കാഠ്മണ്ഡു: എവറസ്റ്റ് കയറുന്നതിനുള്ള ഫീസില്‍ വന്‍ വര്‍ദ്ധന വരുത്തി നേപ്പാള്‍. 36ശതമാനം വര്‍ദ്ധനയാണ് ഫീസില്‍ വരുത്തിയിട്ടുള്ളത്. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിലെ മാലിന്യ നിയന്ത്രണത്തിന് നിരവധി മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വസന്തകാലത്ത് അതായത് മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സമയത്ത് എവറസ്റ്റ് കയറുന്നതിനുള്ള വിദേശികളുടെ റോയല്‍റ്റി ഫീസ് 11000 അമേരിക്കന്‍ ഡോളറില്‍ നിന്ന് 15000 ആക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ശരത് കാലത്ത് അതായത് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ എവറസ്റ്റ് കയറുന്നതിനുള്ള ഫീസ് 5,500 അമേരിക്കന്‍ ഡോളറില്‍ നിന്ന് 7,500 അമേരിക്കന്‍ ഡോളറായി വര്‍ദ്ധിപ്പിച്ചു. ശൈത്യകാലത്ത് -ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസത്തേക്കും കാലവര്‍ഷക്കാലത്ത് അതായത് ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയും ഫീസ് 2750 അമേരിക്കന്‍ ഡോളറില്‍ നിന്ന് 3750 അമേരിക്കന്‍ ഡോളറായും ഉയര്‍ത്തി.
ഇതിന് മന്ത്രി സഭ നേരത്തെ തന്നെ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. എന്നാലും പ്രഖ്യാപനം ഉണ്ടായത് ഇപ്പോഴാണെന്ന് വിനോദസഞ്ചാര ബോര്‍ഡ് മേധാവി ആരതി ന്യുപെയ്‌ന്‍ പറഞ്ഞു. 8848.86 മീറ്റര്‍ ഉയരമുള്ള കൊടുമുടി കയറുന്നതിനുള്ള പുതുക്കിയ ഫീസുകള്‍ 2025 സെപ്റ്റംബര്‍ ഒന്നുമുതലാകും നിലവില്‍ വരികയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേപ്പാള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷമേ മന്ത്രിസഭ അംഗീകരിച്ച പുത്തന്‍ നിബന്ധനകള്‍ നിലവില്‍ വരികയുള്ളൂ. അതേസമയം എവറസ്റ്റ് കയറാന്‍ ആഗ്രഹിക്കുന്ന നേപ്പാള്‍ പൗരന്‍മാര്‍ക്കുള്ള ഫീസില്‍ ഇരട്ടിയാണ് വര്‍ദ്ധന. നിലവിലുള്ള 75000 രൂപയില്‍ നിന്ന് ഒന്നരലക്ഷമായാണ് ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും അവര്‍ അറിയിച്ചു.
2015 ജനുവരി ഒന്നിനാണ് ഏറ്റവും ഒടുവില്‍ ഫീസുകള്‍ വര്‍ദ്ധിപ്പിച്ചത്. സാധാരണ പാത വഴി എവറസ്റ്റ് കയറുന്നവര്‍ക്കുള്ള ഫീസ് ഒരാള്‍ക്ക് 11000 അമേരിക്കന്‍ ഡോളറായി നിജപ്പെടുത്തുകയായിരുന്നു. നേരത്തെ സംഘങ്ങള്‍ക്കായാണ് ഫീസ് ഏര്‍പ്പെടുത്തിയിരുന്നത്.
നേരത്തെ കൊടുമുടി കയറാനുള്ള അനുമതി 75 ദിവസത്തേക്കാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോഴിത് 55 ദിവസമായി വെട്ടിക്കുറച്ചു. തടസമില്ലാതെ എല്ലാവര്‍ക്കും കൊടുമുടി കയറാന്‍ അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തു.
2025ലെ വസന്തകാലത്തെ മലകയറ്റത്തിനുള്ള ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ മാറ്റം ഇതിനെ ബാധിക്കില്ലെന്നും വിനോദസഞ്ചാര മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ഇന്ദു ഘിമിര്‍ പറഞ്ഞു. മാലിന്യം കൈകാര്യം ചെയ്യല്‍, ഉയര്‍ന്ന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ, സര്‍ക്കാരിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങളെന്നും അവര്‍ വ്യക്തമാക്കി.
വരുന്ന വസന്തകാലം മുതല്‍ എവറസ്റ്റ് കീഴടക്കാനെത്തുന്നവര്‍ അവരുടെ വിജര്‍ജ്യങ്ങള്‍ തിരികെ ബെയ്‌സ് ക്യാമ്പിലെത്തിച്ച് സംസ്‌കരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനായി ഇവര്‍ സ്വഭാവികമായി നശിക്കുന്ന ബാഗുകള്‍ കയ്യില്‍ കരുതണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബെയ്‌സ് ക്യാമ്പില്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ ശേഖരിക്കാനായി വീപ്പകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ മുകളിലേക്ക് ഇവ കുറച്ച് മാത്രമേ സജ്ജീകരിക്കാനായിട്ടുള്ളൂ. കുറച്ച് പേര്‍ മാത്രമാണ് ജൈവ ബാഗുകളുമായി പോകുകയും മാലിന്യം തിരികെ എത്തിക്കുകയും ചെയ്യാറുള്ളൂ.
മാലിന്യപ്രശ്‌നം കൈകാര്യം ചെയ്യാനായി ഖുമ്പു പസാങ് ലഹമു ഗ്രാമീണ മുനിസിപ്പാലിറ്റി ജൈവ ബാഗുകളുടെ ഉപയോഗം കര്‍ശനമാക്കിയിരുന്നു. ഇതിനായി ഇവര്‍ 1700 ബാഗുകള്‍ വിറ്റു. ഇത് ഇപ്പോള്‍ മലകയറുന്നവര്‍ക്കും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
എവറസ്റ്റ് മേഖലയിലെ പരിസ്ഥിതി നാശം തടയാനുള്ള വിശാലമായ നടപടികളുടെ ഭാഗമാണ് നിര്‍ബന്ധിത മാലിന്യ ശേഖരണം. എവറസ്റ്റ് കീഴടക്കാനെത്തുന്നവര്‍ പല സുസ്ഥിരമല്ലാത്ത നടപടികളും കൈക്കൊള്ളുന്നുണ്ട്. ലോകത്തിലെ ഏറ്റവും സുപ്രധാനമായ ഈ മേഖലയില്‍ മാലിന്യം തള്ളല്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ടെന്‍റുകള്‍, ഭക്ഷണാവശിഷ്‌ടങ്ങള്‍, മനുഷ്യ വിസര്‍ജ്ജങ്ങള്‍ എന്നിവ തള്ളുന്നു.
ഇത്തരം പ്രവൃത്തികള്‍ മേഖലയുടെ സ്വഭാവിക സൗന്ദര്യം ഇല്ലാതാക്കുകയും നാട്ടുകാര്‍ക്ക് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. വിനോദസഞ്ചാര വകുപ്പ് നല്‍കുന്ന അനുമതി രേഖകളില്‍ പറയുന്ന വസ്‌തുക്കള്‍ അല്ലാതെ യാതൊന്നും കൊടുമുടി കയറ്റക്കാര്‍ കൊണ്ടു പോകാന്‍ പുതിയ നിയമപ്രകാരം അനുവദിക്കില്ല.
കഴിഞ്ഞ വര്‍ഷം വസന്തകാലത്ത് 421 പേര്‍ക്ക് സൗജന്യമായി കൊടുമുടി കയറാന്‍ അനുമതി നല്‍കിയിരുന്നു. 200 വിദേശികളടക്കം അറുനൂറ് പേര്‍ എവറസ്റ്റ് കീഴടക്കി. ബെയ്‌സ് ക്യാമ്പിലെത്തിയ രണ്ടായിരത്തോളം പേരില്‍ നിന്നാണ് അറുനൂറ് പേര്‍ കൊടുമുടി കീഴടക്കിയത്. എട്ട് എവറസ്റ്റ് ആരോഹകര്‍ക്ക് ജീവന്‍ നഷ്‌ടമായി. 100 ടണ്‍ മാലിന്യങ്ങളാണ് പര്‍വതാരോഹകര്‍ സൃഷ്‌ടിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Also Read: മരണം മുന്നിൽകണ്ട് എവറസ്‌റ്റ് കീഴടക്കിയ മലയാളി; ഇത് ആത്മധൈര്യത്തിന്‍റെ വിജയഗാഥ