ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടതും പ്രധാനമാണ്. അതിന് ഏറ്റവും അടിസ്ഥാനമായി ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നതാണ്. എന്നാൽ ചില ഭക്ഷണങ്ങൾ ചർമ്മത്തിൽ മുഖക്കുരു വരാനുള്ള സാധ്യത വർധിപ്പിക്കും. അത്തരത്തിൽ മുഖക്കുരുവിന് കരണമാകുന്നതും ചർമ്മത്തിന്‍റെ ആരോഗ്യം മോശമാക്കുന്നതുമായ ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ
അമിത അളവിൽ പഞ്ചസാര അടങ്ങിയതോ ഗ്ലൈസെമിക് സൂചിക കൂടിയതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കും. ചർമ്മത്തിലെ ഗ്രന്ധികളിൽ അമിതമായി എണ്ണ ഉത്പാദിപ്പിക്കാൻ ഇത് കാരണമാകും. ഈ അധിക എണ്ണ ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരു രൂപപ്പെടാൻ ഇടയാക്കുകയും ചെയ്യും. മുഖക്കുരു ഉണ്ടാക്കുന്ന ബാക്‌ടീരിയകളുടെ വളർച്ചയ്ക്കും പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.
സംസ്‌കരിച്ച ഭക്ഷണങ്ങൾ
ഹോട്ട് ഡോഗ്‌സ്, ബർഗർ എന്നീ സംസ്‌കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും കഴിക്കുന്നത് പരിമിതപെടുത്തുക. ഇത്തരം ഭക്ഷണങ്ങളിൽ അമിത അളവിൽ കലോറി, കാർബോഹൈഡ്രേറ്റ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുഖക്കുരു ഉണ്ടാകാൻ കരണമാകുന്നവയാണ്.
എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ
അമിതമായി എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരു വരാനുള്ള വധ്യത വർധിപ്പിക്കും. അതിനാൽ എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക. ഇത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും സഹായിക്കും.
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ചൂട് വർധിക്കുകയും ശരീരം വിയർക്കുകയും ചെയ്യും. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരു ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. അതിനാൽ എരിവുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും ഒഴിവാക്കുക.
പാലുത്പ്പന്നങ്ങള്‍
പാലുത്പന്നങ്ങളും മുഖക്കുരുവിന് കരണമാകുന്നവയാണ്. ഇവയുടെ അമിത ഉപയോഗം ഇൻസുലിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ചർമ്മത്തിലെ എണ്ണയുടെ ഉത്പാദനം കൂട്ടുകയും മുഖക്കുരു രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ക്രീം, ചീസ്, കോട്ടേജ് ചീസ് എന്നിവ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കുക.
ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
- മത്തങ്ങാ വിത്തുകള്‍
- സൂര്യകാന്തി വിത്തുകള്‍
- ബദാം
- വാള്‍നട്‌സ്
- അവക്കാഡോ
- മത്സ്യം
- മാംസം
- പഴങ്ങള്‍
- പച്ചക്കറികള്‍
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.