കേരളം

kerala

ETV Bharat / international

ഇന്ന് ഐക്യരാഷ്‌ട്രസഭാ ദിനം, അറിയാം സഭയുടെ രൂപീകരണവും ഇന്ത്യയുടെ പങ്കും അടക്കമുള്ള വസ്‌തുതകള്‍ - UNITED NATIONS DAY

രാജ്യാന്തര സമാധാനവും സുരക്ഷയും നിലനിര്‍ത്താനായി ഐക്യരാഷ്‌ട്രസഭ ഇപ്പോഴും അക്ഷീണം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു

Peace and security of world  october 24  india and un  un day celebrations
united nations day (ETV Bharat)

By ETV Bharat Kerala Team

Published : Oct 24, 2024, 6:43 AM IST

ണ്ടാം ലോകമഹായുദ്ധത്തിന്‍റെ കെടുതികളാണ് സമാധാന സംരക്ഷണത്തിനായി ഒരു സംഘടന വേണമെന്ന ആവശ്യം ശക്തമാക്കിയത്. അതിന്‍റെ ഫലമായിരുന്നു ഐക്യരാഷ്‌ട്ര സംഘടനയുടെ പിറവി. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്‍റെ തൊട്ടുപിന്നാലെ 1945 ഒക്‌ടോബര്‍ 24ന് ഐക്യരാഷ്‌ട്രസഭ ചാര്‍ട്ടര്‍ നിലവില്‍ വന്നു. അത് കൊണ്ട് തന്നെ ഐക്യരാഷ്‌ട്രസഭാ സ്ഥാപക ദിനമായി ഒക്‌ടോബര്‍ 24 ആചരിക്കുന്നു.

രാജ്യാന്തര സമാധാനവും സുരക്ഷയും നിലനിര്‍ത്താനായി ഐക്യരാഷ്‌ട്രസഭ ഇപ്പോഴും അക്ഷീണം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. ആവശ്യമുള്ളവര്‍ക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാനും സഭ പ്രത്യേകം ഊന്നല്‍ നല്‍കുന്നു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നു, രാജ്യാന്തര നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതും ഐക്യരാഷ്‌ട്രസഭയുടെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. തുടക്കത്തില്‍ കേവലം 51 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന സഭയില്‍ ഇപ്പോള്‍ 193 രാജ്യങ്ങള്‍ അംഗങ്ങളാണ്.

  • ചരിത്രം:

1945 ജൂണ്‍ 26ന് 50 രാജ്യങ്ങള്‍ യുഎന്‍ ചാര്‍ട്ടറില്‍ ഒപ്പു വച്ചു. സമാധാനവും നീതിയും നിറഞ്ഞ ഒരു ലോകം സൃഷ്‌ടിക്കുക എന്ന് ലക്ഷ്യമിട്ടായിരുന്നു ഇത്. ചാര്‍ട്ടറില്‍ ഒപ്പ് വച്ചത് കൊണ്ട് മാത്രം ഐക്യരാഷ്‌ട്രസഭ നിലവില്‍ വന്നില്ല. പലരാജ്യങ്ങളിലെയും പാര്‍ലമെന്‍റുകള്‍ യുഎന്‍ ചാര്‍ട്ടറിന് അംഗീകാരം നല്‍കി.

ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, സോവിയറ്റ് യൂണിയന്‍, അമേരിക്ക തുടങ്ങിയ വന്‍ശക്തികള്‍ യുഎന്‍ ചാര്‍ട്ടറിന് അംഗീകാരം നല്‍കിയതോടെ ചാര്‍ട്ടര്‍ നിലവില്‍ വന്നതായി 1945 ഒക്‌ടോബര്‍ 24ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. 1948 മുതല്‍ ഒക്‌ടോബര്‍ 24 ഐക്യരാഷ്‌ട്രസഭ ദിനമായി ആചരിച്ച് വരുന്നു. 1971ല്‍ ഐക്യരാഷ്‌ട്രസഭ പൊതുസഭ ഈ ദിനം അവധിയായി പ്രഖ്യാപിക്കാന്‍ അംഗരാജ്യങ്ങളോട് ശുപാര്‍ശ ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

  • എന്താണ് യുഎന്‍ ചാര്‍ട്ടര്‍:

യുഎന്‍ ചാര്‍ട്ടര്‍ ഒരു സ്ഥാപക കരാറാണ്. സമാധാനവും രാജ്യാന്തര സുരക്ഷയും മനുഷ്യാവകാശങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും മെച്ചപ്പെടുത്താനുള്ള തത്വങ്ങളും സഭയുടെ ഉദ്ദേശ്യങ്ങളുമടങ്ങിയതാണ് യുഎന്‍ ചാര്‍ട്ടര്‍. ഒരു രാജ്യാന്തര കരാറെന്ന നിലയില്‍ സംഘടനയിലെ അംഗരാജ്യങ്ങളെ ഇത് കൂട്ടിയിണക്കുന്നു. രാജ്യാന്തര ബന്ധങ്ങളുടെ തത്വങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു. എല്ലാരാജ്യങ്ങളുടെയും പരമാധികാരത്തെയും ചാര്‍ട്ടര്‍ മാനിക്കുന്നു. രാജ്യാന്തര ബന്ധങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നതിനെ ചാര്‍ട്ടര്‍ വിലക്കുന്നുമുണ്ട്.

  • ഐക്യരാഷ്‌ട്രസഭ സൂക്തങ്ങള്‍:

ഡബ്ല്യു എച്ച് ഔദന്‍റെ സൂക്തങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഐക്യരാഷ്‌ട്രസഭ സൂക്തങ്ങള്‍ തയാറാക്കിയിട്ടുള്ളത്.

സമാധാനത്തിന് വേണ്ടി സംഗീതം എന്നതാണ് പ്രാഥമിക ഉദ്ദേശ്യം. ശരിയായ സമയത്ത് മാറ്റം എന്നതാണ് സമാധാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മാനവിക ജീവിതം ഒരു സംഗീതം പോലെ മുന്നോട്ട് പോകണം. കാലത്തിന് അനുസരിച്ച് താളനിബന്ധമായി അത് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കണം.

  • ചിഹ്നവും പതാകയും:

ലോകഭൂപടത്തെ ചുറ്റിയുള്ള രണ്ട് ഒലിവ് ചില്ലകളാണ് സഭയുടെ ചിഹ്നം. ലോകമെമ്പാടുമുള്ള ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് സഭയുടെ പതാക. സമാധാനത്തെയും ഐക്യത്തെയും കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും പതാകയിലൂടെ പങ്കുവയ്ക്കുന്നു. സംഘര്‍ഷവും പ്രശ്‌നങ്ങളും പ്രതിരോധത്തിലാക്കിയ സ്ഥലങ്ങളിലെ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഭയുടെ പതാകയ്ക്കും ചിഹ്നത്തിനും പ്രായോഗിക സ്വാധീനം വഹിക്കാനാകുന്നുണ്ട്.

ഐക്യരാഷ്‌ട്രസഭയെക്കുറിച്ചുള്ള വസ്‌തുതകള്‍

  • അമേരിക്കന്‍ പ്രസിഡന്‍റ് ഫ്രാങ്ക്ലിന്‍ ഡി റൂസ്‌വെല്‍റ്റാണ് രണ്ടാം ലോക മഹായുദ്ധ കാലത്ത് യുണൈറ്റഡ് നേഷന്‍സ് എന്ന പദം മുന്നോട്ട് വച്ചത്. 1942 ജനുവരി ഒന്നിന് നടന്ന പ്രഖ്യാപനത്തില്‍ ഈ പദം ആദ്യമായി ഉപയോഗിച്ചു.
  • സഭയ്ക്ക് ആറ് ഔദ്യോഗിക ഭാഷകളുണ്ട്. അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്‌പാനിഷ് ഭാഷകളാണ് അവ.
  • ദക്ഷിണ സുഡാനാണ് അവസാനം ചേര്‍ന്ന അംഗരാജ്യം. 2011ലാണ് 193മത്തെ അംഗമായി ദക്ഷിണ സുഡാന്‍ ഐക്യരാഷ്‌ട്രസഭയില്‍ ചേര്‍ന്നത്.
  • നോര്‍വെയില്‍ നിന്നുള്ള ട്രിഗ്വേലി ആയിരുന്നു സഭയുടെ ആദ്യ സെക്രട്ടറി ജനറല്‍. 1946 മുതല്‍ 1952 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു.
  • ലോകമെമ്പാടുമുള്ള 11 ദൗത്യങ്ങളിലായി 60,000 സമാധാന സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നാണ് 2024ലെ ജൂലൈയില്‍ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്.
  • ഐക്യരാഷ്‌ട്ര സമിതിയില്‍ 15 അംഗങ്ങളാണുള്ളത്. ഇതില്‍ അഞ്ച് സ്ഥിരാംഗങ്ങളുണ്ട്. ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവയാണ് സ്ഥിരാംഗങ്ങള്‍. പത്ത് അസ്ഥിരാംഗങ്ങളെ ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ഐക്യരാഷ്‌ട്ര പൊതുസഭ തെരഞ്ഞെടുക്കുന്നു.
  • സഭയില്‍ ഏറ്റവും ദീര്‍ഘമായ പ്രസംഗം നടത്തിയത് മലയാളിയായ വി കെ കൃഷ്‌ണമേനോനാണ്. രക്ഷാസമിതിയില്‍ അന്നത്തെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ആയിരുന്ന അദ്ദേഹം മൂന്ന് യോഗങ്ങളിലായി എട്ട് മണിക്കൂറോളമാണ് സംസാരിച്ചത്.
  • രാജ്യാന്തര നീതിന്യായ കോടതി നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ സ്ഥിതി ചെയ്യുന്നു. ഐക്യരാഷ്‌ട്രസഭയുടെ ന്യൂയോര്‍ക്കിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഏക ഏജന്‍സിയും രാജ്യാന്തര കോടതിയാണ്. മറ്റ് അഞ്ചെണ്ണവും ന്യൂയോര്‍ക്കില്‍ തന്നെയാണ് ഉള്ളത്.
  • എട്ട് പതിറ്റാണ്ടിനിടെ ഐക്യരാഷ്‌ട്രസഭയ്ക്കും അതിന്‍റെ ഏജന്‍സികള്‍ക്കും ഫണ്ടുകള്‍ക്കും പദ്ധതികള്‍ക്കും പോഷകസംഘടനകള്‍ക്കും ജീവനക്കാര്‍ക്കുമായി 12 തവണ നൊബേല്‍ സമാധാന പുരസ്‌കാരം ലഭിച്ചു.

സഭയുടെ ചില സുപ്രധാന നേട്ടങ്ങള്‍

  • ഐക്യരാഷ്‌ട്രസഭയുടെ സമാധാന ദൗത്യങ്ങളുടെ ചെലവ് ആഗോള സൈനിക ചെലവിനെക്കാള്‍ 0.5ശതമാനം കുറവാണ്.
  • ലോക ഭക്ഷ്യ പരിപാടിയിലൂടെ 83 രാജ്യങ്ങളിലായി 910 ലക്ഷം പേര്‍ക്ക് ഭക്ഷണം അടക്കമുള്ള സഹായങ്ങള്‍ എത്തിക്കുന്നു.
  • ലോകത്തെ 45ശതമാനം ജനങ്ങള്‍ക്ക് വാക്‌സിനുകളുമെത്തിക്കുന്നു.
  • ആക്രമണങ്ങളിലും യുദ്ധങ്ങളിലും മറ്റും പലായനം ചെയ്യേണ്ടി വന്നവരെ സഹായിക്കുന്നു.

ഐക്യരാഷ്‌ട്ര ദിനം ആചരിക്കേണ്ടത്- വിദ്യാലയങ്ങളില്‍

  • വിദ്യാലയങ്ങളിലെ അസംബ്ലികളില്‍ ഐക്യരാഷ്‌ട്രസഭയുടെ പതാക ഉയര്‍ത്തുക.
  • വിദ്യാലയങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് എങ്ങനെ സഭയെ സഹായിക്കാനാകും എന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക.
  • വിവിധ രാജ്യങ്ങളില്‍ നിന്നോ പ്രദേശങ്ങളില്‍ നിന്നോ ഉള്ള കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളാണെങ്കില്‍ അവരവരുടെ പ്രാദേശിക വസ്‌ത്രത്തില്‍ എത്താന്‍ നിര്‍ദേശിക്കാം. ദേശീയ ഗാനാലാപനം, സ്വന്തം രാജ്യത്തെ കഥകള്‍ പറയല്‍ എന്നിവയും സംഘടിപ്പിക്കാം.
  • ഐക്യരാഷ്‌ട്രസഭയുടെ പങ്കിനെക്കുറിച്ച് ഉപന്യാസ രചന സംഘടിപ്പിക്കാം.
  • ഐക്യരാഷ്‌ട്രസഭയുമായി ബന്ധമുള്ള മുന്‍ ഉദ്യോഗസ്ഥരെയോ മറ്റോ മുഖ്യ പ്രഭാഷകനായി ക്ഷണിക്കാം.
  • ഐക്യരാഷ്‌ട്രസഭയെക്കുറിച്ച് പ്രദര്‍ശനം സംഘടിപ്പിക്കാം.
  • www.unmultimedia.orgലെ ഐക്യരാഷ്‌ട്രസഭ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരിപാടി പ്രദര്‍ശിപ്പിക്കാം.
  • ഐക്യരാഷ്‌ട്രസഭയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ അഭ്യര്‍ഥിച്ച് പ്രാദേശിക പത്രമാധ്യമങ്ങള്‍ക്ക് കത്തെഴുതാം.

നിങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് ഐക്യരാഷ്‌ട്രസഭ ദിനാചരണം

  • സെമിനാറുകള്‍ സംഘടിപ്പിക്കാം. പ്രാദേശിക നേതാക്കളെയും മാധ്യമപ്രതിനിധികളെയും പങ്കെടുപ്പിക്കാം.
  • അധികൃതരോട് സ്റ്റാമ്പുകളോ മറ്റോ ഇറക്കാന്‍ നിര്‍ദേശിക്കാം.
  • ശുചീകരണ പ്രവൃത്തികള്‍ നടത്താം.
  • ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം.
  • മരം നടല്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാം.

യുഎന്നിലെ നിലവിലെ അസ്ഥിരാംഗങ്ങള്‍ അല്‍ജീരിയ, ഇക്വഡോര്‍, ഫെഡറേഷന്‍ ഗയാന, ജപ്പാന്‍, മാള്‍ട്ട, മൊസാംബിക്, റിപ്പബ്ലിക് ഓഫ് കൊറിയ, സിയറ ലിയോണ്‍, സ്ലൊവേനിയ, സ്വിറ്റ്സര്‍ലന്‍ഡ്,

ഐക്യരാഷ്‌ട്രസഭ അംഗീകരിക്കാത്ത ഏഴ് രാജ്യങ്ങള്‍

  1. തായ്‌വാന്‍
  2. കൊസാവോ
  3. വെസ്റ്റേണ്‍ സഹാറ
  4. സൗത്ത് ഒസേറ്റിയയും അബ്ഖാസിയയും
  5. ട്രാന്‍സ്‌നിസ്ട്രിയ
  6. സോമാലി ലാന്‍ഡ്
  7. വത്തിക്കാന്‍ സിറ്റി

നേതാക്കളുടെ പ്രതികരണം

'യുദ്ധത്തില്‍ നാം ഒന്നിച്ച് മരിക്കാതിരിക്കണമെങ്കില്‍ സമാധാനത്തോടെ നാം ഒന്നിച്ച് ജീവിക്കാന്‍ പഠിക്കണം. നാം ഒരു പുതു ലോകം സൃഷ്‌ടിക്കണം. ഒരു മികച്ച ലോകം. മനുഷ്യരുടെ ശാശ്വത അന്തസ് ആദരിക്കപ്പെടുന്ന ലോകം.' ഐക്യരാഷ്‌ട്രസഭയുടെ ആദ്യ സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഹാരി എസ് ട്രൂമാന്‍റെ സാന്‍ഫ്രാന്‍സിസ്‌കോ പ്രസംഗത്തിലെ വാചകങ്ങളാണിവ.

1946 ഫെബ്രുവരി രണ്ടിന് ലണ്ടനില്‍ ഐക്യരാഷ്‌ട്ര പൊതുസഭയുടെ ആദ്യ സമ്മേളനത്തെ സെക്രട്ടറി ജനറല്‍ ട്രിഗുവേലി അഭിസംബോധന ചെയ്‌തു. ഇത് സാംസ്‌കാരിക ലോകത്തിന്‍റെ ഭാവിയാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

ഇന്ത്യയും ഐക്യരാഷ്‌ട്രസഭയും

ഇന്ത്യ ഐക്യരാഷ്‌ട്രസഭയുടെ തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രമാണ്. 1942 ജനുവരി ഒന്നിന് വാഷിങ്ടണില്‍ വച്ച് ഐക്യരാഷ്‌ട്രസഭ പ്രഖ്യാപനത്തില്‍ ഇന്ത്യ ഒപ്പു വച്ചു. 1945 ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 26 വരെ സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ഐക്യരാഷ്‌ട്രസഭയുടെ ചരിത്ര സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുത്തു.

സ്ഥാപകാംഗമെന്ന നിലയില്‍ സഭയുടെ തത്വങ്ങളെയും ഉദ്ദേശ്യത്തെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നു. ചാര്‍ട്ടറിലെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നേടുന്നതിനും കാലാകാലങ്ങളില്‍ ഉരുത്തിരിഞ്ഞ പ്രത്യേക പരിപാടികള്‍ക്കും ഏജന്‍സികള്‍ക്കും മികച്ച സംഭാവനകളും ഇന്ത്യ നല്‍കിയിട്ടുണ്ട്. സമകാലിക ലോകത്തെ ആഗോള വെല്ലുവിളികള്‍ നേരിടുന്നതിന് ഐക്യരാഷ്‌ട്രസഭയും അവരുടെ രാജ്യാന്തര ബന്ധങ്ങളും തന്നെയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് ഇന്ത്യ ശക്തമായി വിശ്വസിക്കുന്നു.

ഇന്ത്യ ഐക്യരാഷ്‌ട്രസഭയില്‍

ആര്‍കോട്ട് രാമസ്വാമി മുതലിയാര്‍

ഐക്യരാഷ്‌ട്രസഭയുടെ രൂപീകരണത്തിലേക്ക് നയിച്ച സാന്‍ഫ്രാന്‍സിസ്കോ സമ്മേളനത്തിന് ഇന്ത്യന്‍ സംഘത്തെ നയിച്ചത് ആര്‍കോട്ട് രാമസ്വാമി മുതലിയാര്‍ ആയിരുന്നു. 1946ല്‍ ഐക്യരാഷ്‌ട്രസഭ സാമ്പത്തിക സാമൂഹ്യ സമിതിയുടെ ആദ്യ അധ്യക്ഷന്‍ എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഹന്‍സ മെഹ്‌ത

1946ല്‍ സ്‌ത്രീകളുടെ പദവി സംബന്ധിച്ച ന്യൂക്ലിയാര്‍ ഉപസമിതിയില്‍ ഇന്ത്യ പ്രതിനിധീകരിച്ചത് ഇവരായിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷനിലെ ഇന്ത്യന്‍ പ്രതിനിധി എന്ന നിലയില്‍ 1947-48 കാലത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ എല്ലാ പുരുഷന്‍മാരെയും തുല്യരായി സൃഷ്‌ടിച്ചിരിക്കുന്നു എന്ന പ്രയോഗത്തെ എല്ലാ മനുഷ്യരെയും എന്ന് തിരുത്തിച്ചത് ഹന്‍സയാണ്.

ലക്ഷ്‌മി മേനോന്‍

1948ല്‍ മൂന്നാം സമിതിയിലെ ഇന്ത്യയുടെ പ്രതിനിധി ആയിരുന്നു ലക്ഷ്‌മി മേനോന്‍. ലിംഗവ്യത്യാസങ്ങള്‍ക്കെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ സ്‌ത്രീകളുടെയും പുരുഷന്‍മാര്‍ക്കും തുല്യത വേണമെന്ന് അവര്‍ വാദിച്ചു.

വിജയലക്ഷ്‌മി പണ്ഡിറ്റ്

1953ല്‍ ഐക്യരാഷ്‌ട്ര പൊതുസഭയുടെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ് വിജയലക്ഷ്‌മി പണ്ഡിറ്റ്.

ചിന്‍മയ രജനിനാഥ് ഘരെഖാന്‍

1990ല്‍ എക്കോസോക്കിന്‍റെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 1993ല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളുടെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചു. 1999 വരെ അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു.

Also Read:യുഎൻ സമാധാന സേനയെയും ഇസ്രയേല്‍ ആക്രമിക്കുമ്പോള്‍; ഫ്രഞ്ച് മുതല്‍ സ്‌പാനിഷ് വരെ, ഞെട്ടിക്കുന്ന ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍

ABOUT THE AUTHOR

...view details