മോസ്‌കോ :മോസ്‌കോയെ ലക്ഷ്യം വച്ചുള്ള ആക്രമണം യുക്രെയ്‌ന്‍ ശക്തമാക്കിയതായി റഷ്യയുടെ അവകാശവാദം. ഒറ്റ രാത്രി കൊണ്ട് 45 യുക്രേനിയന്‍ ഡ്രോണുകള്‍ നശിപ്പിച്ചതായും റഷ്യ. 2022ല്‍ റഷ്യ-യുക്രെയ്‌ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രെയ്‌ന്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് മോസ്‌കോയില്‍ ഉണ്ടായതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം. മോസ്‌കോയിലേക്ക് യുക്രെയ്‌ന്‍ തൊടുത്ത ഡ്രോണുകള്‍ മുഴുവന്‍ തങ്ങള്‍ നശിപ്പിച്ചെന്നും റഷ്യ വ്യക്തമാക്കി.
മോസ്‌കോ മേഖലയില്‍ 11, ബ്രയാന്‍സ്‌ക് മേഖലയില്‍ 23, ബെല്‍ഗൊറോഡില്‍ ആറ്, കലുഗയില്‍ മൂന്ന്, കുര്‍സ്‌കില്‍ രണ്ട് എന്നിങ്ങനെയാണ് റഷ്യ നശിപ്പിച്ച ഡ്രോണുകളുടെ കണക്ക്. 'ഡ്രോണ്‍ ഉപയോഗിച്ച് മോസ്‌കോ ആക്രമിക്കാനുള്ള ഏറ്റവും വലിയ ശ്രമമായിരുന്നു നടന്നത്' -മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ സാമൂഹ്യ മാധ്യമത്തില്‍ പറഞ്ഞു. തലസ്ഥാന നഗരത്തിന് ചുറ്റും ശക്തമായ പ്രതിരോധം സൃഷ്‌ടിച്ചതിനാലാണ് ഡ്രോണുകള്‍ നശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രേനിയന്‍ ഡ്രോണുകളെ റഷ്യന്‍ പ്രതിരോധ സംവിധാനം തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ചാലനുകള്‍ പുറത്തുവിട്ടിരുന്നു. ഇതിനിടെ പ്രതികരണവുമായി ബ്രയാന്‍സ്‌ക് ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബൊഗോമാസും രംഗത്തെത്തി. 'എന്‍റെ മേഖലയിലും ഒരു കൂട്ടആക്രമണം ഉണ്ടായി. ഇവിടെ 23 ഡ്രോണുകള്‍ നശിപ്പിക്കപ്പെട്ടു' -അലക്‌സാണ്ടര്‍ ബൊഗോമാസ് പറഞ്ഞു. റഷ്യയുടെ പടിഞ്ഞാറന്‍ കുര്‍സ്‌ക് മേഖലയില്‍ യുക്രേനിയന്‍ സേന ആക്രമണം തുടരുന്നതിനിടെയാണ് ഡ്രോണ്‍ ആക്രമണം.