ഗാസ: ഗാസയിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടതായി പലസ്‌തീന്‍ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്‌തു. വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിലെ 60 ലധികം സ്ഥലങ്ങളിൽ വ്യോമസേന ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന പ്രസ്‌താവനയിൽ പറഞ്ഞു. ഖാൻ യൂനിസ് ഗവർണറേറ്റിലെ അൽ-ബലാദ് പ്രദേശത്ത് നിന്നും അൽ അമാൽ പരിസരത്ത് നിന്നും 13 പേരുടെ അഴുകിയ മൃതദേഹങ്ങൾ കണ്ടെടുത്തതായും പ്രസ്‌താവനയില്‍ പറയുന്നു.
അതേസമയം, ഇറാന്‍ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയാല്‍ തക്കതായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് പറഞ്ഞു. ഇറാന്‍റെ പ്രതികാര ആക്രമണത്തിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിനോട് ഫോണില്‍ സംസാരിക്കവേയാണ് ഗാലന്‍റിന്‍റെ പരാമര്‍ശം.