കേരളം

kerala

ETV Bharat / international

വ്യാപാര യുദ്ധത്തിന് തുടക്കമിട്ട് ട്രംപ്; സ്‌റ്റീലിനും അലൂമിനിയത്തിനും തീരുവ ഏര്‍പ്പെടുത്തുന്ന ഉത്തരവില്‍ ഒപ്പുവച്ചു - TRUMP TARIFFS LIVE UPDATES

കാനഡ, മെക്‌സിക്കോ, ചൈന ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാകും. മറ്റ് രാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരെ തിരിയാൻ സാധ്യത

STEEL ALUMINIUM TARIFFS UPDATES  25 PERC STEEL AND ALUMINUM TARIFF  WORLD TRADE WAR  STEEL AND ALUMINUM EXECUTIVE ORDER
US President Donald Trump (PTI)

By ANI

Published : Feb 11, 2025, 6:42 AM IST

വാഷിങ്‌ടണ്‍: ആഗോളതലത്തില്‍ പുതിയ വ്യാപാര യുദ്ധത്തിലേക്ക് വഴിയൊരുക്കി സ്‌റ്റീലിനും അലൂമിനിയത്തിനും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള ഉത്തരവില്‍ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. 25 ശതമാനും ഇറക്കുമതി തീരുവയാണ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയത്. കാനഡ, മെക്‌സിക്കോ, ചൈന ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാകും. ഈ രാജ്യങ്ങള്‍ക്കുള്ള ഇളവുകളും ഡ്യൂട്ടി ഫ്രീ ക്വാട്ടകളും റദ്ദാക്കിക്കൊണ്ടാണ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്.

സ്‌റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഉത്തരവില്‍ ഒപ്പുവച്ചതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. സ്‌റ്റീലിനും അലൂമിനിയത്തിനും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചത്. മറ്റ് രാജ്യങ്ങള്‍ ചുമത്തുന്ന നികുതി നിരക്കുകള്‍ക്ക് തുല്യമായി യുഎസ് നികുതി ഈടാക്കുമെന്നും ഇത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

"മറ്റ് രാജ്യങ്ങള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുകയാണെങ്കില്‍, നമ്മള്‍ അവരില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കും" ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് സ്‌റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് പത്ത് ശതമാനവും നികുതി ചുമത്തിയിരുന്നു. എന്നാല്‍ പിന്നീട് മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

അമേരിക്കന്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ (എഐഎസ്ഐ) കണക്കുകള്‍ പ്രകാരം അമേരിക്കയിലേക്ക് ഏറ്റവുമധികം സ്റ്റീല്‍ കയറ്റിയയക്കുന്ന രാജ്യം കാനഡയാണ്. ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് കാനഡയ്‌ക്ക് പിന്നിലുള്ള രാജ്യങ്ങള്‍. കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തുന്നതിന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് പത്ത് ശതമാനവും നികുതി ചുമത്തുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് ഇത് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.

അതേസമയം, സ്‌റ്റീലിനും അലൂമിനിയത്തിനും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതോടെ മറ്റ് രാജ്യങ്ങളും അമേരിക്കയ്‌ക്കെതിരെ നികുതി ചുമത്താൻ സാധ്യതയുണ്ട്. ഇതൊരു വ്യാപാര യുദ്ധത്തിലേക്ക് വഴിവയ്‌ക്കും. ട്രംപ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയില്‍ സ്‌റ്റീലും അലൂമിനിയവും ആഗോളതലത്തില്‍ കനത്ത ഇടിവ് നേരിട്ടുണ്ട്.

സ്‌റ്റീലിനും അലൂമിനിയത്തിനും പുറമെ ഓട്ടോമൊബൈലുകൾ, ഫാർമസ്യൂട്ടിക്കൽസ്, കമ്പ്യൂട്ടർ ചിപ്പുകൾ എന്നിവയ്ക്ക് അധിക തീരുവ ചുമത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ട്രംപ് സൂചന നൽകിയിട്ടുണ്ട്.

Read Also:മെക്‌സിക്കോയ്ക്കുള്ള ഇറക്കുമതിത്തീരുവ ഒരു മാസത്തേക്ക് മരവിപ്പിച്ച് ഡൊണാൾഡ് ട്രംപ്

ABOUT THE AUTHOR

...view details