എറണാകുളം: പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലാ കലക്‌ടറോട് റിപ്പോർട്ട് തേടി ഹൈക്കോടതി. പരിപാടിക്ക് അനുമതി നൽകിയ കാര്യത്തിലടക്കം വിശദീകരണം നല്‍കണം. തിങ്കളാഴ്‌ച കലക്‌ടർ റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിര്‍ദേശം.
കഴിഞ്ഞ ദിവസമാണ് പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ കാലില്‍ തൂക്കി കശക്കി എറിയുന്ന വീഡിയോയും പുറത്തുവന്നിരുന്നു. തിങ്കളാഴ്‌ച വിഷയം പരിഗണിക്കുന്ന വേളയിലാണ് കലക്‌ടറും സർക്കാരും മറുപടി നൽകേണ്ടത്. ആന ഇടഞ്ഞ സമയത്ത് കൊച്ചു കുഞ്ഞടക്കം സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആന എഴുന്നള്ളത്തിലെ അകലം സംബന്ധിച്ച മാർഗ നിർദേശത്തിൽ സർക്കാർ മറുപടി അറിയിക്കണം. അതേസമയം സർക്കാർ അതോറിറ്റി കോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തുന്നുവെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. അതിനിടെ, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ മാർഗ നിർദേശം ലംഘിച്ച് ആന എഴുന്നള്ളത്ത് നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കവേ ദേവസ്വം ഓഫിസറെ ഹൈക്കോടതി വീണ്ടും വിമർശിച്ചു.
കോടതി ഉത്തരവ് ലംഘിക്കുന്നതിൽ പൊന്നാടയൊക്കെ കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു വിമർശനം. വാങ്ങിക്കുമ്പോൾ നിരസിക്കുന്നില്ലല്ലോ, സന്തോഷത്തോടെയാണല്ലോ പൊന്നാട വാങ്ങിയത് എന്നും കോടതി ചോദിച്ചു. ദേവസ്വം ഓഫിസര്‍ക്ക് ശക്തമായ താക്കീതും കോടതി നല്‍കി. പൗരന്മാർ നിയമത്തോട് ബഹുമാനം കാട്ടണം. കോമഡി ഷോയല്ല കോടതിയിൽ നടക്കുന്നത്. പത്ത് പേർ ചുറ്റും നിന്നും കയ്യടിക്കുന്നത് കോടതിയെ അവഹേളിക്കാനാണെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
Also Read: തിരൂരിൽ സംഭവിച്ചതെന്ത് ? ആന ഇടയലുകള്‍ തുടർക്കഥ...