ഇസ്‌ലാമാബാദ്: പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടു. സൗത്ത് വസീറിസ്ഥാനിലെ മക്കിനിലെ സുരക്ഷാ സേനയുടെ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് 16 സൈനികർ കൊല്ലപ്പെട്ടതെന്ന് സൈനിക മാധ്യമ വിഭാഗത്തിന്‍റെ ഇന്‍റര്‍ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്‌പിആർ) പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.
2022 ൽ പാകിസ്ഥാൻ സർക്കാരും നിരോധിത തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാനും (ടിടിപി) തമ്മില്‍ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു, അന്ന് മുതല്‍ തുടര്‍ച്ചയായി അക്രമങ്ങളുണ്ടാകുന്ന മേഖലയിലാണ് ഇപ്പോള്‍ ഭീകരാക്രമണം നടത്തിയത്. അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ വസീറിസ്ഥാൻ ജില്ലയിലെ പ്രദേശമാണിത്. കഴിഞ്ഞ മാസങ്ങൾക്കിടെ പാകിസ്ഥാൻ സുരക്ഷാ സേനയ്‌ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാകിസ്ഥാൻ താലിബാൻ രംഗത്തെത്തി. 'ഞങ്ങളുടെ മുതിർന്ന കമാൻഡർമാരുടെ രക്തസാക്ഷിത്വത്തിനുള്ള പ്രതികാരമായാണ് ഈ ആക്രമണം' എന്ന് പാകിസ്ഥാൻ താലിബാൻ വ്യക്തമാക്കി.
ഒരു കൂട്ടം ഭീകരർ മക്കിനി എന്ന പ്രദേശത്തെ ചെക്ക് പോസ്റ്റ് ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇതിനെ പാകിസ്ഥാൻ സുരക്ഷാ സേന പ്രതിരോധിച്ചെന്നും ഐഎസ്‌പിആർ റിപ്പോർട്ട് ചെയ്‌തു. ആക്രമണത്തിനിടെ എട്ട് ഭീകരരെ വധിച്ചെന്നും, ഏറ്റുമുട്ടലിൽ പതിനാറ് സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടുവെന്നും പാകിസ്ഥാൻ സൈനിക മാധ്യമ വിഭാഗം അറിയിച്ചു.
ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും, പ്രദേശത്ത് അന്വേഷണം ഊര്‍ജിതമാക്കിയെന്നും സൈന്യത്തിന്‍റെ പ്രസ്‌താവനയില്‍ ഊന്നിപ്പറഞ്ഞു. 'ഭീകരവാദത്തിന്‍റെ വിപത്ത് ഇല്ലാതാക്കാൻ പാകിസ്ഥാൻ സുരക്ഷാ സേന ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു, അതിനുവേണ്ടിയുള്ള പാകിസ്ഥാന്‍റെ സൈനിക ധീരന്മാരുടെ ത്യാഗങ്ങൾ ഞങ്ങളുടെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു,' എന്ന് പാകിസ്ഥാൻ ആര്‍മി വ്യക്തമാക്കി.
ഈ ഭീകരാക്രമണങ്ങൾ ഖൈബർ പഖ്‌തൂൺഖ്വയിലും ബലൂചിസ്ഥാനിലുടനീളമുള്ള സുരക്ഷാ സേനയെയും നിയമ നിർവ്വഹണ ഏജൻസികളെയും ലക്ഷ്യം വച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. ഈ ആഴ്‌ച ആദ്യം ഖൈബർ ജില്ലയിൽ മറ്റൊരു അക്രമണത്തില്‍ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു, വെടിവയ്‌പ്പിൽ നാല് ഭീകരർ കൊല്ലപ്പെടുകയും ചെയ്‌തു.
Read Also:റഷ്യയ്‌ക്കെതിരെ യുക്രെയ്‌ന്‍റെ മിസൈൽ ആക്രമണം; ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു