കൊല്ലം: രാജ്യത്തിന്‍റെ ഭരണഘടന തകര്‍ത്ത് മനുസ്‌മൃതി കൊണ്ടുവരാനുള്ള ഗൂഢശ്രമമാണ് വഖഫ് ഭേദഗതിയിലൂടെ ആര്‍എസ്എസ് നിയന്ത്രിത ബിജെപി ഭരണകൂടം നടത്തുന്നതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. വഖഫ് ഭേദഗതിയിലൂടെ ഭരണഘടനയുടെ അസ്‌തിത്വമാണ് തകര്‍ക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഡിപിഐ കൊല്ലത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്ക് ശേഷം പീരങ്കി മൈതാനിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഹമ്മദ് കുഞ്ഞ്.
വഖഫ് ഭേദഗതി ബില്‍ രാജ്യത്തിന്‍റെ ഭരണഘടനയുടെ കഴുത്തില്‍ കത്തിവയ്‌ക്കുന്നതാണെന്നും ഭരണഘടനയെ തകര്‍ക്കുന്നതാണെന്നും മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോക രാജ്യങ്ങള്‍ ഇന്ത്യയുടെ ഭരണകര്‍ത്താക്കളെ ആദരിക്കുന്നത് ജനാധിപത്യവും മതേതരത്വവും ഇന്ത്യാ രാജ്യം പിന്തുടരുന്നു എന്നതുകൊണ്ടാണ്. വൈവിധ്യങ്ങളുടെ പൂന്തോട്ടമാണ് ഇന്ത്യ. മസ്‌ജിദുകളും ക്ഷേത്രങ്ങളും ചര്‍ച്ചുകളും ഗുരുദ്വാരകളും ഉള്‍പ്പെടെയുള്ള ആരാധനാ കേന്ദ്രങ്ങള്‍ മതേതരത്വത്തിന്‍റെ ചിഹ്നമാണ്. ഇതില്‍ ഏതെങ്കിലും ഒന്നിന് നേരെയുള്ള അതിക്രമം രാജ്യത്തിന്‍റെ മതേതരത്വത്തിനെതിരായ വെല്ലുവിളിയാണെന്നും മൗലവി പറഞ്ഞു.