നാസിക്: സർക്കാർ ക്വാട്ടയിൽ ഫ്ലാറ്റുകൾ ലഭിക്കുന്നതിന് വ്യാജ രേഖകൾ സമർപ്പിച്ചതിന് മഹാരാഷ്‌ട്ര കൃഷി മന്ത്രിയും എൻസിപി നേതാവുമായ മണിക്‌റാവു കൊക്കട്ടെയ്ക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കേസില്‍ മണിക്‌റാവുവിന്‍റെ സഹോദരൻ സുനിൽ കൊക്കട്ടെയും കുറ്റക്കാരനെന്ന് കോടതി വിധിച്ചു. 1995ലെ കേസിലാണ് നാസിക് ജില്ലാ സെഷൻസ് കോടതി മന്ത്രിയെ ശിക്ഷിച്ചത്.
ഇരുവര്‍ക്കും 50,000 രൂപ വീതം പിഴയും കോടതി വിധിച്ചു. കേസിലെ മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു. അതേസമയം കേസില്‍ കോടതി തനിക്ക് ജാമ്യം അനുവദിച്ചെന്നും വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അന്തരിച്ച മുൻ മന്ത്രി ടിഎസ് ദിഘോളെയാണ് അന്ന് പരാതി നല്‍കിയിരുന്നത്. ഹൈക്കോടതിയിൽ നിന്ന് ആശ്വാസം ലഭിച്ചില്ലെങ്കിൽ മണിക്‌റാവു എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടാൻ സാധ്യതയുണ്ട്. രാഷ്‌ട്രീയ വൈരാഗ്യത്തിലാണ് ദിഘോളെ കേസ് ഫയൽ ചെയ്‌തതെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും നിയമപരമായി ഏതറ്റം വരെയും പോകുമെന്നും മന്ത്രി വ്യക്തമാക്കി.
യോലാക്കർ മാല പ്രദേശത്തെ കോളജ് റോഡിൽ രണ്ട് ഫ്ലാറ്റുകൾ മുഖ്യമന്ത്രിയുടെ ക്വാട്ട പ്രകാരം മന്ത്രിക്കും സഹോദരനും അനുവദിച്ചിരുന്നു. ഇതിന് യോഗ്യത നേടുന്നതിനായി, എൽഐജി വിഭാഗത്തിൽ പെട്ടവരാണെന്നും നഗരത്തിൽ സ്വന്തമായി വീടില്ലെന്നും കാട്ടി ഇരുവരും വ്യാജ രേഖകള്‍ സമര്‍പ്പിച്ചെന്നാണ് ആരോപണം.
ദിഘോളെ പൊലീസിനെ സമീപിച്ചതിനെത്തുടർന്ന്, കോക്കടെ സഹോദരന്മാർക്കും മറ്റ് രണ്ട് പേർക്കുമെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് സർക്കാർവാഡ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം, വിധിയെത്തുടർന്ന് മണിക്‌റാവു രാജിവയ്‌ക്കണമെന്ന് എൻസിപി (ശരദ് പവാര്‍) ആവശ്യപ്പെട്ടു.