ലോസ് ഏഞ്ചലസ് : ആശങ്കകളൊഴിയാതെ ലോസ് ഏഞ്ചലസ്. വീണ്ടും കാട്ടുതീ ശക്തമായി പടരുന്നു. ലോസ് ഏഞ്ചലസിൻ്റെ വടക്കുഭാഗത്ത് കാസ്റ്റൈക് തടാകത്തിനു സമീപമാണ് പുതുതായി കാട്ടുതീ റിപ്പോർട്ട് ചെയ്‌തത്. ഏകദേശം 5000 ഏക്കറിലേക്ക് കൂടി തീ പടർന്നിട്ടുണ്ട്.
ബുധനാഴ്‌ച രാവിലെയാണ് തീപടർന്നു തുടങ്ങിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം വൻതോതിൽ തീ പടർന്നിട്ടുണ്ടെന്നാണ് വിവരം. 50,000-ത്തിലധികം പേരോട് വീടുകളൊഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഹെലികോപ്‌ടറുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണക്കാൻ ശ്രമിക്കുകയാണ്. നേരത്തെയുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെയാണ് പുതുതായി പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുന്നത്. പ്രദേശത്ത് ശക്തമായ കാറ്റ് വീശിയടിക്കുന്നതു കാരണം കാസ്റ്റൈക് തടാകത്തിനു സമീപം കുന്നുകളിൽ തീജ്വാലകൾ ആളി പടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രദേശം മുഴുവൻ പുകപടലങ്ങൾ മൂടിയിരിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ 9640 ഏക്കറിലധികം വനം കത്തി നശിച്ചു. പ്രദേശത്ത് മണിക്കൂറിൽ 67 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നുണ്ടായിരുന്നു. ഇന്ന് 96 കിലോമീറ്റർ വരെ തീവ്രമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. 31,000-ത്തിലധികം ആളുകളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. 23,000ത്തോളം പേരെ കൂടി ഉടൻ ഒഴിപ്പിക്കും.
തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമങ്ങള്‍ അഗ്നിശമന സേന തുടരുകയാണ്. എന്നാല്‍ വീണ്ടും ശക്തമായ കാറ്റ് വീശുന്നതോടെ ഈ ആഴ്‌ച കാലാവസ്ഥ അപകടകരമായ രീതിയിലായിരിക്കുമെന്നാണ് നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.