ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യയുടെ പുരാണ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അറബിയിലേക്ക് മൊഴിമാറ്റം ചെയ്‌ത അബ്‌ദുള്ള അല്‍ ബരൗണും അബ്‌ദുള്‍ ലത്തീഫ് അല്‍ നസീഫും. അബ്‌ദുള്ളയാണ് പുസ്‌തകങ്ങള്‍ മൊഴിമാറ്റം ചെയ്‌തത്. അബ്‌ദുള്‍ ലത്തീഫാണ് പുസ്‌തകത്തിന്‍റെ എഡിറ്ററും പ്രസാധകനും.
രണ്ട് വര്‍ഷം എടുത്താണ് അബ്‌ദുള്ള ഇതിഹാസങ്ങള്‍ മൊഴിമാറ്റിയത്. എട്ട് മാസം കൊണ്ട് അബ്‌ദുള്‍ എഡിറ്റിങ് നിര്‍വഹിച്ചു. ഇന്ത്യക്കാർക്കൊപ്പം ഇരുവരും പ്രധാനമന്ത്രിയെ കാണാനായി കാത്ത് നിന്നു. ഇരുവര്‍ക്കും പുസ്‌തകങ്ങളില്‍ അദ്ദേഹം ഓട്ടോഗ്രാഫ് നല്‍കി. രാമായണം തനിക്ക് ഒരു പ്രണയകാവ്യമായാണ് അനുഭവപ്പെട്ടതെന്ന് അബ്‌ദുള്‍ പറഞ്ഞു.
അതേസമയം മഹാഭാരതം രാജാക്കന്‍മാരുടെ തലമുറകളുടെ കഥയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഓട്ടോഗ്രാഫ് നല്‍കിയ പുസ്‌തകങ്ങള്‍ താന്‍ തന്‍റെ ഓഫിസില്‍ സൂക്ഷിക്കുമെന്നും അബ്‌ദുള്‍ പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കും തത്വങ്ങളിലേക്കുമുള്ള ഒരു വാതായനമാണ് തനിക്ക് ഈ ഇതിഹാസങ്ങള്‍ തുറന്ന് നല്‍കിയതെന്ന് അബ്‌ദുള്ള പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച
താന്‍ ഏറെ സന്തോഷവാനാണെന്നും ഇത് തനിക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മോദിയെ തങ്ങളുടെ പുസ്‌തകങ്ങള്‍ ഏറെ സന്തോഷവാനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പുസ്‌തകങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാണ്. പ്രധാനമന്ത്രി ഇവയില്‍ ഒപ്പ് വച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം അബ്‌ദുള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്‍കിബാത്തില്‍ പരാമര്‍ശം
അബ്‌ദുള്ളയുടെയും അബ്‌ദുളിന്‍റെയും ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇത്തരം പ്രവൃത്തികള്‍ ഇന്ത്യയിലെയും അറബ് രാജ്യങ്ങളിലെയും ജനതകളെ കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇരുവരുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം നേരത്തെ മന്‍കി ബാത്തില്‍ പരാമര്‍ശിച്ചിരുന്നു.
രാജ്യാന്തര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സാംസ്‌കാരിക നയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നാണ് മോദി കുവൈറ്റിലെത്തിയത്. ഇന്ത്യന്‍ സമൂഹം അദ്ദേഹത്തിന് ഊഷ്‌മള സ്വീകരണം നല്‍കി. കേരളീയ കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവും അടക്കം വിവിധ പരിപാടികളോടെയാണ് പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്.
കുവൈറ്റ് അമിര്‍ ഷെയ്‌ഖ് മെഷാല്‍ അല്‍ അഹമ്മദജ് അല്‍ ജബര്‍ അല്‍ സബഹയുടെ ക്ഷണപ്രകാരമാണ് മോദി കുവൈറ്റിലെത്തിയത്. 43 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശിക്കുന്നത്. കുവൈറ്റില്‍ നടക്കുന്ന 26 ആമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്‍റെ ഉദ്ഘാടന ചടങ്ങിലും മോദി പങ്കെടുക്കും. 1981ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനം കുവൈറ്റ് സന്ദര്‍ശിച്ച പ്രധാനമന്ത്രി.
Also Read:43 വർഷത്തിന് ശേഷം ചരിത്ര സന്ദര്‍ശനത്തിന് മോദി കുവൈറ്റിലേക്ക്; മണിപ്പൂര്‍ സന്ദര്‍ശിക്കാൻ സമയമില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്