മാലെ: ഇന്ത്യൻ പതാകയോട് അനാദരവ് കാട്ടിയെന്ന വിമര്‍ശനത്തിന് പിന്നാലെ ഇന്ത്യയോട് ക്ഷമാപണം നടത്തി മാലിയിലെ മുന്‍ മന്ത്രിയും രാഷ്‌ട്രീയ പ്രവര്‍ത്തകയുമായ മറിയം ഷിയൂന. ഇന്ത്യക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഈ വർഷം ജനുവരിയില്‍ സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് മന്ത്രിമാരിൽ ഒരാളാണ് മറിയം ഷിയൂന.
ഇന്ത്യൻ ത്രിവർണ്ണ പതാകയെ അവഹേളിക്കാന്‍ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നു താന്‍ കാരണം ഉണ്ടായ തെറ്റിദ്ധാരണയിൽ ഖേദിക്കുന്നു എന്നും പ്രസ്‌തുത പോസ്‌റ്റ് ഡിലീറ്റ് ചെയ്‌തതായും ഷിയൂന പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെയും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്‌പര ബഹുമാനത്തെയും മാലിദ്വീപ് വിലമതിക്കുന്നതായും അവർ പറഞ്ഞു.
മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) പ്രചാരണ പോസ്‌റ്ററില്‍ പാർട്ടിയുടെ ലോഗോയ്ക്ക് പകരം ഇന്ത്യൻ പതാകയിലെ അശോക ചക്രം എന്ന് തോന്നിക്കുന്ന ചിത്രമാണ് ഷിയൂന പോസ്‌റ്റ് ചെയ്‌തത്. വിമര്‍ശനം ഉയര്‍ന്നതോടെ പോസ്‌റ്റ് നീക്കുകയും ചെയ്‌തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശം നടത്തിയതിന് ജനുവരിയിലാണ് മറിയം ഷിയുന, മൽഷ ഷെരീഫ്, മഹ്‌സൂം മജീദ് എന്നീ മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്‌തത്. വിഷയം വലിയ നയതന്ത്ര തർക്കത്തിലേക്കാണ് അന്ന് നീങ്ങിയത്.