മഞ്ഞോളം വെളുത്ത താടി, ചുവന്ന് തുടുത്ത കവിളുകള്‍, ചുവന്ന തൊപ്പിയും കോട്ടും, റെയിന്‍ഡിയറുകള്‍ വലിക്കുന്ന തുറന്ന ഹിമവാഹനത്തില്‍ സമ്മാനങ്ങള്‍ നിറച്ച ഭാണ്ഡക്കെട്ട്... ക്രിസ്‌മസിന്‍റെ മുഖമാണ് സാന്താക്ലോസ്. യേശുക്രിസ്‌തുവിന്‍റെ തിരുപ്പിറവി ആഘോഷിക്കാൻ ലോകം ഒരുങ്ങുമ്പോള്‍ തന്നെ പലയിടത്തും 'സാന്താക്ലോസ്' എന്ന കുട്ടികളുടെ പ്രിയപ്പെട്ട 'നിഗൂഢ മനുഷ്യന്‍റെ' രൂപവും ചിത്രങ്ങളും ഉയരാറുണ്ട്. മലയാളികള്‍ 'ക്രിസ്‌മസ് അപ്പൂപ്പൻ' എന്ന് വിളിക്കുന്ന സാന്തയില്ലാതെ ക്രിസ്‌മസ് ആഘോഷം പൂര്‍ണമാകാറില്ല.
സാന്താക്ലോസിന്‍റെ വസ്‌ത്രത്തിന്‍റെ നിറം ഇന്നത്തെ ക്രിസ്‌മസ് ആഘോഷങ്ങളിലും സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കോളജിലായാലും ഓഫിസിലായാലും ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കായി പലരും ആദ്യം ചുവന്ന നിറത്തിലുള്ള വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. സാന്താക്ലോസിനെ കുറിച്ച് പലര്‍ക്കും അറിയുമെങ്കിലും അദ്ദേഹത്തിന്‍റെ ചുവന്ന വസ്‌ത്രത്തിന് പിന്നിലെ കൗതുകവും രസകരവും കഥകള്‍ അധികമാര്‍ക്കും അറിയാൻ വഴിയില്ല.
ചുവന്ന സ്യൂട്ട് ധരിച്ച സാന്തയുടെ ചിത്രം ചരിത്രത്തിലുടനീളം സ്ഥിരമായിരുന്നില്ല. കാലക്രമേണ നിരവധി ഘടകങ്ങളാണ് നാം ഇന്ന് കാണുന്ന ചുവന്ന സാന്താക്ലോസിനെ സമ്മാനിച്ചത്.
സാന്താക്ലോസിന്‍റെ കഥ: നാലാം നൂറ്റാണ്ടില്‍ തുര്‍ക്കിയിലാണ് സാന്താക്ലോസ് എന്ന സന്തുഷ്‌ടവാനായ ആളുടെ കഥയുടെ തുടക്കം. അക്കാലത്ത് അവിടെയുണ്ടായിരുന്ന സെന്‍റ് നിക്കോളാസ് എന്ന പുരോഹിതനാണ് സാന്താക്ലോസായി മാറിയതെന്നാണ് വിശ്വാസം. പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച അദ്ദേഹമാണ് തിരുപ്പിറവി ദിനത്തില്‍ കൈനിറയെ സമ്മാനങ്ങളുമായി വരുന്നതെന്നും കരുതപ്പെടുന്നു. ചുവപ്പും വെള്ളയും നിറത്തിലുള്ള വസ്‌ത്രം ധരിച്ച വിശുദ്ധ നിക്കോളസിനെയാണ് പഴയകാല ചിത്രങ്ങളില്‍ കാണാൻ കഴിയുന്നത്.
അമേരിക്കൻ കോളനികളിലേക്ക് കുടിയേറിയ ഡച്ചുകാരും സിന്‍റര്‍ക്ലാസിന്‍റെ (സെയ്‌ന്‍റ് നിക്കോളാസിന്‍റെ ഡച്ച് വാക്ക്) കഥകള്‍ പറഞ്ഞിരുന്നു. 19-ാം നൂറ്റാണ്ടോടേ അമേരിക്കയില്‍ പലയിടത്തും സെയ്ന്‍റ് നിക്കോളസിന്‍റെ കഥകള്‍ പ്രചരിക്കാൻ തുടങ്ങി. സെയ്ന്‍റ് നിക്കോളാസിന്‍റെ ചുവപ്പും വെള്ളയും ചേര്‍ന്ന വസ്‌ത്രമായിരുന്നു സിന്‍റര്‍ക്ലാസിനും. ഈ കാലഘട്ടത്തിലാണ് സിന്‍റര്‍ക്ലാസ് എന്ന പേര് സാന്താക്ലോസ് എന്നായി പരിണമിച്ചത് എന്നാണ് വിശ്വാസം.
അമേരിക്കക്കാര്‍ക്കിടയില്‍ സാന്താക്ലോസിനെ കുറിച്ചുള്ള ധാരണ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ക്ലെമൻ്റ് ക്ലാർക്ക് മൂർ രചിച്ച 'ട്വാസ് ദ നൈറ്റ് ബിഫോർ ക്രിസ്‌മസ്' എന്ന കവിതയാണ്.
സാന്താക്ലോസ് പരസ്യങ്ങള്‍: 1820കളിലാണ് ക്രിസ്‌മസ് സമ്മാനങ്ങളുടെ പരസ്യങ്ങള്‍ അമേരിക്കയില്‍ കൂടുതലായി പ്രചരിക്കാൻ തുടങ്ങിയത്. 1840-കളായപ്പോഴേക്കും സാന്താക്ലോസ് ഒരു ജനപ്രിയ വാണിജ്യ വ്യക്തിയായി മാറിയിരുന്നു. ക്രിസ്‌മസ് സമ്മാനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും മറ്റുമായി വ്യാപാരികള്‍ ഇത് പ്രയോജനപ്പെടുത്തി.
പല പ്രമുഖ കമ്പനികളും പരസ്യങ്ങള്‍ക്കായി ചുവന്ന സ്യൂട്ടിലുള്ള രൂപമാണ് ഉപയോഗിച്ചത്. അമേരിക്കയിലെ പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റ് തോമസ് നാസ്റ്റായിരുന്നു ആധുനിക സാന്തക്ലോസിന് രൂപം നല്‍കിയത്. ഹാര്‍പേഴ്‌സ് വീക്കിലിക്കായി സാന്തയുടെ നിരവധി ചിത്രങ്ങളായിരുന്നു അദ്ദേഹം സൃഷ്‌ടിച്ചത്.
സാന്തയെ ചുവപ്പാക്കിയത് കൊക്ക കോളയോ?: ശീതളപാനീയ ബ്രാൻഡായ കൊക്ക കോളയുടെ പരസ്യചിത്രത്തില്‍ നിന്നാണ് സാന്താക്ലോസിന് ചുവന്ന വസ്‌ത്രം ലഭിച്ചതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, തങ്ങളുടെ പരസ്യങ്ങളില്‍ സാന്താക്ലോസിനെ കൊക്ക കോള ഉപയോഗിക്കുന്നതിന് മുന്‍പ് തന്നെ സെന്‍റ് നിക്കോളാസിന്‍റെ ചിത്രങ്ങള്‍ ചുവപ്പ്, വെള്ള നിറങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്.
ഹാഡൻ സണ്‍ഡ്ബ്ലോം എന്ന കലാകാരൻ 1931ലാണ് കൊക്ക കോളയുടെ ക്രിസ്‌മസ് പരസ്യങ്ങള്‍ക്കായി വെളുത്ത താടിയും റോസ് കവിളുകളുമുള്ള സാന്താക്ലോസിന്‍റെ പെയിന്‍റിങ്ങുകള്‍ സൃഷ്‌ടിച്ചത്. ഇതോടെ, മുന്‍പുണ്ടായിരുന്ന സെന്‍റ് നിക്കോളാസിന്‍റെ ചുവപ്പ് വസ്‌ത്രം ധരിച്ച ചിത്രങ്ങള്‍ കൂടുതല്‍ ജനപ്രിയമായി മാറുകയാണുണ്ടായത്.
ചുവപ്പ് നിറത്തില്‍ അല്ലാതെ, മറ്റെന്തെങ്കിലും രൂപത്തില്‍ സാന്താക്ലോസിനെ സങ്കല്‍പ്പിക്കുക എന്നത് ഏതൊരാള്‍ക്കും പ്രയാസകരമായ കാര്യമാണ്. സാന്തയുടെ വസ്‌ത്രത്തിന്‍റെ നിറം സ്ഥിരമായി ചുവപ്പിലേക്ക് മാറുന്നതിന് മുന്‍പ് ടാൻ അല്ലെങ്കിൽ പച്ച വസ്ത്രം ധരിച്ച സാന്താക്ലോസിനെയും ചിത്രീകരിച്ചിരുന്നു.
ഇംഗ്ലീഷ് നാടോടി കഥാപാത്രം 'ഫാദര്‍ ക്രിസ്‌മസിനെയും ആദ്യ കാലങ്ങളില്‍ പച്ച വസ്‌ത്രങ്ങളിലായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്. കാലക്രമേണ ഇതും ചുവപ്പ് നിറത്തിലേക്ക് മാറുകയായിരുന്നു. സെയ്‌ന്‍റ് നിക്കോളാസിന്‍റെ ചിത്രങ്ങളാണ് ഫാദര്‍ ക്രിസ്‌മസിന്‍റെ ചിത്രങ്ങളിലും മാറ്റമുണ്ടാകാനുള്ള സ്വാധീനം ചെലുത്തിയത്.
Also Read : ക്രിസ്‌മസ് ഇങ്ങെത്തി!; തിരുപ്പിറവി ആഘോഷമാക്കാനൊരുങ്ങി ലോകം- ചിത്രങ്ങള്‍ കാണാം