പത്തനംതിട്ട: കഴിഞ്ഞ 25 വർഷക്കാലമായി എല്ലാ വർഷവും മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ആദ്യാവസാനം എംഎം കുമാർ സന്നിധാനത്തുണ്ടാവും. ശരണ മന്ത്രങ്ങളുടെ അകമ്പടിയോടെയുള്ള എംഎം കുമാറിൻ്റെ ആറ് ഭാഷകളിലുള്ള അനൗൺസ്മെൻ്റിന് കാതോർക്കാത്ത തീർത്ഥാടകരുണ്ടാവില്ല. ഒരു ഭാഷ തന്നെ നന്നായി കൈകാര്യം ചെയ്യാൻ കഷ്‌ടപ്പെടുന്നവർക്ക് ആറ് ഭാഷകളെ മാത്യഭാഷ പോലെ കൈകാര്യം ചെയ്‌തുകൊണ്ടുള്ള എം എം കുമാറിൻ്റെ വാഗ്ധോരണിയെ അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനുമാകൂ.
കർണ്ണാടക ചിക്കമംഗലൂർ സ്വദേശിയാണ് എംഎം കുമാർ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. 1999 ൽ സന്നിധാനത്ത് എത്തിയപ്പോഴാണ് വിവിധ ഭാഷകളിൽ അനൗൺസ് ചെയ്യാൻ കഴിവുള്ള ഒരാളെ ദേവസ്വം അധികൃതർ അന്വേഷിക്കുന്നതായി അറിയുന്നത്. ഉടൻ തന്നെ അധികൃതരെ സമീപിച്ചു.
എംഎം കുമാറിൻ്റെ അനൗൺസ്മെൻ്റ് കേട്ട ദേവസ്വം അധികൃതർക്ക് മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല. അന്ന് മുതൽ ഇതുവരെ മണ്ഡല മകരവിളക്ക് കാലത്ത് ഒരു ദിവസം പോലും ഇടവേളയില്ലാതെ എംഎം കുമാറിൻ്റ ശബ്‌ദം പമ്പയിലും സന്നിധാനത്തും അയ്യപ്പഭക്തർക്ക് വഴികാട്ടിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എംഎം കുമാറിൻ്റെ മാതാവ് രാധമ്മ മലയാളിയാണ്. അമ്മയിൽ നിന്ന് മലയാളം പഠിച്ചു. അച്ഛൻ തമിഴ്‌നാട് സ്വദേശി. കുടുംബം കർണ്ണാടകത്തിലാണ്. അതിനാൽ മലയാളം, തമിഴ്, കന്നഡ ഭാഷകൾ പഠിച്ചു. സ്‌കൂളിൽ നിന്നും ഹിന്ദിയും, ഇംഗ്ലീഷും പഠിച്ചു. തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകൾ തീർത്ഥാടകരുമായുള്ള സമ്പർക്കത്തിലൂടെയും വശമായതായി കുമാർ പറയുന്നു.
കുമാറിനൊപ്പം കഴിഞ്ഞ 25 വർഷമായി അനൗൺസ്മെൻ്റ് നടത്തുന്ന കോഴഞ്ചേരി സ്വദേശി എ പി ഗോപാലകൃഷ്‌ണൻ, തമിഴ്‌നാട് സ്വദേശികളായ ബലഗണേഷ്, നരസിംഹമൂർത്തി എന്നിവരും സന്നിധാനത്തെ അനൗൺസ്മെൻ്റ് കേന്ദ്രത്തിൽ സജീവമായുണ്ട്.
Also Read: കോടികള്‍ പിന്നിട്ട് ശബരിമലയിലെ വരുമാനം; ഭക്തരുടെ എണ്ണത്തിലും റെക്കോഡ്, കണക്കുകള്‍ പുറത്ത്