കാസർകോട്: കേരളത്തിന്‍റേ വടക്കേയറ്റത്തെ ജില്ലയായ കാസര്‍കോടിന്‍റെ ജില്ലാ ആസ്ഥാനത്തിന് അധികം അകലെയല്ലാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു രാജകൊട്ടാരമുണ്ടെന്ന് എത്ര പേര്‍ക്കറിയാം. 400 വർഷം പഴക്കമുള്ള മായിപ്പാടി കൊട്ടാരം കാസര്‍കോട് നഗരത്തില്‍ നിന്ന് കേവലം 8 കിലോമീറ്റര്‍ മാത്രം അകലെയാണ്. നാട്ടു രാജാക്കന്‍മാര്‍ വാണ കേരളത്തിൻ്റെ പൗരാണിക ചരിത്രവും രാജകീയ പ്രൗഢിയുടെ ചരിത്രാവശേഷിപ്പും കാണണമെങ്കില്‍ ഇങ്ങോട്ടു പോന്നോളൂ.
ചരിത്ര വിശേഷം
രാജഭരണത്തെക്കുറിച്ച് ഏറെ പരിചയമില്ലാത്ത ജനാധിപത്യ കാലത്ത് മായിപ്പാടി കൊട്ടാരവും രാജവംശവും പുതിയതലമുറക്ക് കൗതുകവും വിസ്‌മയവുമാണ്.
വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയുള്ള ഭൂഭാഗത്തിന്‍റെ അധീശത്വം മായിപ്പാടി രാജാവിനാണ്. ഇവിടെ വാഴിക്കപ്പെടുന്ന രാജാക്കന്മാരെ രാമന്തരസുഗലു എന്നാണ് അറിയപ്പെട്ടു പോരുന്നത്. കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മായിപ്പാടി.
കദംബ രാജവംശത്തിലെ ശ്രീ രാജ മയൂര വർമ്മയാണ് കൊട്ടാരം നിർമ്മിച്ചതെന്ന് കരുതുന്നു. വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയും പടിഞ്ഞാറ് മൊഗ്രാൽ മുതൽ (അറബിക്കടലിന് അടുത്ത്) കിഴക്ക് അടൂർ വരെയും ഈ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ലബ്‌ധിയോടെ ഈ നാട്ടുരാജ്യം ഇന്ത്യയിൽ ലയിച്ചു. ഏറ്റവും അധികം കാലം ഇവിടെ രാജപദവിയിലിരുന്നത് പതിനൊന്നാമത് രാന്തരസുഗലു ആയിരുന്ന വെങ്കിടേശ വര്‍മ്മ രാജയായിരുന്നു. നീണ്ട 58 വര്‍ഷം അദ്ദേഹം രാജപദവി വഹിച്ചു.
ദേശീയ പ്രസ്ഥാനവുമായും സഹകരിച്ച പാരമ്പര്യം മായിപ്പാടി കൊട്ടാരത്തിനുണ്ട്. സ്വാതന്ത്ര്യസമരത്തോട് ആഭിമുഖ്യം പുലര്‍ത്തുക മാത്രമല്ല ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കു ചേരുക കൂടി ചെയ്‌തവരാണ് ഈ രാജാക്കന്മാര്‍. സി. രാജഗോപാലാചാരിയെപ്പോലുള്ള ദേശീയ നേതാക്കളുമായി വെങ്കിടേശ വര്‍മ്മ രാജയ്ക്ക് അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തിന്‍റെ ക്ഷണം സ്വീകരിച്ച് രാജഗോപാലാചാരി മായിപ്പാടി കൊട്ടാരത്തിലെത്തി മിശ്രഭോജനത്തില്‍ പങ്കെടുത്തതൊക്കെ ചരിത്രമാണ്. പില്‍ക്കാലത്ത് എകെജിയെപ്പോലുള്ള ജനകീയ നേതാക്കളും കൊട്ടാരത്തില്‍ സന്ദര്‍ശകരായി എത്തി. നാട്ടിലെ വിദ്യാഭ്യാസ വികാസത്തിലും മറ്റ് സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളിലുമൊക്കെ മായിപ്പാടി കൊട്ടാരം സജീവമായിരുന്നു.
ഈ കൊട്ടാരത്തിൽ ആണ് മായിപ്പാടിയിലെ അവസാനത്തെ രാജാവായിരുന്ന വെങ്കടേശ വർമ്മ രാജ ജീവിച്ചിരുന്നതും രാജ്യം ഭരിച്ചിരുന്നതും. കുമ്പള സീമ എന്നായിരുന്നു ഈ രാജ്യം പണ്ട് അറിയപ്പെട്ടിരുന്നത്. 1994 ജൂൺ 10ന് അദ്ദേഹം അന്തരിച്ചു. ഈ കൊട്ടാരത്തിൽ ഇപ്പോൾ വെങ്കടേശ വർമ്മ രാജയുടെ മക്കളാണ് താമസിക്കുന്നത്. പതിമൂന്നാമത്തെ രാമന്തരസുഗലു ദാനമാര്‍ത്താണ്ഡ വര്‍മ്മയാണ് ഇപ്പോള്‍ രാജ പദവിയിലുള്ളത്.
പ്രത്യേകതകള്‍
ചരിത്രാന്വേഷകരേയും ചരിത്ര വിദ്യാര്‍ത്ഥികളും തേടിയെത്തുന്ന അപൂര്‍വ്വ ചരിത്ര സ്മാരകം കൂടിയാണ് മായിപ്പാടി കൊട്ടാരം. വാസ്തു വിദ്യയിലെ അപൂര്‍വ്വതയും മായിപ്പാടി കൊട്ടാരത്തെ വ്യത്യസ്തമാക്കുന്നു.കൊട്ടാരത്തിൽ ഒരു നീണ്ട വരാന്തയും നിരവധി കമാനങ്ങളുമുണ്ട്.
പ്രധാന കൊട്ടാരത്തിനു പുറമേ മറ്റ് അഞ്ച് കൊട്ടാരങ്ങള്‍കൂടി മായിപ്പാടി രാജവംശത്തിന്‍റെ അധീനതയിലുണ്ട്. കൂടാതെ നിരവധി ചെറിയ ക്ഷേത്രങ്ങളും ക്ഷേത്രക്കുളവും ഉണ്ട്. വാസ്‌തുഭംഗി പ്രകടമാക്കുന്ന മായിപ്പാടി കൊട്ടാരത്തിന്‍റെ നിര്‍മ്മിതി ആര്‍ക്കിടെക്റ്റുകളേയും വാസ്തു വിദഗ്‌ധരേയും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നവരാത്രി ഉത്സവം
എങ്ങനെ എത്തിച്ചേരാം
കാസർകോട് ടൗണിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെ മായിപ്പാടിക്കടുത്തുള്ള ഗ്രാമപ്രദേശത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മധൂർ നിന്ന് 3 കിലോമീറ്റർ അകലെയാണ് മായിപ്പാടി കൊട്ടാരം. ഇരുവശത്തും തിങ്ങി നിറഞ്ഞ തെങ്ങുകൾക്കും കവുങ്ങുകൾക്കും ഇടയിലൂടെ ഇരുന്നൂറു മീറ്ററോളം നടപ്പാത. നടുവിൽ തുളസിത്തറ സ്ഥാപിച്ച് തുറന്ന മുറ്റം. നാലുകെട്ടിന്‍റെ മാതൃകയിലുള്ള രണ്ട് നില കെട്ടിടമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കൊട്ടാരം. മംഗലാപുരത്തു നിന്ന് കുമ്പള- നായ്ക്കാപ്പ്- സീതാംഗോളി വഴി മായിപ്പാട് കൊട്ടാരത്തിലെത്താം.
സഞ്ചാരികൾക്ക് നിയന്ത്രണം
ചരിത്ര പ്രാധാന്യം ഏറെയുള്ളതെങ്കിലും രാജവംശത്തിലെ പുതിയ തലമുറക്കാരുടെ വാസസ്ഥലം കൂടിയായതിനാല്‍ കൊട്ടാരത്തിലേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. മുന്‍കൂട്ടി അനുമതി വാങ്ങിയെങ്കിലേ സഞ്ചാരികൾക്ക് കൊട്ടാരത്തിനകത്ത് പ്രവേശിക്കാൻ സാധിക്കൂ. അനുമതി ഇല്ലാതെ എത്തുന്നവര്‍ക്ക് അകത്ത് കടക്കാതെ പുറത്തെ കാഴ്‌ചകൾ കണ്ട് മടങ്ങേണ്ടി വരും.
അയ്യപ്പക്ഷേത്രം
കൊട്ടാരത്തിലേക്ക് കടക്കുമ്പോൾ വലത് വശത്തായി നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ അയ്യപ്പ ക്ഷേത്രമുണ്ട്. ഭൂരിഭാഗവും തകർന്ന അയ്യപ്പക്ഷേത്രമാണ് ഇത്. ദോഷ പരിഹാരത്തിന്‍റെ ഭാഗമായി ഇവിടെയുള്ള വിഗ്രഹം മാറ്റി പ്രതിഷ്‌ഠ നടത്തിയിട്ടുണ്ട്.
Also Read : പുറത്ത് ചെറിയൊരു ദ്വാരം; അകത്ത് കൂരാകൂരിരുട്ട്, ഗുണാകേവിനെ വെല്ലും കുണ്ടറയിലെ ഗുഹ