ടെൽ അവീവ്: ലെബനനുമായുള്ള വെടിനിർത്തൽ കരാർ ചർച്ച ചെയ്യാൻ ഇസ്രയേൽ മന്ത്രിസഭ ഇന്ന് (ചൊവ്വാഴ്‌ച) യോഗം ചേരും. ടെൽ അവീവിലെ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ആസ്ഥാനത്താണ് യോഗമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ചര്‍ച്ചയ്ക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്.
ഞായറാഴ്‌ച രാത്രി ഇസ്രയേൽ ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ കൂടിയാലോചനയിലാണ് ലെബനനില്‍ വെടിനിര്‍ത്തലിനെപ്പറ്റി ആലോചിക്കാമെന്ന് നെതന്യാഹു അറിയിച്ചത്. ഇന്ന് ചേരുന്ന ഇസ്രയേൽ മന്ത്രിസഭ നിർദിഷ്‌ട കരാറിൽ വോട്ട് ചെയ്യുമെന്നും അത് പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹുവിന്‍റെ വക്താവ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ കരാറിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യാനുള്ള വലിയ അവസരമാണ് നഷ്‌ടപ്പെടുന്നത് എന്നും ഇത് വലിയ തെറ്റാണ് എന്നുമാണ് ഗ്വിര്‍ അഭിപ്രായപ്പെട്ടത്. ഗാസയിലെ വെടിനിർത്തൽ കരാറുകൾ തടയാനും ബെൻ ഗ്വിർ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാരില്‍ അമേരിക്കയുടെ സ്വാധീനമുണ്ടെന്നാണ് കഴിഞ്ഞയാഴ്‌ച യുഎസ് പ്രതിനിധി ആമോസ് ഹോഷ്‌സ്‌റ്റീൻ ബെയ്‌റൂത്തിൽ പറഞ്ഞത്. ഇത് ഞങ്ങളുടെ സ്വാധീനത്തിലാണെന്നും ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് ഇരു രാജ്യങ്ങളാണ് എന്നുമാണ് യുഎസ് പ്രതിനിധി പറഞ്ഞത്.
ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തെ എതിര്‍ത്തുകൊണ്ട് ഹിസ്‌ബുള്ള രംഗത്ത് വന്നതോടെയാണ് ഇസ്രയേല്‍ ഹിസ്‌ബുള്ളയ്ക്ക് നേരെ തിരിഞ്ഞത്. ഹിസ്‌ബുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കുന്നത് എന്ന വാദത്തിലാണ് ഇസ്രയേല്‍ ലെബനനെ ആക്രമിക്കുന്നത്. എന്നാല്‍ സാധാരണ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് ഇസ്രയേലിന്‍റെ ആക്രമണങ്ങളിലേറെയും എന്നാണ് വ്യാപക വിമർശനം ഉയരുന്നത്.
സെപ്റ്റംബർ 23 മുതലാണ് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുന്നത്. ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതിനോടകം മൂവായിരത്തിലധികം പേർ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്‌തതായാണ് ഐക്യരാഷ്‌ട്രസഭയുടെ കണക്ക്.
Also Read: ലെബനനിലെ ജനവാസ മേഖലയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 29 പേര്‍ കൊല്ലപ്പെട്ടു