ഇംഫാല്‍: പതിമൂന്ന് ദിവസം നീണ്ട അവധിക്ക് ശേഷം ഇംഫാല്‍ താഴ്‌വരകളിലെയും, ജിരിബാം ജില്ലകളിലെയും സ്‌കൂളുകളും കോളജുകളും നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ പതിനാറു മുതല്‍ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. മൂന്ന് സ്‌ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ മണിപ്പൂരിലെയും അസമിലെയും ജിരി, ബാരക് നദികളില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം കനത്തതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടത്.
സുരക്ഷാ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന മൂന്ന് സ്‌ത്രീകളെയും കുട്ടികളെയും കാണാതായത്. ഈ മാസം പതിനൊന്നിനുണ്ടായ ഈ ഏറ്റുമുട്ടലില്‍ പത്ത് പേര്‍ മരിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്ന് കാണാതയവരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. ഇതോടെ ഇവിടെ വീണ്ടും സംഘര്‍ഷം കനക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താഴ്‌വരയിലെ അഞ്ച് ജില്ലകളിലും നാളെ രാവിലെ അഞ്ച് മണി മുതല്‍ വൈകിട്ട് നാല് വരെ നിരോധനാജ്ഞയ്ക്ക് ഇളവുണ്ട്. പൊതുജനങ്ങള്‍ക്ക് മരുന്നും ഭക്ഷ്യ വസ്‌തുക്കളുമടക്കമുള്ള അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്‌ണുപൂര്‍, കാക്‌ചിങ്, തൗബാല്‍ ജില്ലകളിലെ ജില്ല മജിസ്ട്രേറ്റുമാര്‍ പ്രത്യേകം ഉത്തരവുകള്‍ പുറപ്പെടുവിച്ചു. അതേസമയം ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളോ കുത്തിയിരിപ്പ് സമരങ്ങളോ റാലികളോ ഇളവിന്‍റെ പരിധിയില്‍ വരില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ വംശീയ വിഭാഗങ്ങളായ കുക്കികളും മെയ്‌തികളും തമ്മില്‍ ആരംഭിച്ച കലാപത്തില്‍ ഇതുവരെ 250ലേറെ ജീവനുകള്‍ നഷ്‌ടമായി. ഇതിനിടെ മണിപ്പൂരിലെ ജിരിബാമിലുണ്ടായ കുക്കി-മെയ്‌തി സംഘർഷത്തിൽ സ്‌ത്രീകളും കുട്ടികളും കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരമാണ് നടപടി. മണിപ്പൂരില്‍ നടന്ന സമാനമായ മറ്റ് രണ്ടു കേസുകൾ കൂടി ഏജന്‍സി അന്വേഷിക്കുമെന്നും എൻഐഎ പത്രക്കുറിപ്പിൽ അറിയിച്ചു.
നവംബർ 11 ന് ബോറോബെക്രയിൽ നിരവധി വീടുകൾ കത്തിക്കുകയും രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്‌ത കേസാണ് ഇവയിൽ ആദ്യത്തേത്. അജ്ഞാതരായ അക്രമികൾ മൂന്ന് സ്‌ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ ആറു പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ഇതിനൊപ്പം അന്വേഷിക്കും.
Also Read: മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്‍ഐഎ അന്വേഷണം; നടപടി ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം