ്‌ത്ര ലോകത്ത് വൻ വഴിത്തിരിവ്, നിര്‍ണായക കണ്ടെത്തല്‍