മെൽബൺ: പാപ്പുവ ന്യൂ ഗിനിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നൂറിലധികം പേർക്ക് ദാരുണാന്ത്യം. ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിങ് കോർപറേഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇന്ന് (മെയ് 24) പുലർച്ചെ ആണ് അപകടമുണ്ടായത്.
പാപ്പുവ ന്യൂ ഗിനിയയിലെ എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. ദക്ഷിണ പസഫിക് ദ്വീപ് രാഷ്‌ട്രത്തിന്‍റെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ഭാഗത്ത് പ്രാദേശിക സമയം പുലർച്ചെ 3 മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് എബിസി റിപ്പോർട്ട് ചെയ്‌തിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.