എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാർക്ക് പണം തിരികെ നൽകുമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഇഡി പിടിച്ചെടുത്ത പണം വിതരണം ചെയ്യാനുള്ള നടപടി തുടങ്ങിയതായി ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ ബി.രാധാകൃഷ്‌ണൻ വ്യക്തമാക്കി. പണം ആവശ്യപ്പെട്ട് പിഎംഎൽ കോടതിയെ അഞ്ച് ഇടപാടുകാർ സമീപിച്ച കേസിൽ പണം തിരികെ നൽകുന്നതിൽ പരാതിയില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
സഹകരിക്കാതെ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്
ഇഡി പിടിച്ചെടുത്ത 128 കോടിയോളം വരുന്ന തുക ബാങ്ക് വഴി പരാതിക്കാർക്ക് നൽകാനായി ബാങ്കിനെ ബന്ധപെട്ടിട്ടുണ്ട്. എന്നാൽ ബാങ്കിന്‍റെ ഭാഗത്ത് നിന്നും ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ഡയറക്‌ടർ രാധാകൃഷ്‌ണൻ പറഞ്ഞു. ബാങ്കിന്‍റെ കൈവശമാണ് ഇടപാടുകാരുടെ കുറിച്ചുളള വിശദാംശങ്ങൾ ഉള്ളത്. ഈ കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിടിച്ചെടുത്ത പണം ബാങ്കിന് തിരിച്ച് നൽകിയാൽ പരാതിക്കാർക്ക് ബാങ്കിനെ സമീപിച്ച് പണം സ്വീകരിക്കാൻ കഴിയും. കഴിഞ്ഞ മൂന്ന് മാസമായി കരുവന്നൂർ ബാങ്കിനെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഓരോ ന്യായങ്ങൾ പറഞ്ഞ് നീട്ടി കൊണ്ടുപോവുകയാണെന്നും ഡെപ്യൂട്ടി ഡയറക്‌ടർ ആരോപിച്ചു.
കരുവന്നൂർ ബാങ്ക് കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമർപ്പിക്കും. മുൻ മന്ത്രി എസി മൊയ്‌തീൻ ഉൾപ്പടെ പ്രതിസ്ഥാനത്ത് ഉണ്ടാകുമോയെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ഡെപ്യൂട്ടി ഡയറക്‌ടർ വ്യക്തമാക്കി. അതേസമയം, കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളജിലെ പ്രവേശനത്തിനായി പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ പിടിച്ചെടുത്ത പണം എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പരാതിക്കാർക്ക് തിരിച്ചു നൽകി. സമാനമായ രീതിയിൽ മറ്റ് പത്തോളം കേസുകളിലും പരാതിക്കാർക്ക് കണ്ടുകെട്ടിയ പണം വിതരണം ചെയ്യാനുള്ള നടപടി തുടങ്ങിയതായാണ് ഇഡി അറിയിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതോടൊപ്പം പണം നഷ്‌ടമാകുന്നവർക്ക് വിചാരണ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പണം തിരികെ നൽകുന്നതിനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് ഇഡി കൊച്ചി മേഖല ഡെപ്യൂട്ടി ഡയറക്‌ടർ സിമി എസ് പറഞ്ഞു.
കാരക്കോണം മെഡിക്കൽ കോളജിൽ മെഡിക്കൽ സീറ്റിനായി രക്ഷിതാക്കളിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ വെള്ളറട പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്‌ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്. മെഡിക്കൽ കോളജ് ഡയറക്‌ടർ ഡോ. ബെന്നറ്റ് എബ്രഹാം ഉൾപ്പടെ ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
എഴ് കോടിയുടെ തട്ടിപ്പ് കേസിൽ പ്രതികൾ പരാതിക്കാർക്ക് കുറച്ച് പണം തിരികെ നൽകിയിരുന്നു. പരാതിക്കാരായ എട്ട് പേരിൽ പണം ആവശ്യപ്പെട്ട് പരാതി സമർപ്പിച്ച ആറ് പേർക്കാണ് 80 ലക്ഷം തിരികെ നൽകിയത്. ഇഡി 95 ലക്ഷമാണ് പിടിച്ചെടുത്തത്. അവശേഷിക്കുന്ന പണം പരാതിക്കാർ സമീപിക്കുന്നതിന് അനുസരിച്ച് തിരികെ നൽകും.
കണ്ടല ബാങ്കിലും നടപടി തുടങ്ങി
പണം നഷ്ട്ടമായവർക്ക് പണം തിരികെ ലഭ്യമാക്കാൻ കണ്ടല ബാങ്ക് തന്നെ കോടതിയെ സമീപിച്ചിരുന്നു. കോടതി പറയുന്നതിന് അനുസരിച്ച് പണം നഷ്ട്ടമായവർക്ക് പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കും. പോപ്പുലർ ഫിനാൻസ് കേസ്, ഹൈ റിച്ച് തട്ടിപ്പ് കേസ്, മാസ്റ്റേഴ്‌സ് ഫിൻ സെർവ്, കേച്ചേരി തട്ടിപ്പ് കേസുകളിലും പിടിച്ചെടുത്ത പണം പരാതിക്കാർക്ക് തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഇഡി വ്യക്തമാക്കി.
കൊടകര കള്ളപ്പണ കേസ്
കൊടകര കള്ളപ്പണ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്. മാസപ്പടി കേസ്, പാതി വില തട്ടിപ്പ് കേസുകളിൽ അന്വേഷണo തുടരുന്നതിനാൽ ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. കൊച്ചി ഇഡി ആസ്ഥാനത്ത് ആദ്യമായാണ് ഇഡി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇഡി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദീകരിച്ചത്.
Also Read: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പൾസർ സുനി കസ്‌റ്റഡിയിൽ; നടപടി ഹോട്ടൽ അതിക്രമ കേസിൽ