കണ്ണൂര്‍ : ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികള്‍ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആറളം പഞ്ചായത്തില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്നലെ അർധരാത്രിയോടെയാണ് പതിമൂന്നാം ബ്ലോക്കിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ദമ്പതികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും.
ആംബുലൻസിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടുകാർ തടഞ്ഞിരുന്നു. ഒടുവിൽ പൊലീസ് നടത്തിയ ചർച്ചക്ക് ഒടുവിലാണ് പ്രതിഷേധക്കാർ അയഞ്ഞത്. ജനങ്ങള്‍ എത്തും മുൻപ് റോഡരികില്‍ കിടന്ന മൃതദേഹങ്ങള്‍ രണ്ട് ആംബുലന്‍സുകളിലായി മാറ്റിയെങ്കിലും നാട്ടുകാര്‍ പ്രതിരോധം തീർക്കുകയായിരുന്നു.
അതേസമയം വെള്ളി, ഭാര്യ ലീല എന്നിവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ഒരാള്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ് വനം വകുപ്പിൻ്റെ നഷ്‌ടപരിഹാരം. ഇതില്‍ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യ ഗഡുവായി നല്‍കുക.
വനം മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ഉച്ച കഴിഞ്ഞ് സംഭവ സ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്ന് സര്‍വ കക്ഷി യോഗം ചേരും. ആനമ മതില്‍ നിര്‍മാണവും കാട് വെട്ടി തെളിക്കലും വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
13-ാം ബ്ലോക്കില്‍ കശുവണ്ടി ശേഖരിച്ച് മടങ്ങുകയായിരുന്ന വെള്ളി (80) ഭാര്യ ലീല (75) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. സംഭവ ശേഷം രാത്രി വൈകിയും കാട്ടാനക്കൂട്ടം ഈ മേഖലയില്‍ തമ്പടിച്ചിരുന്നു. വന്യജീവി അക്രമത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവരമറിഞ്ഞതോടെ ഫാമിലേക്ക് പ്രതിഷേധവുമായി ജനപ്രവാഹമായിരുന്നു. പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നും കാട്ടാന ഭീതി വകവയ്‌ക്കാതെ പ്രദേശത്തേക്ക് ആളുകള്‍ ഒഴുകി എത്തി. വനം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തണമെന്ന ആവശ്യമാണ് അവര്‍ ഉയര്‍ത്തിയത്.
ഇതുവരെയായി ആറളം ഫാമില്‍ കാട്ടാന അക്രമത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ പത്ത് മരണവും നടന്നത് പുനരധിവാസ മേഖലയിലായിരുന്നു. 2023 സെപ്‌റ്റംബര്‍ 30ന് ആനമതില്‍ നിര്‍മാണം ആരംഭിച്ചെങ്കിലും ഇതുവരേയും പൂര്‍ത്തിയാക്കിയിട്ടില്ല.
നിരവധി പ്രതിഷേധത്തിനൊടുവിലായിരുന്നു ആനമതില്‍ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ഇപ്പോഴും നാല് കിലോമീറ്റര്‍ മാത്രമാണ് നിര്‍മാണം നടന്നത്. 37.9 കോടി രൂപ ചെലവില്‍ പത്തര കിലോമീറ്റര്‍ ആണ് മതില്‍ നിര്‍മാണം നടത്തേണ്ടത്. എന്നാല്‍ തുടര്‍ നടപടി ഒന്നുമുണ്ടാകുന്നില്ല. ഇനി എത്ര പേരുടെ ജീവന്‍ നല്‍കിയാലാണ് മതില്‍ നിര്‍മ്മാണം നടക്കുക എന്നാണ് ജനങ്ങളുടെ ചോദ്യം.