ബെയ്‌റൂട്ട്: സിറിയക്ക് മേല്‍ ആക്രമണം അഴിച്ച് വിട്ട് ഇസ്രയേല്‍. ലെബനന്‍ സിറിയ അതിര്‍ത്തിയിലാണ് ഇസ്രയേലിന്‍റെ ആക്രമണമുണ്ടായത്. ഏഴുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ഹിസ്‌ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണം. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് തീകൊണ്ടാണ് കളിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിസ്‌ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശം.
അസദ് ഹിസ്ബുള്ളയുടെ സഖ്യകക്ഷിയാണ്. ഇവര്‍ക്ക് വേണ്ട ആയുധങ്ങള്‍ ഇറാനില്‍ നിന്ന് ലെബനനിലേക്ക് എത്തിക്കുന്നത് സിറിയയാണെന്നാണ് ആരോപണം. ആഭ്യന്തര യുദ്ധകാലത്ത് ഹിസ്‌ബുള്ള സിറിയയില്‍ തങ്ങളുടെ അംഗങ്ങളെ വിന്യസിച്ചിരുന്നു. അസദ് ഭരണകൂട സ്ഥാപനത്തില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് സിറിയന്‍ സൈനികരടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഒരു കുട്ടിയും സിറിയന്‍ റെഡ് ക്രെസന്‍റ് വോളന്‍റിയറും കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ആറ് പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.
സിറിയയിലേക്ക് അടുത്തിടെയായി ഇസ്രയേല്‍ നിരവധി ആക്രമണങ്ങളാണ് നടത്തുന്നത്. ഹിസ്‌ബുള്ളയുമായുള്ള യുദ്ധത്തിനിടെ തെരച്ചില്‍ ശക്തമാക്കുകയും ചെയ്‌തിരുന്നു. ഇറാന്‍, ഹിസ്‌ബുള്ള, സിറിയന്‍ സൈന്യം എന്നിവര്‍ ലെബനനിലേക്ക് ആയുധങ്ങള്‍ കടത്തുന്നത് തടയാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നെന്നും നെതന്യാഹു പറയുന്നു.
ഹിസ്‌ബുള്ളയും ഇറാനും സിറിയന്‍ മേഖല വഴി രഹസ്യയിടങ്ങളിലൂടെ ലെബനനിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നുവെന്നും ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം ആരോപിച്ചു. ട്രക്കുകളിലും വിമാനങ്ങളിലും വര്‍ഷങ്ങളായി ആയുധങ്ങള്‍ കടത്തുന്നുണ്ട്. സെപ്റ്റംബര്‍ 26ന് ശേഷം ഇസ്രയേല്‍ 89 റെയ്‌ഡുകള്‍ നടത്തിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി റാമി അബ്‌ദെല്‍ റഹ്‌മാന്‍ വ്യക്തമാക്കി.
ആയുധങ്ങളുമായി പോകുന്ന ഹിസ്‌ബുള്ളയുടെയോ മറ്റ് ഇറാന്‍ അനുകൂല സംഘങ്ങളുടെയോ വാഹനങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിട്ടിരുന്നുവെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ തകര്‍ന്ന പാതകള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ലെബനീസ് സിറിയന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ലെബനീസ് -സിറിയന്‍ അതിര്‍ത്തിയിലെ മസ്‌ന പാതയുടന്‍ അറ്റകുറ്റപ്പണി നടത്തി തുറന്ന് കൊടുക്കുമെന്ന് ലെബനന്‍ പൊതുമരാമത്ത്-ഗതാഗത മന്ത്രി അലി ഹാമി എക്‌സില്‍ കുറിച്ചിരുന്നു. പാതയുടെ പണി പുരോഗമിക്കുന്നതായി സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനയും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
Also Read: ലെബനനിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേൽ; ഹിസ്ബുള്ളയ്ക്ക് താക്കീതുമായി നെതന്യാഹു