എറണാകുളം: പാതി വില തട്ടിപ്പ് കേസിൽ റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ പ്രതി ചേർത്തതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സാധാരണ വ്യക്തിയെ പ്രതിചേർക്കുന്നത് പോലെയല്ലാ ഭരണഘടനാ പദവി വഹിച്ച ആളെ പ്രതി ചേർക്കുമ്പോഴെന്ന് കോടതി പറഞ്ഞു. അത് ജനങ്ങളുടെ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യതയെ ബാധിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. തെളിവുകളുണ്ടെങ്കിൽ അറിയിക്കൂവെന്നും കോടതി നിർദേശിച്ചു.
പാതിവില തട്ടിപ്പ് കേസിൽ റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ പ്രതി ചേർത്ത സംഭവത്തിലാണ് ആശങ്കയും വിമർശനവുമായി സർക്കാരിന് നേരെ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചത്. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
ഭരണഘടനാപരമായ പദവി വഹിച്ച ആളുകളെ വാർത്ത ഹൈപ്പിന്‍റെ അടിസ്ഥാനത്തിൽ പ്രതി ചേർക്കരുത്. സാധാരണ വ്യക്തിയെ പ്രതിചേർക്കുന്നത് പോലെയല്ലാ ഭരണഘടനാ പദവി വഹിച്ച ആളെ പ്രതി ചേർക്കുമ്പോഴെന്ന് പറഞ്ഞ ഡിവിഷൻ ബെഞ്ച് ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത നഷ്‌ടപ്പെടാനത് കാരണമാകുമെന്നും ഭരണഘടനാ പദവി വഹിച്ച ആൾക്കെതിരെയാണ് കേസെടുത്തതെന്നും ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മനസർപ്പിച്ചാണോ കേസെടുക്കാൻ പൊലീസ് തീരുമാനമെടുത്തതെന്നും കോടതി ചോദ്യമുന്നയിച്ചു. ഭരണഘടനാ പദവി വഹിച്ച വ്യക്തിയെ പ്രതി ചേർക്കുമ്പോൾ വസ്‌തുതകളും സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. തെളിവുകളുണ്ടെങ്കിൽ അറിയിക്കൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാരിന്‍റെ വാദം. മനസർപ്പിച്ച് തന്നെയാണ് കേസെടുത്തതെന്നും പൊലീസിന് വേണ്ടി സർക്കാർ മറുപടി നൽകി. തുടർന്ന് സർക്കാരിന്‍റെ വിശദീകരണം തേടിയ കോടതി ഹർജി അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കാനായി മാറ്റി.
പൊലീസിന്‍റെ അധികാര ദുർവിനിയോഗത്തിന്‍റെ ഭാഗമായാണ് രാമചന്ദ്രൻ നായർക്കെതിരായ കേസെന്നും
ജുഡീഷ്യറിയിലുള്ള വിശ്വാസം തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നുമാണ് ഹർജിക്കാരുടെ വാദം. പാതി വില തട്ടിപ്പ് കേസിൽ പെരിന്തൽമണ്ണ പൊലീസാണ് റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തത്.