വാഷിങ്ടണ്‍ :ഹൂതി ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യക്കാരടക്കം പതിനെട്ട് പേര്‍ക്കും ചില കമ്പനികള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. രണ്ട് ഇന്ത്യാക്കാരാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇറാനിയന്‍ എണ്ണ കടത്തലിലൂടെ ലഭിക്കുന്ന പണം ഇവര്‍ ഇസ്രയേലിനെതിരെ യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു. ചെങ്കടല്‍ മേഖലയിലെ കപ്പലുകള്‍ക്ക് തടസമുണ്ടാക്കാനും ഈ പണം ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം.
ഹൂതികളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനായി അവര്‍ക്ക് പണം വരുന്ന മുഴുവന്‍ ഉറവിടങ്ങളും ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി ബ്രാഡ്‌ലി ടി സ്‌മിത്ത് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഉപരോധ പ്രകാരം നേരിട്ടോ അല്ലാതെയോ ഇവരുടെ പേരിലുള്ള വസ്‌തുവകകളുടെ അന്‍പത് ശതമാനം ഓഹരികളും ബ്ലോക്ക് ചെയ്‌തിട്ടുണ്ടെന്നും അമേരിക്ക വ്യക്‌തമാക്കി.
അനധികൃത എണ്ണ കടത്തുന്ന കപ്പലുകളിലെ ക്യാപ്റ്റന്‍മാരടക്കമുള്ളവര്‍ക്കാണ് ഉപരോധം. ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്സ്, ക്വോഡ്‌സ് ഫോഴ്‌സ് പിന്തുണയുള്ള ഹൂതികളുടെ സാമ്പത്തിക ഉദ്യോഗസ്ഥനായ സയീദ് അല്‍ ജമാലും ഇദ്ദേഹത്തിന്‍റെ ശൃംഖലയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും അമേരിക്ക പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. മാര്‍ഷല്‍ ദ്വീപില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ചാങ്തായ് ഷിപ്പിങ് ആന്‍ഡ് മോഷന്‍നാവിഗേഷന്‍സ് ലിമിറ്റഡ്, യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ ഗള്‍ഫ് ഷിപ് മാനേജ്മെന്‍റ് എന്നിവയടക്കമുള്ള കമ്പനികള്‍ക്കും ഉപരോധം ഉണ്ട്.
യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്തോ-ഗള്‍ഫ് ഷിപ്പ് മാനേജ്മെന്‍റുമായി ബന്ധമുള്ള രണ്ട് ഇന്ത്യാക്കാര്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ധനകാര്യവകുപ്പ് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്തോഷിപ്പ് മാനേജ്മെന്‍റിന്‍റെ മാനേജിങ് ഡയറക്‌ടറായി യുഎഇ, ഇന്ത്യ എന്നിവിടങ്ങള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാഹുല്‍ രത്തന്‍ലാല്‍ വാരിക്കൂ എന്നയാളാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ഒരാള്‍. സേഫ് സീസ് ഷിപ്പ് മാനേജ്മെന്‍റ്, ഔരും ഷിപ്പ് മാനേജ്മെന്‍റ് എന്നിവയുടെ മാനേജ്മെന്‍റ് പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇറാനിയന്‍ പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി ഇറാനിയന്‍ എണ്ണ കടത്തലിനും ആംഡ് ഫോഴ്‌സസ്, ലോജിസ്‌റ്റിക്‌സ്, അല്‍ ജമാല്‍ നെറ്റ്‌വര്‍ക്ക് എന്നിവയ്ക്ക് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.