വാഷിങ്ടണ്‍ : ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള വിവേക് രാമസ്വാമിയുടെ പിന്മാറ്റമാണ് രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചയാകുന്നത്. ഡോജ് ടീമിനെ ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം 69 ദിവസങ്ങൾക്കിപ്പുറമാണ് വിവേക് രാമസ്വാമിയുടെ പിന്മാറ്റം. ഇതിന് പിന്നിൽ ഇലോണ്‍ മസ്‌ക് അടക്കമുള്ളവരുണ്ടെന്ന വാദവും ഉയരുന്നുണ്ട്. എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങള്‍ ഇപ്പോള്‍ എത്തി നിൽക്കുന്നത് ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള വിവേക് രാമസ്വാമിയുടെ പിന്മാറ്റത്തിലാണ്.
വിദേശ തൊഴിലാളികളെ നിയമിക്കുന്നതുവഴി അമേരിക്ക നേട്ടം കൈവരിക്കുമെന്ന വിവേകിൻ്റെ പഴയ എക്‌സ് പോസ്റ്റ് അടക്കമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. അദ്ദേഹത്തിൻ്റെ അന്നത്തെ നിലപാട് തിരിച്ചടിയായെന്നും രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ട്രംപിൻ്റെ വിശ്വസ്‌തനായ രാമസ്വാമി ഡോജിൽ നിന്ന് പിന്മാറണമെന്നുള്ളത് അഡ്‌മിനിസ്‌ട്രേഷന് അകത്ത് തന്നെയുള്ളവരുടെ ആവശ്യമാണെന്ന് ട്രംപിൻ്റെ ഉപദേഷ്‌ടാക്കളുമായി അടുപ്പമുള്ള റിപ്പബ്ലിക്കൻ നയതന്ത്രജ്ഞൻ തുറന്നടിച്ചതും വിവാദം കൊഴുക്കാൻ കാരണമായി. നിലവിൽ ഒഹിയോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുകയാണ് വിവേക് രാമസ്വാമി. ഉടൻ തന്നെ അത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. റിപ്പബ്ലിക്കൻ പാർട്ടിയിൽ സജീവമായി ഇടപെടൽ നടത്തിയ വ്യക്തിയാണ് വിവേക്. അതിനാൽ തന്നെ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരം അദ്ദേഹത്തിന് അനുകൂലമായിരിക്കും.
എന്തായാലും രാഷ്‌ട്രീയ എതിരാളികളെ ചരിത്രത്തിൽ നിന്ന് തന്നെ തുടച്ചു മാറ്റുന്ന നീക്കമാണിതെന്നും ചിലർ ഇലോണ്‍ മസ്‌കിനെ വിമർശിക്കുന്നുണ്ട്. വിവാദങ്ങളിലൊന്നും പ്രതികരിക്കാതെ ഇപ്പോഴും ഗാലറിയിലാണ് മസ്‌കും വിവേക് രാമസ്വാമിയും.