വത്തിക്കാന്‍ സിറ്റി: ഗാസയിലെ കുഞ്ഞുങ്ങളെ ബോംബ് വച്ച് കൊല്ലുന്ന ക്രൂരതയ്ക്കെതിരെ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. ഒരു കുടുംബത്തിലെ ഏഴ് കുഞ്ഞുങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന ഗാസയിലെ രക്ഷാ ദൗത്യ ഏജന്‍സി വ്യക്തമാക്കിയതിന് പിന്നാലെയാണ് പോപ്പിന്‍റെ പരാമര്‍ശങ്ങള്‍. അതേസമയം പോപ്പിന്‍റേത് ഇരട്ടത്താപ്പെന്ന ആരോപണവുമായി ഇസ്രയേല്‍ രംഗത്ത് എത്തി.
കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് യുദ്ധമല്ല-ക്രൂരതയാണ് പോപ്പ് കൂട്ടിച്ചേര്‍ത്തു. തന്നെ ഇത് ഏറെ നൊമ്പരപ്പെടുത്തിയത് കൊണ്ടാണ് ഇത് പറയേണ്ടി വരുന്നത് എന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം പോപ്പിന്‍റെ പരാമര്‍ശങ്ങള്‍ നിരാശാജനകമാണെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ശരിയും വസ്‌തുതകളും പരിശോധിക്കാതെയാണ് അദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ഇസ്രയേല്‍ വിശുദ്ധ ഭീകരതയ്ക്കെതിരെയാണ് പോരാടുന്നത്. ഇത് ഒരു ബഹുവിധ യുദ്ധമാണ്. ഒക്‌ടോബര്‍ ഏഴിന് തങ്ങളെ ഇതിന് നിര്‍ബന്ധിതമാക്കിയതാണ്. പോപ്പിന്‍റെ ഇരട്ടത്താപ്പാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവനയെന്നും ഇസ്രയേല്‍ ആരോപിച്ചു.
യുദ്ധം തുടങ്ങിയത് മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്. അടുത്തിടെയായി ഇസ്രയേലിനെതിരെ അദ്ദേഹം സ്വരം കടുപ്പിക്കുന്നുണ്ട്. ഗാസയില്‍ നടക്കുന്ന വംശഹത്യയാണോയെന്നതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കണമെന്നും ഇതിന്‍റെ സാങ്കേതികതകള്‍ പരിശോധിക്കണമെന്നും അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പുസ്‌തകത്തില്‍ പോപ്പ് പറഞ്ഞിരുന്നു. എന്നാൽ വംശഹത്യ എന്ന ആരോപണം ഇസ്രയേല്‍ പൂര്‍ണമായും തള്ളുന്നുണ്ട്.
കുട്ടികള്‍ക്ക് പിന്നില്‍ പതുങ്ങിയിരിക്കുന്ന ഭീകരരാണ് ക്രൂരത കാട്ടുന്നത്. ഇസ്രയേല്‍ കുഞ്ഞുങ്ങളെ കൊല്ലാന്‍ ഇവര്‍ തക്കം പാര്‍ത്തു കഴിയുന്നുവെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. 442 ദിവസമായി 100 പേരെ ബന്ദികളാക്കിയിരിക്കുന്നതാണ് ക്രൂരത. ഇതില്‍ കുട്ടികളുമുണ്ട്. ഭീകരര്‍ ഇവരെ ബന്ദികളാക്കി ചൂഷണം ചെയ്യുന്നുവെന്നും ഇസ്രയേല്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് അനുയായികൾ ഇസ്രയേലിനെ ആക്രമിക്കുകയും നിരവധി പേരെ കൊല്ലുകയും ആളുകളെ ബന്ദികളാക്കുകയും ചെയ്‌തതാണ് ഗാസയിലെ യുദ്ധത്തിലേക്ക് നീണ്ടത്. തുടർന്ന് പതിനാല് മാസമായി ഗാസ മുനമ്പില്‍ ആക്രമണം അരങ്ങേറുകയാണ്. രാജ്യാന്തര തലത്തിൽ മധ്യസ്ഥര്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഒന്നും വിജയം കാണുന്നില്ല.
Also Read: 'ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം'; പലസ്‌തീനെ പിന്തുണച്ച് ഇന്ത്യ