ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? മുടിയുടെ ആരോഗ്യം നഷ്‌ടപ്പെടുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. പല ഘടകങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. പാരമ്പര്യം, പ്രായം, ഹോർമോൺ വ്യതിയാനം, പോഷകങ്ങളുടെ അഭാവം തുടങ്ങി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. എന്നാൽ നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും. അതിനായി വിറ്റാമിൻ, ബയോട്ടിൻ, ഒമേഗ 3 ഫാറ്റി ആസിഡ്, അയേൺ തുടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. തലമുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.
നട്‌സ് & സീഡ്‌സ്
മുടി കൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനും സഹയിക്കുന്നവയാണ് നട്‌സും സീഡ്‌സും. ബദാം, വാൾനട്‌സ്, ഫ്ളാക്‌സ് സീഡ്‌സ്, ചിയ സീഡ്‌സ് എന്നിവയിൽ മേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
മുട്ട
മുട്ടയിൽ പ്രോട്ടീനിന് പുറമെ ബയോട്ടിനും അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് തലമുടി തഴച്ച് വളരാൻ വളരെയധികം സഹായിക്കും. മുട്ട പതിവായി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ചീര
ഇരുമ്പ്, വിറ്റാമിൻ എ, ബി6, സി, ഫോളേറ്റ് എന്നിവയുടെ നല്ലൊരു ഉറവിടമാണ് ചീര. ഇത് മുടി വളരാൻ വളരെയധികം അത്യാവശ്യമാണ്.
സാൽമൺ
മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സാൽമൺ മത്സ്യത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ സാൽമൺ ഭക്ഷണക്രമത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക.