തിരുവനന്തപുരം: പുലര്‍ച്ചെ എണീറ്റ് റബര്‍ ടാപ്പിങ് എന്നത് ഭൂരിഭാഗം മലയാളികളുടെയും ഒരു കാലത്തെ ശീലമായിരുന്നെങ്കില്‍ റബര്‍ കൃഷിയില്‍ നിന്നും റബര്‍ ഉത്പാദനത്തില്‍ നിന്നും കേരളം പിന്നിലേക്ക് പോകുന്നുവെന്ന വെളിപ്പെടുത്തലുമായി റബര്‍ ബോര്‍ഡിന്‍റെ പുതിയ കണക്കുകള്‍ പുറത്തു വന്നു. കൃഷി ചെലവിന് ആനുപാതികമായി റബറിന് വില ലഭിക്കാതായതും 10 വര്‍ഷത്തിലേറെയായി റബര്‍ വില സ്ഥിരമായി കുത്തനെ ഇടിഞ്ഞതുമാണ് റബര്‍ ഉത്പാദനത്തില്‍ കേരളം പിന്നിലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
അടുത്തിടെ റബര്‍ ബോര്‍ഡ് പുറത്തിറക്കിയ ഇന്ത്യന്‍ റബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ 2024ന്‍റെ 45-ാം വാല്യത്തിലാണ് ഒരു കാലത്ത് കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന റബറില്‍ നിന്നുള്ള കേരളത്തിന്‍റെ പിന്നോക്കാവസ്ഥ തുറന്നു കാട്ടുന്നത്. അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ക്രമേണ റബര്‍ ഉത്പാദനത്തിലും കൃഷി വിസ്‌തൃതിയിലും അവരുടെ ഇടം വിപുലപ്പെടുത്തുകയാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
റബര്‍ ബോര്‍ഡ് ഏറ്റവും അവസാനം പുറത്ത് വിട്ട കണക്ക് പ്രകാരം 2013-14ല്‍ അതായത് 10 വര്‍ഷം മുമ്പ് കേരളത്തില്‍ 5,48,225 ഹെക്‌ടറിലാണ് റബര്‍ കൃഷിയുണ്ടായിരുന്നത്. 10 വര്‍ഷം കഴിഞ്ഞ് 2023-24ല്‍ എത്തുമ്പോള്‍ കേരളത്തില്‍ റബര്‍ കൃഷി 5,48,300 ഹെക്‌ടറില്‍ മാത്രമാണ്. വെറും 75 ഹെക്‌ടര്‍ പ്രദേശം മാത്രമാണ് റബര്‍ കൃഷി ഭൂമിയുടെ കാര്യത്തില്‍ വര്‍ധിച്ചത്.
അതായത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ റബര്‍ കൃഷി അങ്ങേയറ്റം ആദയകരമല്ലാതായി എന്നതിന്‍റെ ഉത്തമ ഉദാഹരമാണ് ഈ കണക്കുകള്‍. എന്നാല്‍ 2022-23 വര്‍ഷത്തില്‍ 5,49,780 ഹെക്‌ടറില്‍ റബര്‍ കൃഷി ഉണ്ടായിരുന്നിടത്ത് നിന്നാണ് തൊട്ടടുത്ത സാമ്പത്തിക വര്‍ഷം 5,48,300 ഹെക്‌ടറിലേക്ക് ചുരുങ്ങിയത് എന്നത് കാണാതെ പോകരുത്.
ഇന്ത്യയിലെ പരമ്പരാഗത റബര്‍ ഉത്പാദന സംസ്ഥാനങ്ങളായി റബര്‍ ബോര്‍ഡ് കണക്കാക്കുന്നത് കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയാണ്. 2013-14 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ 20,890 ഹെക്‌ടര്‍ സ്ഥലത്താണ് റബര്‍ കൃഷിയുണ്ടായിരുന്നത്. എന്നാല്‍ ഇത് ഏറിയും കുറഞ്ഞും 10 വര്‍ഷം പിന്നിടുമ്പോള്‍ 21,200 ഹെക്‌ടറായി സ്ഥിരമാണ്.
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 വരെയുള്ള തുടര്‍ച്ചയായ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ തമിഴ്‌നാട് അവരുടെ റബര്‍ കൃഷി ഭൂമിയുടെ വിസ്‌തൃതി 21,200 ഹെക്‌ടറായി സ്ഥിരമായി നിലനിര്‍ത്തിയിട്ടുണ്ട്.
അതേസമയം പാരമ്പര്യേതര റബര്‍ കാര്‍ഷിക മേഖലയായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ കൃഷി ഭൂമിയുടെ വിസ്‌തൃതിയിലേക്ക് കടന്നാല്‍ ത്രിപുര സംസ്ഥാനത്തിന് വന്‍ മുന്നേറ്റമാണ്.
10 വര്‍ഷം മുമ്പ് 2013-14 ത്രിപുരയുടെ റബര്‍ കൃഷി ഭൂമി വിസ്‌തൃതി 71,370 ഹെക്‌ടറായിരുന്നു. അത് ക്രമേണ വര്‍ധിച്ചു വര്‍ധിച്ച് 2023-24ല്‍ എത്തുമ്പോള്‍ 1,10,500 ഹെക്‌ടറായി വര്‍ധിച്ചിരിക്കുന്നു. മറ്റൊരു വടക്കു കിഴക്കന്‍ സംസ്ഥാനമായ ആസമില്‍ 2013-14 വര്‍ഷത്തില്‍ കൃഷി ഭൂമി വിസ്‌തൃതി 47,945 ഹെക്‌ടറായിരുന്നു. 2023-24 ല്‍ അത് 79,600 ഹെക്‌ടറായി ഏകദേശം ഇരട്ടിയുടെ വര്‍ധനയാണ്.
മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കൃഷി ഭൂമിയുടെ കാര്യത്തില്‍ 10 വര്‍ഷത്തിനിടയില്‍ ഗണ്യമായ വര്‍ധയുണ്ടായി.
സംസ്ഥാനം | വര്‍ഷം | ആദ്യ കണക്ക് | വര്‍ഷം | വര്‍ധനവ് |
മേഘാലയ | 2012-13 | 13,875 ഹെക്‌ടര്‍ | 2023-24 | 25,300 ഹെക്‌ടര്‍ |
നാഗാലാന്‍ഡ് | 2012-13 | 11,985 ഹെക്‌ടര്‍ | 2023-24 | 19,500 ഹെക്‌ടര്‍ |
മണിപ്പൂര്‍ | 2012-13 | 3,755 ഹെക്‌ടര്‍ | 2023-24 | 6000 ഹെക്‌ടര്‍ |
മിസോറാം | 2012-13 | 3,150 ഹെക്‌ടര്‍ | 2023-24 | 7,800 ഹെക്‌ടര്‍ |
അരുണാചല്‍പ്രദേശ് | 2012-13 | 3,540 ഹെക്‌ടര്‍ | 2023-24 | 9,300 ഹെക്‌ടര്‍ |
സ്വാഭാവിക റബര്‍ ഉത്പാദനത്തിലും കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേരളം കിതക്കുകയാണെന്ന കണക്കുകളും റബര്‍ ബോര്‍ഡ് പുറത്തുവിട്ടു. 2013-14 വര്‍ഷത്തില്‍ കേരളത്തിന്‍റെ സ്വാഭാവിക റബര്‍ ഉത്പാദനം 6,48,220 ടണ്‍ ആയിരുന്നത് 2023-24ല്‍ 6,09,600 ആയി കുറഞ്ഞു. തമിഴ്‌നാടിനും ഇതേ പ്രവണതയാണ് സ്വാഭാവിക റബര്‍ ഉത്പാദനത്തില്‍. 2013-14ല്‍ തമിഴ്‌നാടിന്‍റെ റബര്‍ ഉത്പാദനം 25000 ആയിരുന്നത് 2023-24ല്‍ 23,900 ടണ്‍ ആയി കുറഞ്ഞു. എന്നാല്‍ ത്രിപുരയാകട്ടെ ഈ കാലയളവില്‍ സ്വാഭാവിക റബര്‍ ഉത്പാദനത്തില്‍ കുതിക്കുകയായിരുന്നു.
ഈ 10 വര്‍ഷ കാലയളവില്‍ 39000ല്‍ നിന്ന് 91,500 ടണ്‍ ആയി ത്രിപുരയുടെ റബര്‍ ഉത്പാദനം മാറി. ആസാമില്‍ 13,600 ടണില്‍ നിന്ന് 46,500 ടണ്‍ ആയി ഉയര്‍ന്നു. മേഘാലയയില്‍ 7550 ടണില്‍ നിന്ന് 11,775 ടണ്‍ ആയി ഉത്പാദനം വര്‍ധിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി രാജ്യത്തെ സ്വാഭാവിക റബര്‍ ഉത്പാദനം 2013-14ല്‍ 7,74,000 ടണില്‍ നിന്ന് 2023-24 വര്‍ഷത്തില്‍ 8,57,000 ആയി വര്‍ധിച്ചിട്ടുണ്ടെന്ന് റബര്‍ ബോര്‍ഡ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
Also Read: ബെവ്‌കോയ്ക്ക് മദ്യമെത്തിക്കാൻ 16 വിതരണക്കാർ കൂടി; പുതുതായി 320 ബ്രാൻഡുകൾ കൂടി വിപണിയിലേക്ക്