കേരളം

kerala

ETV Bharat / international

അമേരിക്കയുടേയും കണ്ണിലെ കരട്, കയ്യിലുള്ളത് വന്‍ ആയുധ ശേഖരം; ലെബനനില്‍ ഇസ്രയേലിന്‍റെ നോട്ടപ്പുള്ളിയായ ഹിസ്‌ബുള്ള എന്താണ്? - What Is Hezbollah - WHAT IS HEZBOLLAH

ലെബനനിലെ ആഭ്യന്തര യുദ്ധകാലത്ത് 1982ല്‍ സ്ഥാപിച്ച സംഘടനയാണ് ഹിസ്‌ബുള്ള. പ്രതിരോധത്തിന്‍റെ അച്ചുതണ്ട് എന്നറിയപ്പെട്ട ഹിസ്‌ബുള്ള ഇറാന്‍റെയടക്കം പിന്തുണയോടെയാണ് വളര്‍ന്നത്.

Group Battling Israel In Lebanon  Hassan Nasrallah  ഹിസ്‌ബുള്ള  Gaza Strip
Supporters of the Iranian-backed Hezbollah group listen to a speech by Hezbollah leader Sayyed Hassan Nasrallah (AP)

By ETV Bharat Kerala Team

Published : Sep 25, 2024, 5:22 PM IST

Updated : Sep 25, 2024, 7:58 PM IST

ബെയ്‌റൂട്ട്: ഇസ്രയേലും ലെബനന്‍ വിമോചന സംഘടനയായ ഹിസ്‌ബുള്ളയും തമ്മില്‍ ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷം ഇപ്പോള്‍ ഒരു പരിപൂര്‍ണ യുദ്ധമായി പരിണമിച്ചിരിക്കുന്നു. ഗാസ മുനമ്പില്‍ നേരിട്ട ഹമാസിനെക്കാള്‍ ശക്തരായ ശത്രുക്കളാണ് ഇസ്രയേലിന് ഇപ്പോള്‍ നേരിടേണ്ടി വരുന്ന ഹിസ്‌ബുള്ള. മേഖലയിലെ ഏറ്റവും ശക്തമായ അര്‍ദ്ധ സൈനിക വിഭാഗമാണ് ഹിസ്‌ബുള്ളയെന്നാണ് വിലയിരുത്തല്‍.

ഇവര്‍ക്ക് ലെബനനില്‍ ശക്തമായ രാഷ്‌ട്രീയ-സാമൂഹ്യ അടിത്തറയുമുണ്ട്. തങ്ങള്‍ക്ക് പുത്തന്‍ ആയുധങ്ങളും കരുത്തുമുണ്ടെന്ന് ഹിസ്‌ബുള്ള നേതാവ് ഹസന്‍ നസ്‌റള്ള ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. വടക്കന്‍ ഇസ്രയേലിലെ ഹൈയ്‌ഫ തുറമുഖത്തിന്‍റെയും ലെബനന്‍ -ഇസ്രയേല്‍ അതിര്‍ത്തിയിലുള്ള മറ്റ് ഇടങ്ങളുടെയും നിരീക്ഷണ ഡ്രോണ്‍ ദൃശ്യങ്ങളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതലായി ഇവര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രയേലിലേക്ക് കടന്ന് കയറിക്കൊണ്ടിരിക്കുന്നു.

ഇസ്രയേല്‍ ലെബനനില്‍ നടത്തിയ ആക്രമണം (AFP)

എന്താണ് ഹിസ്‌ബുള്ള?

ലെബനനിലെ ആഭ്യന്തര യുദ്ധകാലത്ത് 1982ലാണ് ഹിസ്‌ബുള്ള രൂപീകരിക്കപ്പെട്ടത്. ദക്ഷിണ ലെബനനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുക എന്നതായിരുന്നു ആദ്യകാലത്തെ ഇവരുടെ ലക്ഷ്യം. 2000ത്തോടെ ഇവര്‍ക്ക് അത് സാധ്യമായി. ദീര്‍ഘമായ ഒരു യുദ്ധത്തിലൂടെ ക്രമേണ പിന്‍മാറാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമാകുകയായിരുന്നു. എന്നാല്‍ ഇവര്‍ വീണ്ടും ഇസ്രയേലിന്‍റെ സര്‍വനാശത്തിന് വേണ്ടി പോരാട്ടം തുടര്‍ന്നു.

ഇറാന്‍റെ പിന്തുണയുള്ള ഒരു പറ്റം സംഘങ്ങള്‍ ചേര്‍ന്ന ഷിയ മുസ്ലീം സംഘടനയാണ് ഹിസ്‌ബുള്ള. സര്‍ക്കാരിന്‍റെയും പിന്തുണ ഇവര്‍ക്ക് ലഭിച്ചിരുന്നു. പ്രതിരോധത്തിന്‍റെ അച്ചുതണ്ട് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. സായുധ സംഘം എന്നതിനപ്പുറം ഇവര്‍ ഒരു രാഷ്‌ട്രീയ കക്ഷിയായി മാറി.

ഇവര്‍ക്ക് ലെബനീസ് പാര്‍ലമെന്‍റില്‍ അംഗത്വവും പതിറ്റാണ്ടുകളായി മിക്ക ലെബനന്‍ സര്‍ക്കാരുകളിലും പ്രാതിനിധ്യവുമുണ്ടായി. ഇതിന് പുറമെ ഇവര്‍ പല സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. ശക്തമായ സാന്നിധ്യമായി മാറിയ ദക്ഷിണ ലെബനനടക്കമുള്ള മേഖലകളില്‍ ഇവര്‍ സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും ഇവര്‍ ആരംഭിച്ചു.

ഇസ്രയേല്‍ ലെബനനില്‍ നടത്തിയ ആക്രമണം (AFP)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അമേരിക്കയുടേയും കണ്ണിലെ കരട്:ആദ്യകാലങ്ങളില്‍ ഇവര്‍ അമേരിക്കന്‍ താത്‌പര്യങ്ങള്‍ ഹനിച്ചിരുന്നു. അതോടെ അമേരിക്ക ഇവരെ ഭീകരസംഘടനയായി മുദ്രകുത്തി. ബെയ്‌റൂട്ടില്‍ അമേരിക്കക്കാരെ ബന്ദികളാക്കുകയും 1983ല്‍ നടന്ന ട്രക്ക് ബോംബ്‌ സ്ഫോടനവുമൊക്കെയാണ് ഇതിലേക്ക് നയിച്ചത്. ബെയ്‌റൂട്ടിലെ നാവിക ബാരക്കുകളില്‍ നടന്ന ട്രക്ക് ബോംബ് സ്ഫോടനത്തില്‍ നാവിക സേനയിലെ 241 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടു.

ഇറാന്‍റെ പൂര്‍ണ പിന്തുണ:ഇറാന്‍റെ പിന്തുണ ഹിസ്‌ബുള്ളയെ ലെബനനിലെ അതീവ അധികാരമുള്ള രാഷ്‌ട്രീയ സംഘടനയാക്കി മാറ്റി. ഇതിന് പുറമെ പശ്ചിമേഷ്യയിലെ സര്‍വസജ്ജരായ സൈനിക ശക്തിയുമാക്കി മാറ്റിയെന്ന് ലണ്ടനിലെ സോസ് മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ലിന ഖാത്തിബ് പറഞ്ഞു. 2006ല്‍ ഹിസ്‌ബുള്ള അതിര്‍ത്തി കടന്ന് ഇസ്രയേല്‍ പട്രോളിങ് സംഘത്തെ ആക്രമിക്കുകയും രണ്ട് സൈനികരെ ബന്ദിക്കളാക്കുകയും ചെയ്‌തു.

ഇത് ഹിസ്‌ബുള്ളയും ഇസ്രയേലും തമ്മില്‍ ഒരു മാസം നീണ്ട യുദ്ധത്തിലേക്ക് നയിച്ചു. ഇരുപക്ഷത്തിനും വിജയിക്കാനാകാതെ യുദ്ധം അവസാനിപ്പിച്ചു. എന്നാല്‍ ദക്ഷിണ ലെബനനില്‍ കടുത്ത നാശനഷ്‌ടങ്ങള്‍ ഇസ്രയേല്‍ ബോംബ് വര്‍ഷത്തിലുണ്ടായി.

ഹിസ്‌ബുള്ളയെ തുടച്ച് നീക്കുക എന്നതാണ് ഇസ്രയേലിന്‍റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ഇവര്‍ കൂടുതല്‍ കൂടുതല്‍ കരുത്തരാകുകയും ഇസ്രയേലിന്‍റെ വടക്കന്‍ അതിര്‍ത്തിയില്‍ സൈനികമായും രാഷ്‌ട്രീയമായും വന്‍ ശക്തിയായി മാറുകയും ചെയ്‌തു. ആഭ്യന്തര എതിരാളികളും ഹിസ്‌ബുള്ളയെ വിമര്‍ശിച്ച് രംഗത്ത് എത്തി.

ഹിസ്‌ബുള്ളയുടെ മിസൈലിനെ പ്രതിരോധിക്കുന്ന ഇസ്രയേലിന്‍റെ അയണ്‍ഡോം സംവിധാനം (AP)

ആയുധം സൂക്ഷിക്കുന്നതിനും സര്‍ക്കാരിന് മേല്‍ അധീശത്വം ഉറപ്പിക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. 2008 മെയില്‍ ബെയ്‌റൂട്ടിന്‍റെ ഒരു ഭാഗം പിടിച്ചെടുത്തതോടെ ഹിസ്‌ബുള്ളയുടെ സല്‍പ്പേരിന് കളങ്കമേറ്റു. ലെബനന്‍ സര്‍ക്കാര്‍ ഇവരുടെ സ്വകാര്യ ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടതോടെ ആയിരുന്നു ഈ നടപടി.

ഹിസ്‌ബുള്ളയുടെ സൈനിക ശേഷികള്‍ എന്തൊക്കെ?

അറബ് ലോകത്തെ ശക്തമായ അര്‍ദ്ധ സൈനിക വിഭാഗമാണ് ഇവര്‍. ശക്തമായ സംഘടന അടിത്തറയും അത്യാവശ്യം മെച്ചപ്പെട്ട ആയുധ ശേഖരവും ഇവര്‍ക്കുണ്ട്. ഒരു ലക്ഷത്തോളം സൈനികരും ഇവരുടെ സൈനിക ശേഷിയെ കരുത്തുറ്റതാക്കുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധത്തിലും ഇവര്‍ നിര്‍ണായകമായി.

പ്രസിഡന്‍റ് ബഷര്‍ അസാദിനെ അധികാരത്തില്‍ തുടരാന്‍ ഇവര്‍ സഹായകമായി. ഇറാന്‍ പിന്തുണയുള്ള സിറിയയിലെയും ഇറാഖിലെയും പോരാളികളെയും യെമനിലെ ഹൂതി വിമതരെയും പരിശീലിപ്പിക്കുന്നതിനും നിര്‍ണായക പങ്കാണ് ഹിസ്‌ബുള്ളയ്‌ക്കുള്ളത്.

കയ്യില്‍ വന്‍ ആയുധ ശേഖരം:ഒന്നരലക്ഷത്തോളം റോക്കറ്റുകളും മിസൈലുകളും ഹിസ്‌ബുള്ളയുടെ പക്കലുണ്ടെന്നാണ് ഇസ്രയേലിന്‍റെ നിഗമനം. ഗൈഡഡ് മിസൈലുകളും ഇസ്രയേലിന്‍റെ ഏത് ഭാഗത്തെയും ആക്രമിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര പ്രോജക്‌ടൈലുകള്‍ അടക്കമുള്ളവ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം.

ഏറ്റവും ഒടുവില്‍ ഇസ്രയേലുമായുണ്ടായ സംഘര്‍ഷത്തില്‍ ഏറ്റവും പുതിയ ആയുധങ്ങളാണ് ഹിസ്‌ബുള്ള ഉപയോഗിച്ചത്. ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളുമാണ് ആദ്യഘട്ടത്തില്‍ ഉപയോഗിച്ചത്. ക്രമേണ സ്ഫോടക ഡ്രോണുകളും ഭൂതല-വ്യോമ മിസൈലുകളും പ്രയോഗിച്ചു. ഈ ഡ്രോണുകള്‍ പ്രാദേശികമായി നിര്‍മ്മിച്ചതാണ്.

ആരാണ് ഹസന്‍ നസ്‌റള്ള?

ഹിസ്‌ബുള്ളയെ നിലവില്‍ നിയന്ത്രിക്കുന്നത് സയദ് ഹസന്‍ നസ്‌റള്ളയാണ്. ബെയ്‌റൂട്ടിലെ ബൗര്‍ജ് ഹമൗദിലെ ഒരു പാവപ്പെട്ട ഷിയ കുടുംബത്തില്‍ 1960ലാണ് ഇദ്ദേഹം ജനിച്ചത്. പിന്നീട് ദക്ഷിണ ലെബനനിലേക്ക് എത്തിച്ചേര്‍ന്നു. മതപഠനം നടത്തിയ നസ്‌റള്ള ഷിയ രാഷ്‌ട്രീയ അര്‍ദ്ധസൈനിക സംഘടനയായ അമല്‍ പ്രസ്ഥാനത്തിന്‍റെ ഭാഗമായി.

പിന്നീടാണ് ഹിസ്‌ബുള്ളയുടെ സ്ഥാപകരില്‍ ഒരാളായി മാറുന്നത്. ഇദ്ദേഹത്തിന്‍റെ മുന്‍ഗാമി ഒരു ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ 1992ല്‍ ഹിസ്‌ബുള്ള തലവനായി. 2006ല്‍ ഇസ്രയേലിന്‍റെ പിന്‍മാറ്റത്തോടെ ഇദ്ദേഹത്തിന്‍റെ പ്രതിച്‌ഛായ വര്‍ദ്ധിച്ചു. അറബ് ലോകത്തെ ലെബനന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഉപകരണങ്ങളിലും കടകളിലും സുവനീറുകളിലും മറ്റും ഇദ്ദേഹത്തിന്‍റെ ചിത്രം തിളങ്ങി നിന്നു. എന്നാല്‍ ലെബനന്‍കാരില്‍ നിന്ന് ഇദ്ദേഹത്തിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു.

തങ്ങളുടെ രാജ്യത്തെ നസ്‌റള്ള ഇറാന്‍റെ കാല്‍ക്കല്‍ അടിയറവ് വച്ചെന്ന് അവര്‍ ആരോപിച്ചു. നസ്‌റള്ള പ്രയോഗികമതിയായ ഒരു നേതാവായാണ് വിലയിരുത്തപ്പെടുന്നത്. രാഷ്‌ട്രീയ വിട്ടുവീഴ്‌ചകള്‍ക്ക് ഇദ്ദേഹം പലപ്പോഴും തയാറാകാറുമുണ്ട്. ഇസ്രയേല്‍ വധിക്കുമെന്ന് ഭയന്ന് ഇദ്ദേഹം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞു. അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന അദ്ദേഹം പ്രസംഗം നടത്തുകയും പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയും ചെയ്‌തു.

Also Read:ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; നടപടി ഹിസ്ബുള്ള മേധാവിയുടെ പ്രതികാരാഹ്വാനത്തിന് പിന്നാലെ

Last Updated : Sep 25, 2024, 7:58 PM IST

ABOUT THE AUTHOR

...view details