ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുമെന്ന ബിജെപി നേതാക്കളുടെ വാദം തള്ളി അരവിന്ദ് കെജ്‌രിവാൾ. ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിലാണ് തോൽവി ഭയന്ന് കെജ്രിവാൾ രണ്ട് സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രചരിച്ചത്. എന്നാൽ ഒരു സീറ്റിൽ മാത്രമേ മത്സരിക്കുന്നുള്ളൂവെന്ന് കെജ്‌രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ന്യൂഡൽഹി ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിലെ എഎപി വോട്ടർമാരുടെ പേരുകള്‍ നീക്കം ചെയ്യാൻ ബിജെപി വൻതോതിൽ അപേക്ഷകൾ സമർപ്പിച്ചതായി ആം ആദ്‌മി നേതാക്കൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതടക്കം എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്നും കെജ്‌രിവാൾ പറഞ്ഞു. ആം ആദ്‌മി പാർട്ടിക്ക് പിന്തുണ നൽകിയ സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ശിവസേന (യുബിടി) എന്നിവർക്കും അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ നന്ദി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്തവണ ഡൽഹിയിൽ തുറന്ന പോരാണ് ആം ആദ്‌മി പാർട്ടിയും (എഎപി) ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തമ്മിൽ. 2013 മുതൽ ന്യൂഡൽഹിയിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ കെജ്‌രിവാൾ ഇത്തവണ ഡൽഹിയിലെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾക്കെതിരെയാണ് മത്സരിക്കുന്നത്.
കടുത്ത ത്രികോണ മത്സരമായിരിക്കും എന്നതിൽ സംശയമില്ല. മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമയാണ് ബിജെപി സ്ഥാനാർഥി. കോണ്‍ഗ്രസിൻ്റെ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിൻ്റെ മകൻ സന്ദീപ് ദീക്ഷിതാണ് മറ്റൊരു എതിരാളി. 70 അംഗ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിനാണ് ഫല പ്രഖ്യാപനം.