കൊളംബോ: ശ്രീലങ്കയുടെ 16ാമത് പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ ചുമതലയേറ്റു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് അനുര കുമാര ദിസനായകെയ്ക്ക് മുമ്പാകെയാണ് ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്‌തത്. നാഷണൽ പീപ്പിൾസ് പവറിന്‍റെ (എൻപിപി) എംപിയായ ഹരിണി അധ്യാപക, ആക്‌ടിവിസ്‌റ്റ് എന്നീ മേഖലകളിലും പ്രശസ്‌തയാണ്.
ഹരിണി അമരസൂര്യയുടെ നിയമനം ശ്രീലങ്കൻ രാഷ്‌ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. സിരിമാവോ ബണ്ഡാരനായകെയ്ക്കും ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗയ്ക്കും ശേഷമുള്ള മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ് ഹരിണി. 2000ന് ശേഷം 24 വർഷത്തിനിടെ രാജ്യത്തെ വനിത പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നയാളാണ് ഹരിണി. 2020ൽ എൻപിപി ദേശീയ പട്ടികയിലൂടെയാണ് ഹരിണി അമരസൂര്യ പാർലമെന്‍റിലെത്തിയത്.
ശ്രീലങ്കയിൽ അനുരകുമാര ദിസനായകെ പ്രസിഡന്‍റായി ചുമതലയേറ്റതിനെ തുടർന്ന് ദിനേഷ് ദുണവർദന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് ഹരിണി പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. രാജ്യത്തെ നീതി, വ്യവസായം, ശാസ്‌ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, നിക്ഷേപം എന്നീ വകുപ്പുകളും ഹരിണിയെ ഏൽപ്പിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഡൽഹിയിലെ ഹിന്ദു കോളജിൽ നിന്നും സാമൂഹിക ശാസ്‌ത്രത്തിൽ ബിരുദം നേടിയ ഹരിണി സ്‌കോട്ട്‌ലാന്‍റിലെ എഡിൻബറോ സർവകലാശാലയിൽ നിന്നുമാണ് പിഎച്ച്‌ഡി ബിരുദം പൂർത്തിയാക്കുന്നത്. സ്‌ത്രീകളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഹരിണി.
അതേസമയം പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീലങ്ക അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ സങ്കീർണത തനിക്ക് മനസിലാകുന്നുണ്ടെന്ന് അനുര കുമാര ദിസനായകെ പ്രതികരിച്ചിരുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്‌കരിക്കാനും എല്ലാവരുടെയും വിശ്വാസം നേടാനും താൻ കഠിനമായി പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതനുസരിച്ച്, അനുര കുമാര ദിസനായകെ 42.31 ശതമാനം വോട്ടുകൾക്കാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
2022ല്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ അന്നത്തെ സര്‍ക്കാര്‍ വീഴുകയും പ്രസിഡന്‍റ് ഗോതാബയ രാജപക്സെ നാടുവിടുകയും ചെയ്‌ത ശേഷമുള്ള ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പായിരുന്നു ഇത്.
Also Read:ലങ്ക ഇനി 'നായകന്‍റെ ദിശയില്‍'; ആരാണ് ശ്രീലങ്കയെ ചുവപ്പിച്ച ദിസനായകെ...?