സോള്‍: ക്രിസ്‌മസ് ദിനത്തില്‍ കസഖ്‌സ്‌താൻ വിമാനം തകര്‍ന്നുവീണ് 38 പേര്‍ മരിച്ച സംഭവത്തിലുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് മറ്റൊരു വൻ വിമാനദുരന്തത്തിന് കൂടി ലോകം സാക്ഷിയായിരിക്കുകയാണ്. 181 പേരുമായി ബാങ്കോക്കില്‍ നിന്നും പുറപ്പെട്ട ജെജു എയര്‍ വിമാനമായ 7C2216 ആണ് ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ 179 പേരും മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക സമയം രാവിലെ 9 മണിയോടെയായിരുന്നു അപകടം. ലാൻഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. തുടര്‍ന്ന്, സുരക്ഷാമതിലില്‍ ചെന്നിടിച്ച വിമാനം കത്തിച്ചാമ്പലാവുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 175 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 173 പേരും ദക്ഷിണ കൊറിയൻ പൗരന്മാരും രണ്ട് പേര്‍ തായ്‌ലൻഡ് സ്വദേശികളാണെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലാൻഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്‌തു. സാങ്കേതിക പ്രശ്‌നം കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. സുരക്ഷിതമായി വിമാനമിറക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു.