ഹൈദരാബാദ്: ആഗോളതലത്തിൽ 3,600-ലധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ച് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ. 5% ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. പ്രകടനം മോശമായ ജീവനക്കാരെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.
വ്യക്തിഗത ഇമെയിൽ വിലാസത്തിലും ജോലി സംബന്ധിയായ ഇമെയിൽ വിലാസവും വഴിയായിരിക്കും പിരിച്ചുവിട്ടുള്ള സന്ദേശം ജീവനക്കാർക്ക് ലഭിക്കുക. പിന്നീട് കമ്പനി സിസ്റ്റങ്ങളിലേക്കുള്ള ആക്‌സസ് ഒരു മണിക്കൂറിനുള്ളിൽ തന്നെ റദ്ദാക്കപ്പെടുന്നതായിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഗോളതലത്തിലാണ് പിരിച്ചുവിടല്‍ നടക്കുന്നത്. എന്നാൽ ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ ജീവനക്കാരെ പ്രാദേശിക തൊഴിൽ നിയന്ത്രണങ്ങൾ കാരണം ഒഴിവാക്കും. മെഷീൻ ലേണിങ് എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതിൻ്റെ ഭാഗമായാണ് പിരിച്ചുവിടാനുള്ള നീക്കത്തിലേക്ക് കമ്പനി എത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മെറ്റ എഐയിലും മെഷീൻ ലേണിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മെറ്റാ ലക്ഷ്യമിടുന്നത്. അതിനാൽ കൂടുതൽ മെഷീൻ ലേണിങ് എഞ്ചിനീയർമാരെ നിയമിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ഫെബ്രുവരി 11നും ഫെബ്രുവരി 18നും ഇടയിൽ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ജീവനക്കാർക്ക് പിരിച്ചുവിട്ടുകൊണ്ടുള്ള മെയിലുകൾ ലഭിക്കും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പിരിച്ചുവിടപ്പെടുന്ന ജീവനക്കാരുടെ പട്ടിക കമ്പനി തയ്യാറാക്കിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും ഇന്ന് പ്രാദേശിക സമയം പുലർച്ചെ 5 മണി മുതൽ പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസുകൾ ജീവനക്കാർക്ക് അയച്ചു തുടങ്ങി. എഐ വികസനത്തിനായാണ് പുതിയ നിയമനങ്ങൾ നടത്തുന്നത്.
മെറ്റ മോണിറ്റൈസേഷൻ വൈസ് പ്രസിഡൻ്റ് പെങ് ഫാൻ്റെ മെമ്മോ പ്രകാരം, ഫെബ്രുവരി 11നും മാർച്ച് 13നും ഇടയിൽ നിയമന പ്രക്രിയ വേഗത്തിൽ നടക്കും. 2025ൽ മെറ്റ എഐയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയെന്നതാണ് ഈ പുതിയ നിയമനത്തിൻ്റെ ലക്ഷ്യം. ചാറ്റ് ജിപിടി മുതൽ ഡീപ്പ് സീക്ക്, മിസ്ട്രൽ വരെ ലോകമെമ്പാടും എഐ സാങ്കേതികവിദ്യ പുരോഗമിക്കുന്നതിൻ്റെ വേഗത കാണുമ്പോൾ മെറ്റ പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നതാണ് ഇതിനർഥം.
മെറ്റയ്ക്ക് മുമ്പ്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വൻകിട ടെക് കമ്പനികളും ഈ വർഷം നിരവധി പേരെ പിരിച്ചുവിട്ടിരുന്നു. ആമസോണിൻ്റെ ഫാഷൻ, ഫിറ്റ്നസ് വിഭാഗത്തിൽ നിന്ന് ഏകദേശം 200 ജീവനക്കാരെയാണ് നേരത്തെ ഒഴിവാക്കിയത്.