മുൻടെവിഡേയോ (ഉറുഗ്വേ): തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയുടെ പുതിയ പ്രസിഡന്‍റായി ഇടതുപക്ഷ നേതാവ് യമാണ്ടു ഓര്‍സി തെരഞ്ഞെടുക്കപ്പെട്ടു. മധ്യ-വലത് ഭരണസഖ്യത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥിയായ അൽവാരോ ഡെൽഗാഡോയെ ആണ് ഇടതുസ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. 94.4 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഓര്‍സിക്ക് 1,123,420 വോട്ടുകളും ഡെൽഗാഡോയ്ക്ക് 1,042,001 വോട്ടുകളുമാണ് ലഭിതച്ചതെന്ന് രാജ്യത്തെ ഇലക്‌ടറല്‍ കോടതി അറിയിക്കുകയായിരുന്നു.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അൽവാരോ ഡെൽഗാഡോ പരാജയം സമ്മതിച്ച് രംഗത്തെത്തി. പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പുതിയ പ്രസിഡന്‍റിന് അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. ചരിത്ര അധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുള്ള 57കാരനായ ഓര്‍സി രണ്ട് പ്രാവശ്യം ബ്രോഡ് ഫ്രണ്ട് സഖ്യത്തിന്‍റെ മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഉറുഗ്വേയില്‍ ഇടതുസഖ്യം ഭരണം തിരിച്ചുപിടിക്കുന്നത്. നേരത്തെ, 2005 മുതല്‍ 2020 വരെയുള്ള 15 വര്‍ഷ കാലയളവില്‍ തുടര്‍ച്ചയായി അധികാരസ്ഥാനത്ത് തുടരാൻ ഇടതുപക്ഷത്തിനായി. 2019ല്‍ ലൂയിസ് ലക്കാൽ പോയുടെ നേതൃത്വത്തിലുള്ള വിശാല മുന്നണിയാണ് ഇടതുസഖ്യത്തിന്‍റെ ഭരണത്തിന് അന്ത്യം കുറിച്ചത്.
രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു രാജ്യത്ത് തെരഞ്ഞെടുപ്പ്. ഒക്‌ടോബര്‍ 27ന് നടന്ന ഒന്നാം വട്ട തെരഞ്ഞെടുപ്പില്‍ ഓര്‍സിക്ക് 40 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു. മറുവശത്ത് ഡെൽഗാഡോയ്‌ക്ക് 27 ശതമാനത്തോളം വോട്ടുകള്‍ മാത്രമാണ് നേടാനായത്. കൊളറാഡോ പാര്‍ട്ടി 20 ശതമാനത്തിലധികം വോട്ടും അന്ന് സ്വന്തമാക്കിയിരുന്നു. 2025 മാര്‍ച്ച് ഒന്നിനാണ് യമാണ്ടു ഓര്‍സി ഉറുഗ്വേയുടെ പുതിയ പ്രസിഡന്‍റായി അധികാരമേറ്റെടുക്കുക.
Also Read : ലിംഗമാറ്റം അനുവദിക്കുന്ന രാജ്യങ്ങളിലേക്ക് കുട്ടികളെ ദത്തുനല്‍കുന്നത് നിരോധിച്ച് റഷ്യ