സന (യെമന്‍): യെമനിലെ ചെങ്കടൽ പ്രവിശ്യയായ ഹൊദൈദയിലെ മൂന്ന് ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ്-യുകെ സഖ്യത്തിന്‍റെ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്‌ച (ജൂലായ് 4) പ്രവിശ്യയിലെ വടക്ക് പടിഞ്ഞാറൻ ജില്ലയായ അല്ലുഹയയിലും തെക്കൻ ജില്ലയായ ബൈത്ത് അൽ-ഫഖിഹിലും ആക്രമണം നടന്നതായി ഹൂതികളുടെ അൽ മസീറ ടിവിയാണ് റിപ്പോർട്ട് ചെയ്‌തത്.
ഹൂതി ഗ്രൂപ്പിന്‍റെ മൊബൈൽ സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടന്നതായി പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് യുഎസ്-യുകെ സഖ്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഹൂതികളുടെ നിയന്ത്രണത്തിലുള്ള രണ്ട് റഡാർ സൈറ്റുകളും ചെങ്കടലിലെ രണ്ട് ഡ്രോൺ ബോട്ടുകളും തങ്ങളുടെ സൈന്യം തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
വടക്കൻ യെമന്‍റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതി സംഘം, കഴിഞ്ഞ വർഷം നവംബറിൽ ആൻ്റി-ഷിപ്പ് ബാലിസ്റ്റിക് മിസൈലുകളും സായുധ ഡ്രോണുകളും വിക്ഷേപിക്കാൻ തുടങ്ങി. ഇസ്രായേൽ ആക്രമണത്തിനിരയായ ഫലസ്‌തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ഇസ്രായേലി ബന്ധമുള്ള കപ്പലുകളെയാണ് ലക്ഷ്യമിട്ടത്.
ഇതിന് മറുപടിയായി, യുഎസ്-യുകെ നാവിക സഖ്യം, കൂടുതൽ ആക്രമണങ്ങളിൽ നിന്ന് ഗ്രൂപ്പിനെ പിന്തിരിപ്പിക്കുന്നതിനായി ജനുവരി മുതൽ ഹൂതി ലക്ഷ്യങ്ങൾക്കെതിരെ വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടത്തി. എന്നിരുന്നാലും, ഹൂതികൾ യുഎസ്, യുകെ വാണിജ്യ കപ്പലുകൾക്കും നാവിക കപ്പലുകൾക്കും നേരെ ആക്രമണം വിപുലീകരിച്ച് തിരിച്ചടിച്ചു.
ALSO READ:യുകെ പൊതുതെരഞ്ഞെടുപ്പ്: ലേബർ പാർട്ടിയുടെ മുന്നേറ്റത്തിൽ മലയാളി സ്ഥാനാർഥി എറിക് സുകുമാരനും കാലിടറി