വാഷിങ്ടണ്‍:ഡൊണാള്‍ഡ് ട്രംപ് നല്‍കി വന്നിരുന്ന വിദേശ സഹായങ്ങളെല്ലാം പെട്ടെന്നൊരു ദിവസം നിര്‍ത്തി വച്ചത് ദക്ഷിണ പസഫികിലെ പല നിര്‍ണായക പദ്ധതികളെയും സാരമായി ബാധിക്കുമെന്ന് സന്നദ്ധ പ്രവര്‍ത്തകരും നിരീക്ഷകരും വിലയിരുത്തുന്നു. പലരുടെയും ജീവന് പോലും ഇത് ഭീഷണിയാകും. ദുരന്ത മുഖമായ, ഒറ്റപ്പെട്ട, സമുദ്ര ജലനിരപ്പ് ഉയരുന്ന ഉഷ്‌ണമേഖല പസഫിക് ദ്വീപ രാഷ്‌ട്രങ്ങളാണ് അമേരിക്കയുടെ സഹായം കൂടുതലും കൈപ്പറ്റിയിരുന്നത്. ഇവര്‍ക്ക് അമേരിക്കയുെട തീരുമാനം കനത്ത തിരിച്ചടിയാണ് സൃഷ്‌ടിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്ക, ഓസ്‌ട്രേലിയ മറ്റ് സഖ്യകക്ഷികള്‍ തുടങ്ങിയവയുമായി ചൈന ഈ മേഖലയിലെ നയതന്ത്ര, സാമ്പത്തിക, സൈനിക മേല്‍ക്കോയ്‌മയ്ക്കുള്ള കടുത്ത പോരാട്ടത്തിലാണ്. ഉഷ്‌ണമേഖല രാജ്യങ്ങളിലെ ജീവന്‍ രക്ഷാ ഔഷധങ്ങള്‍ വാങ്ങുന്നതിനും അനധികൃത മീന്‍പിടിത്തം തടയുന്നതിനും മികച്ച കടല്‍തീര സംരക്ഷണങ്ങള്‍ക്കും, ഭൂകമ്പങ്ങളോടും കൊടുങ്കാറ്റുകളോടും പോരാടാനും എല്ലാം ഉള്ള സഹായമാണ് ഒറ്റയടിക്ക് നിലച്ചിരിക്കുന്നത്.
4200 കോടി ഡോളറിന്‍റെ അമേരിക്കന്‍ സഹായമാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ പദ്ധതികള്‍ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നവരാണ്. ഇനി ആളുകള്‍ക്ക് തങ്ങളിലുള്ള വിശ്വാസം ഇല്ലാതാകുമെന്നും സോളമന്‍ ദ്വീപിലെ കടല്‍ജൈവ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഹെയ്‌ര്‍ വവോസോ പറഞ്ഞു.
500,000 ഡോളര്‍ സഹായം നിര്‍ത്തലാക്കിയതോടെ പോസിറ്റീവ് ചെയ്‌ഞ്ച് ഫോര്‍ മറൈന്‍ ലൈഫ് എന്ന സംഘടനയുടെ ജീവനക്കാരെയെല്ലാം പിരിച്ച് വിട്ടു. ഇപ്പോള്‍ തന്നെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെയെല്ലാം ഇത് ബാധിച്ച് കഴിഞ്ഞു. ഇപ്പോള്‍ തന്നെ തങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും പ്രോഗ്രാമിന്‍റെ കമ്യൂണിറ്റി കോ ഓര്‍ഡിനേറ്റര്‍ ലൂസി ജെപ്‌സണ്‍ പറഞ്ഞു. തങ്ങള്‍ അവിടുന്നും ഇവിടുന്നുമെല്ലാം പൈസ ഒപ്പിച്ചാണ് മുന്നോട്ട് പോകുന്നത്.
ജനങ്ങള്‍ മരിക്കും
2008 മുതല്‍ 2022 വരെ അമേരിക്ക പസഫിക് ദ്വീപുകള്‍ക്ക് 210 കോടി ഡോളറാണ് പസഫിക് ദ്വീപ രാഷ്‌ട്രങ്ങള്‍ക്ക് നല്‍കിയതെന്ന ഓസ്‌ട്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്കുകള്‍ പറയുന്നു. എച്ച്ഐവി, മയക്കു മരുന്ന് പ്രതിരോധം, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ നേരിടാനും അമേരിക്ക സഹായങ്ങള്‍ നല്‍കിയതായി ഓസ്‌ട്രേലിയന്‍ നാഷണല്‍ സര്‍വകലാശാലയിലെ പസഫിക് നിരീക്ഷകനായ ഗ്രെയ്‌മി സ്‌മിത് പറയുന്നു.
പദ്ധതികള്‍ നിര്‍ത്തി വയ്ക്കുന്നതോടെ ജനങ്ങള്‍ക്ക് മരണത്തിന് കീഴടങ്ങുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും അദ്ദേഹം എഎഫ്പിയോട് പറഞ്ഞു. അമേരിക്ക മേഖലയിലേക്കുള്ള സഹായം നിര്‍ത്തുന്നതോടെ ചൈന സഹായവുമായി അവതരിക്കും. വന്‍കിട അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി മുതല്‍മുടക്കാന്‍ ചൈന തയാറാണ്. മറ്റ് അമേരിക്കന്‍ പദ്ധതികളില്‍ പക്ഷേ ഇവര്‍ മുതല്‍മുടക്കാന്‍ സാധ്യത കുറവാണെന്നും സ്‌മിത് ചൂണ്ടിക്കാട്ടുന്നു.