കുവൈറ്റ്സിറ്റി: കുവൈറ്റിലെ ഗള്‍ഫ് സ്‌പൈക് തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ തൊഴിലാളികളുമായി അദ്ദേഹം സംവദിച്ചു. രാജ്യത്തിന്‍റെ വികസനത്തിന് അവര്‍ നല്‍കുന്ന സംഭാവനകളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
2047ലെ വികസിത ഭാരത കാഴ്‌ചപ്പാടില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ സ്വപ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്‌തു. താന്‍ വികസിത ഭാരത സ്വപ്‌നങ്ങളെക്കുറിച്ച് നമ്മുടെ നാട്ടിലെ ഈ തൊഴിലാളികളുമായി ചര്‍ച്ച ചെയ്യുന്നു. കാരണം നമ്മുടെ നാട്ടില്‍ നിന്ന് ഇത്രയും ദൂരെ വന്ന് ജോലി ചെയ്യുന്ന ഇവര്‍ക്കാണ് ഇവരുടെ ഗ്രാമത്തില്‍ അതിമനോഹരമായൊരു രാജ്യാന്തര വിമാനത്താവളം എങ്ങനെ നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച് പറയാനാകുക എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം സ്വപ്‌നങ്ങളാണ് എന്‍റെ രാജ്യത്തിന്‍റെ കരുത്ത്. ഇന്ത്യന്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും കഠിന പ്രയ്‌ത്നങ്ങളെക്കുറിച്ചാണ് താന്‍ ആലോചിക്കുന്നത്. നമ്മുടെ തൊഴിലാളികള്‍ എത്ര കഷ്‌ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇവരുടെ അര്‍പ്പണ ബോധം കാണുമ്പോള്‍ അത് കൂടുതല്‍ കഠിനമായി ജോലി ചെയ്യാന്‍ തന്നെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തൊഴിലാളികള്‍ പത്ത് മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ പതിനൊന്ന് മണിക്കൂര്‍ ജോലി ചെയ്യാന്‍ അത് തന്നെ പ്രേരിപ്പിക്കുന്നു. അവര്‍ പതിനൊന്ന് മണിക്കൂര്‍ ജോലി ചെയ്‌താല്‍ താന്‍ പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യുമെന്നും മോദി വ്യക്തമാക്കി.
നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന് വേണ്ടിയാണോ ഇങ്ങനെ കഠിനമായി അദ്ധ്വാനിക്കുന്നത്. ഞാന്‍ അതേ. എന്‍റെ കുടുംബത്തില്‍ 140 കോടി ജനങ്ങളുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ കുറച്ച് കൂടുതല്‍ അദ്ധ്വാനിക്കേണ്ടതുണ്ട്.
ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ ഇന്‍റര്‍നെറ്റ് ഡേറ്റാ സേവനം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. അത് കൊണ്ട് ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങളുമായി ആശയവിനിമയം സാധ്യമാകുന്നുവെന്നും മോദി പറഞ്ഞു. 'നിങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് വഴി സംസാരിക്കാനും വീഡിയോ കോണ്‍ഫറന്‍സ് നടത്താനും വളരെ കുറഞ്ഞ ചെലവില്‍ സാധിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബാംഗങ്ങളുമായി എല്ലാ ദിവസവും വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാനാകുന്നു. - അദ്ദേഹം വ്യക്തമാക്കി.
കുവൈറ്റ് ഷെയ്‌ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സാബയുടെ ക്ഷണപ്രകാരമാണ് മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കുവൈറ്റിലെത്തിയത്. 43 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശിക്കുന്നത്. കുവൈറ്റിലെത്തിയ മോദിയെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സാബ സ്വീകരിച്ചു. വിദേശകാര്യമന്ത്രി അബ്‌ദുള്ള അലി അല്‍ യാഹ്യയും മറ്റ് ചിലഉന്നതരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഷെയ്‌ഖ് സാദ് അല്‍ അബ്‌ദുള്ള ഇന്‍ഡോര്‍ കായിക സമുച്ചയത്തിന് പുറത്ത് നടന്ന ഹല മോദി എന്ന പരിപാടിയില്‍ നരേന്ദ്രമോദിയെ കാണാന്‍ നിരവധി ഇന്ത്യാക്കാര്‍ എത്തിയിരുന്നു.
Also Read: കുവൈറ്റില്‍ മോദിയെ കാണാനെത്തി അറബിക് രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും വിവര്‍ത്തകർ