ന്യൂഡല്‍ഹി : അവാമി ലീഗ് തിരികെ വരിക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസീദ് ജോയ്. ഇടിവി ഭാരതിന് നല്‍കിയ എക്‌സ്ക്ലൂസീവ് അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്‍റെ ഈ പ്രഖ്യാപനം. തങ്ങള്‍ മരിച്ചിട്ടില്ല. എവിടെയും പോകുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഴ്‌ചകള്‍ നീണ്ട കടുത്ത പ്രക്ഷോഭങ്ങള്‍ക്കിടെയാണ് 76കാരിയായ അവാമി ലീഗ് നേതാവ് ഹസീന രാജ്യത്ത് നിന്ന് പലായനം ചെയ്‌തത്. ഡല്‍ഹിക്ക് സമീപമുള്ള വ്യോമത്താവളത്തില്‍ അവര്‍ ഇറങ്ങി. പിന്നീട് രാജ്യതലസ്ഥാനത്തെ സുരക്ഷിത ഇടത്തേക്ക് മാറി. അതീവ സുരക്ഷയാണ് ഇവിടെ അവര്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഹസീനയ്‌ക്കൊപ്പം സഹോദരി ഷെയ്ഖ് രഹാനയുമുണ്ട്.
ദക്ഷിണേഷ്യയില്‍ വലിയ രാഷ്‌ട്രീയ കോളിളക്കമുണ്ടാക്കിയ സംഭവമാണ് ഹസീനയുടെ രാജി. അതേസമയം ധാക്കയിലെ കലുഷിതമായ അന്തരീക്ഷം രാജ്യാന്തര സമൂഹത്തെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഹസീനയുടെ രാജിയോടെ ബംഗ്ലാദേശ് രാഷ്‌ട്രീയത്തില്‍ കാതലായ മാറ്റങ്ങളാണ് സംഭവിക്കുക.
ബംഗ്ലാദേശില്‍ ഒരു അസ്ഥിരത ഉണ്ടായിരിക്കുന്നു. പൊലീസുകാര്‍ ആക്രമിക്കപ്പെടുന്നതിനാല്‍ പലരും തങ്ങളുടെ സ്ഥാനം ത്യജിച്ച് കഴിഞ്ഞു. അതിര്‍ത്തി രക്ഷാസേന സുരക്ഷ ഉറപ്പാക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ധാക്കയ്ക്ക് പുറത്ത് കാര്യങ്ങള്‍ അത്രശുഭകരമല്ല. പാര്‍ട്ടി നേതാക്കളെയും മതന്യൂനപക്ഷങ്ങളെയുമാണ് ഇവിടെ വേട്ടയാടുന്നത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശ് പോലെ വലിയൊരു രാജ്യത്ത് ഇത് എത്രമാത്രം പ്രായോഗികമാണ്. എല്ലായിടത്തും അവര്‍ക്ക് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാകില്ലെന്നും വസേദ് ചൂണ്ടിക്കാട്ടുന്നു.
ഹസീന ഇപ്പോള്‍ ഡല്‍ഹിയിലാണ് ഉള്ളത്. തത്കാലം മറ്റെവിടേക്ക് എങ്കിലും പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. തങ്ങളുടെ പാര്‍ട്ടി നേതാക്കളുമായി അവര്‍ നിരന്തരം ബന്ധപ്പെട്ട് വരികയാണ്. ആദ്യം ഇനി രാഷ്‌ട്രീയം വേണ്ടെന്നായിരുന്നു തങ്ങളുടെ നിലപാട്. എന്നാല്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ അക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ തീരുമാനം പുനപ്പരിശോധിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി.
അവരെ തങ്ങള്‍ കൈവിടില്ല. ഭരണഘടനാപരമായി ഷെയ്ഖ് ഹസീനയ്ക്ക് ഒരിക്കലും രാജിവയ്ക്കാനാകില്ല. അവര്‍ക്ക് അതിന് ഒരിക്കലും അവസരമുണ്ടാകില്ല. അതാണ് ഭരണഘടന പ്രശ്‌നം. ഭരണഘടനാപരമായി അവര്‍ ബംഗ്ലാദേശിന്‍റെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള കക്ഷിയാണ് അവാമി ലീഗ്. ഏറ്റവും വലിയ കക്ഷിയും തങ്ങള്‍ തന്നെ. തങ്ങള്‍ മരിച്ചിട്ടില്ലെന്നും തങ്ങള്‍ എങ്ങും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹസീനയ്ക്ക് ഒരു രാഷ്‌ട്രീയ തിരിച്ച് വരവ് ഉണ്ടാകുമോയെന്നും അവാമി ലീഗിന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമോയെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വസീദ്.
അവാമി ലീഗ് തിരിച്ച് വരും. തന്‍റെ അമ്മയുടെ ജീവന്‍ കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് അവരുടെ ജീവന്‍ രക്ഷിച്ചു. വെറുമൊരു നന്ദിയില്‍ ഇന്ത്യയോടുള്ള തന്‍റെ ആത്യന്തികമായ അടങ്ങാത്ത കൃതജ്ഞത ഒതുക്കാനാകില്ല. അതേസമയം ബംഗ്ലാദേശിന് ഒരു മതേതര സര്‍ക്കാരിലൂടെയല്ലാതെ മുന്നോട്ട് പോകാനാകില്ല. അവിടെ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണ്.
ബംഗ്ലാദേശിന് ഇപ്പോള്‍ സമാധാനപരമായ ഒരു മതേതര സര്‍ക്കാര്‍ മാത്രമാണ് ആവശ്യം. ജനങ്ങളുടെ സംരക്ഷണത്തിനും അതിര്‍ത്തി സംരക്ഷണത്തിനും ഭീകരരെ അകറ്റാനും അത് അത്യന്താപേക്ഷിതമാണ്. ഭീകരരെ നേരിടാന്‍ കരുത്തുള്ള സര്‍ക്കാരാണ് ആവശ്യം.
ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ധാക്കയില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാണ്. എന്നാല്‍ തലസ്ഥാനത്തിന് പുറത്ത് നിയമവാഴ്‌ച തകര്‍ന്നിരിക്കുകയാണ്. ആക്രമണങ്ങള്‍ തുടരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ജോലികളില്‍ സംവരണ സംവിധാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രക്ഷോഭമാണ് കടുത്ത ആക്രമണങ്ങളിലെത്തിയത്. ഒടുവിലിത് ഹസീനയുടെ രാജിയില്‍ വരെയെത്തി. ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ നാലാം വട്ടവും രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തിയാണ് ഹസീന. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്ക്കരിച്ചിരുന്നു. നൂറ് കണക്കിന് ജീവനുകളാണ് ബംഗ്ലാദേശിലെ പ്രക്ഷോഭത്തില്‍ പൊലിഞ്ഞത്.
ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച നേതാവാണ് ഹസീന. രാജ്യത്തെ പ്രധാന രാഷ്‌ട്രീയ കക്ഷിയായ അവാമി ലീഗ് നേതാവ്, രാജ്യത്തെ പല വികസന പ്രവര്‍ത്തനങ്ങളുടെയും നെടുനായകത്വം വഹിച്ച ഭരണ കര്‍ത്താവ്, സാമ്പത്തിക വളര്‍ച്ച,വിദ്യാഭ്യാസ ആരോഗ്യ പുരോഗതി തുടങ്ങിയവയില്‍ ബംഗ്ലാദേശിനെ ഉയര്‍ത്തിയ പ്രധാനമന്ത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ഹസീനയ്‌ക്ക്. നേട്ടങ്ങളുടെയും വിവാദങ്ങളുടെയും ഉറ്റതോഴി കൂടിയാണവര്‍. മനുഷ്യാവകാശം, ഭരണം എന്നീ വിഷയങ്ങളിലാണ് അവര്‍ വിമര്‍ശിക്കപ്പെടുന്നത്. ബംഗ്ലാദേശിന്‍റെ ആദ്യ പ്രസിഡന്‍റായ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍റെ മകളാണ് ഹസീന.
Also Read:ധാക്കയിലേക്ക് പ്രത്യേക വിമാനവുമായി എയര്‍ ഇന്ത്യ; 205 പേരെ ഡല്‍ഹിയില്‍ എത്തിച്ചു -