തൃശൂര്‍ : അതിരപ്പിള്ളി വെറ്റിലപ്പാറയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. വെറ്റിലപ്പാറ അരൂർമുഴിയിലാണ് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.
കാളിയങ്ങര സലീമിന്‍റെ വീട്ടുപറമ്പിൽ നിലയുറപ്പിച്ച കാട്ടാനയെ ഇന്ന് രാവിലെ 7.15 ഓടെയാണ് തുരത്തിയത്.
രാത്രി മുഴുവൻ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാന വ്യാപകമായ കൃഷിനാശമാണ് വരുത്തിയത്. വേനൽ ശക്തമാകുന്നതിന് മുൻപ് തന്നെ വന്യജീവി ശല്യം രൂക്ഷമായതിന്‍റെ ആശങ്കയിലാണ് അതിരപ്പിള്ളിക്കാർ.
നിലമ്പൂരിൽ കാട്ടന ശല്യം; വ്യാപകമായി കൃഷി നശിപ്പിച്ചു
നിലമ്പൂരിൽ കാട്ടനയിറങ്ങി വ്യാപക കൃഷി നാശം. ചാലിയാർ പഞ്ചായത്തിലെ പൂളപ്പെട്ടി സ്വദേശിയും സംസ്ഥാന സർക്കാരിന്‍റെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിത മിത്ര അവാർഡ് ജേതാവുമായ നാലകത്ത് സിദ്ദീഖിന്‍റെ നേന്ത്രവാഴ തോട്ടവും കപ്പ തോട്ടവുമാണ് ഇന്ന് പുലർച്ച രണ്ട് മണിയോടെ കാട്ടാന നശിപ്പിച്ചത്.
ഒരു മാസത്തിനുള്ളിൽ വിൽക്കാൻ കഴിയുന്ന 250 ഓളം നേന്ത്രകുലകളാണ് കാട്ടാന നശിപ്പിച്ചത്. മുന്നൂറിലേറെ കപ്പയും അന്‍പതിലേറെ പൂവൻ വാഴകളും കാട്ടാന നശിപ്പിച്ചു.
രണ്ട് ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായാണ് സൂചന. രാത്രി 11 മണി വരെ സിദ്ദിഖ് കൃഷിയിടത്തിലുണ്ടായിരുന്നു. ആനകൾ കയറാതിരിക്കാൻ പടക്കം പൊട്ടിച്ച ശേഷമാണ് വീട്ടിലേക്ക് പോയത്.
പുലർച്ചെ 5 മണിയോടെ തോട്ടത്തിൽ എത്തിയപ്പോഴാണ് കാട്ടാന കൃഷിയിടം നശിപ്പിച്ചതായി കണ്ടത്. സിദ്ദിഖ് ഏഴര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. കൃഷിയിടത്തിന് ചുറ്റുമുള്ള വൈദ്യുത വേലിയും തകർത്തിട്ടുണ്ട്.