കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനത്തിൽ അതിജീവിതയായിരുന്ന യുവതിയ്‌ക്ക് വീണ്ടും മര്‍ദനം. മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഭര്‍ത്താവ് രാഹുലിനെതിരെ യുവതി പന്തീരങ്കാവ് പൊലീസില്‍ പരാതി നല്‍കിയേക്കുമെന്ന് സൂചന.
മർദനമേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി രക്ഷിതാക്കൾക്കൊപ്പം നിലവില്‍ പൊലീസ് സ്‌റ്റേഷനിലാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കില്‍ കേസ് രജിസ്‌റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയിലാണ് യുവതി മര്‍ദനത്തിനിരയായത്.
ലഹരിക്കടിമയായ രാഹുൽ തന്നെ രാത്രിയില്‍ മര്‍ദിച്ചുവെന്നാണ് യുവതി മൊഴി നല്‍കിയത് എന്നാണ് വിവരം. മര്‍ദനത്തില്‍ പരിക്കേറ്റ യുവതിയെ ഭര്‍ത്താവ് രാഹുലും ഇയാളുടെ അമ്മയും ചേര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
വിവരം അറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ യുവതിയുടെ കുടുംബവും ആശുപത്രിയിലേക്ക് എത്തി. തുടര്‍ന്നാണ് ഇവര്‍ വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസിന് മൊഴി നൽകിയ ശേഷം യുവതി രക്ഷിതാക്കൾക്കൊപ്പം സ്വന്തം നാടായ ആലപ്പുഴയിലേക്ക് പോകുമെന്നാണ് സൂചന. പൊലീസിന്‍റെ സഹായത്തോടെ യുവതിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ രാഹുലിന്‍റെ വീട്ടില്‍ നിന്നും കുടുംബം എടുത്തു.
അതേസമയം, പൊലീസ് കസ്‌റ്റഡിയിലാണ് നിലവില്‍ രാഹുല്‍. ഇന്ന് പുലര്‍ച്ചയോടെയാണ് രാഹുലിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഒളിവിൽ പോകാൻ ഉള്ള സാധ്യത മുന്നിൽക്കണ്ടാണ് പൊലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തതെന്നാണ് വിവരം.
Also Read : കാരാട്ട് കുറീസ് തട്ടിപ്പ്; ധനക്ഷേമ നിധിയില്‍ പൊലീസ് പരിശോധന, ജീവനക്കാരുടെ മൊഴിയെടുത്തു