കരാക്കസ്:മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ വൈറല്‍ വീഡിയോ ചലഞ്ചുകള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് പിഴയിട്ട് വെനസ്വേല സുപ്രീം കോടതി. 10 മില്യണ്‍ ഡോളര്‍ എട്ട് ദിവസത്തിനുള്ളില്‍ പിഴ അടയ്‌ക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത്ര ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായിട്ടും സംഭവത്തില്‍ ടിക് ടോക്ക് അലക്ഷ്യമായാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉറക്ക ഗുളിക കഴിച്ച് ഉറങ്ങാതിരിക്കാനുള്ള ടിക് ടോക്ക് ചലഞ്ചില്‍ പങ്കെടുത്താണ് കഴിഞ്ഞ നവംബറില്‍ വെനസ്വേലയില്‍ ഒരു 12 വയസുകാരി മരിച്ചിത്. വിവിധ പദാര്‍ഥങ്ങളുടെ മണം പിടിക്കുന്ന ചലഞ്ചില്‍ പങ്കെടുത്തായിരുന്നു 14 കാരന് ജീവൻ നഷ്‌ടമായതെന്ന് വെനസ്വേലയിലെ വിദ്യാഭ്യാസ മന്ത്രി ഹെക്ടർ റോഡ്രിഗസ് വ്യക്തമാക്കിയിരുന്നു. സമാനത തരത്തിലുള്ള ചലഞ്ചില്‍ പങ്കെടുത്ത മറ്റൊരു കുട്ടി നവംബര്‍ 23ന് മരിച്ചിരുന്നുവെന്ന് വെനസ്വേലയുടെ അറ്റോർണി ജനറലും ആരോപിച്ചിരുന്നു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ടിക് ടോക്കിന് പിഴയിട്ട സുപ്രീം കോടതി ടിക് ടോക്കിനോട് വെനസ്വേലയില്‍ ഓഫിസ് തുടങ്ങാനും ഉത്തരവിട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്‍റെ ഉള്ളടക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായാണ് പുതിയ ഓഫിസ് തുറക്കാൻ കോടതി ആവശ്യപ്പെട്ടത്.