ധാക്ക:ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് ന്യൂനപക്ഷ ഹിന്ദുക്കൾ വെള്ളിയാഴ്‌ച (നവംബർ 2) റാലി നടത്തി. മുസ്‌ലിം ഭൂരിപക്ഷമുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹിന്ദു സമുദായ നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളും പീഡനങ്ങളും നിർത്തലാക്കണമെന്നും അവർക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകളിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി.
തെക്കുകിഴക്കൻ നഗരമായ ചാട്ടോഗ്രാമിൽ ഏകദേശം 30,000 ഹിന്ദുക്കളാണ് പ്രകടനം നടത്തിയത്. തങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയും ചെയ്‌തിരുന്നു. പ്രകടനത്തെ തുടർന്ന് പൊലീസും സൈനികരും പ്രദേശത്ത് കാവൽ നിൽക്കുകയാണ്. രാജ്യത്തെ മറ്റിടങ്ങളിലും പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മതേതര സർക്കാർ അട്ടിമറിക്കപ്പെടുകയും വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന രാജ്യം വിടുകയും ചെയ്‌ത ആഗസ്‌റ്റ് ആദ്യം മുതൽ ഹിന്ദുക്കൾക്കെതിരെ ആയിരക്കണക്കിന് ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് ഹിന്ദു സംഘടനകൾ പറയുന്നത്.
രാജ്യത്തെ ഏകദേശം 170 ദശലക്ഷം ജനങ്ങളിൽ 8 ശതമാനം ഹിന്ദുക്കളും, 91 ശതമാനം മുസ്‌ലിങ്ങളുമാണ്. രാജ്യത്തെ സ്വാധീനമുള്ള ന്യൂനപക്ഷ ഗ്രൂപ്പാണ് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്‌റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ. ബംഗ്ലാദേശില്‍ നിലവിലുള്ള ഇടക്കാല സർക്കാർ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പാടുപെടുന്നതിനാൽ, ആഗസ്‌റ്റ് 4 മുതൽ ഹിന്ദുക്കൾക്കെതിരെ 2,000ത്തിലധികം ആക്രമണങ്ങൾ നടന്നതായി ഹിന്ദു സംഘടനകള്‍ വ്യക്തമാക്കി.
മുഹമ്മദ് യൂനസിന്‍റെ കീഴിലുള്ള രാജ്യത്തെ മനുഷ്യാവകാശ സംരക്ഷണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉദ്യോഗസ്ഥര്‍ അടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇടക്കാല സർക്കാർ തങ്ങളെ വേണ്ടത്ര സംരക്ഷിച്ചിട്ടില്ലെന്നും ഹസീനയെ പുറത്താക്കിയതിന് ശേഷം ഇസ്‌ലാമിസ്‌റ്റുകൾ നിയമം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളും പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആശങ്ക പ്രകടിപ്പിച്ച് മോദി, വിഷയം അന്താരാഷ്ട്രതലത്തിലേക്ക്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചതോടെ പ്രശ്‌നം കൂടുതല്‍ വിദേശരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഹസീനയെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും പറഞ്ഞിരുന്നു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്‌ത്യാനികൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ക്രൂരമായ അക്രമങ്ങളെ യുഎസ് പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപും അപലപിച്ചിരുന്നു. 'ബംഗ്ലാദേശിൽ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന ഹിന്ദുക്കൾക്കും ക്രിസ്‌ത്യാനികൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ക്രൂരമായ അക്രമങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു' എന്ന് ഡൊണാൾഡ് ട്രംപ് എക്‌സിൽ കുറിച്ചു.