ന്യൂഡല്‍ഹി: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന കനേഡിയൻ സർക്കാരിന്‍റെ ആരോപണങ്ങള്‍ക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതിഷേധിച്ചു. അമിത് ഷായ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് പറഞ്ഞ കേന്ദ്രവിദേശകാര്യ മന്ത്രാലയം കാനഡയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്‌തു.
ശക്തമായ എതിര്‍പ്പുകള്‍ അറിയിച്ചും അപലപിച്ചും വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ കനേഡിയൻ ഹൈക്കമ്മിഷന്‍റെ പ്രതിനിധിക്ക് നയതന്ത്ര കുറിപ്പ് കൈമാറി. തങ്ങള്‍ ഇന്നലെ കനേഡിയൻ ഹൈക്കമ്മീഷന്‍റെ പ്രതിനിധിയെ വിളിച്ചുവരുത്തിയെന്നും ആഭ്യന്തര മന്ത്രിക്കെതിരെ നടത്തിയ അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമർശങ്ങളിൽ ഇന്ത്യാ ഗവൺമെന്‍റ് ശക്തമായി പ്രതിഷേധിച്ചതെന്നും ജയ്‌സ്വാൾ വ്യക്തമാക്കി.
ഇന്ത്യയെ അപകീർത്തിപ്പെടുത്താനും മറ്റ് രാജ്യങ്ങളെ സ്വാധീനിക്കാനുമുള്ള തന്ത്രത്തിന്‍റെ ഭാഗമായി കനേഡിയൻ ഉന്നത ഉദ്യോഗസ്ഥർ ബോധപൂർവം അടിസ്ഥാനരഹിതമായ വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ചോർത്തുന്നു. നിലവിലെ കനേഡിയൻ ഭരണകൂടത്തിന്‍റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിത്. ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇന്ത്യൻ വിദേകാര്യമന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി.
India condemns Canada's " baseless references" against home minister amit shah
— ANI Digital (@ani_digital) November 2, 2024
read @ANI Story | https://t.co/SztgDfPRnh#AmitShah #MEA #India #Canada #indiacanadarelations pic.twitter.com/bT5JrSTiX3
നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിനും മന്ത്രി അമിത് ഷായ്‌ക്കും പങ്കുണ്ടെന്നാണ് കനേഡിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ ആരോപിച്ചത്. കാനഡയിലെ ഖലിസ്ഥാനി വിഘടനവാദികളെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് പിന്നിൽ അമിത് ഷായാണെന്ന് ആരോപിച്ച് വാഷിങ്ടൺ പോസ്‌റ്റില്‍ നിന്നും ചോർന്ന വാർത്ത കനേഡിയൻ പാർലമെന്‍റിന്‍റെ ദേശീയ സുരക്ഷാ സമിതി, രഹസ്യാന്വേഷണ ഉപദേഷ്‌ടാവ് നതാലി ഡ്രൂയിൻ, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ എന്നിവർ സ്ഥിരീകരിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിഖ് പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള അക്രമത്തിനും ഭീഷണിക്കും പിന്നിൽ ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നാണ് കാനഡ കഴിഞ്ഞ ദിവസം ആരോപിച്ചത്. കാനഡയിലെ സിഖ് വിഘടനവാദികൾക്കെതിരായ പ്രചാരണത്തിന്‍റെ ശില്‍പി ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ അമിത് ഷായാണെന്ന് കനേഡിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ ആരോപിച്ചിരുന്നു.
നിജ്ജാറിനെ കൊലപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ സഹായിച്ചതായി തെളിവുകളുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുണ്ടായത്. 2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചതു മുതൽ ഇതുവരെ നിരവധി തവണ തെളിവുകള്‍ ആവശ്യപ്പെട്ടിട്ടും കനേഡിയൻ സർക്കാർ ഒരു തെളിവും ഇന്ത്യൻ സർക്കാരിന് നല്‍കാൻ തയ്യാറായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.