കീവ്: റഷ്യ തങ്ങള്‍ക്കെതിരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി യുക്രെയ്‌ൻ. ആക്രമണം സ്ഥിരീകരിച്ചാൽ റഷ്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആക്രമണമാകുമിത്. ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള റഷ്യയുടെ നയങ്ങളില്‍ അയവ് വരുത്തിയ പുതുക്കിയ ആണവ സിദ്ധാന്തത്തിൽ പുടിൻ ഒപ്പുവച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം.
യുക്രെയ്‌ന്‍ വ്യോമസേന ടെലഗ്രാം ആപ്പിലൂടെയാണ് പ്രസ്‌താവന പുറത്തുവിട്ടത്. കാസ്‌പിയൻ കടലിന്‍റെ അതിർത്തിയായ റഷ്യയുടെ അസ്ട്രാഖാൻ മേഖലയിൽ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത് എന്ന് പ്രസ്‌താവനയിൽ പറയുന്നു. എട്ട് മിസൈലുകളോടൊപ്പം ഒരു ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലും ഡിനിപ്രോ നഗരത്തിന് നേരെ റഷ്യ തൊടുത്തു വിട്ടതായി യുക്രെയ്‌ന്‍ പറഞ്ഞു. അവയിൽ ആറെണ്ണം യുക്രെനിയൻ സൈന്യം വെടിവച്ചിട്ടതായും അതിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. യുക്രെയ്ന്‍റെ ഒരു വ്യാവസായിക കേന്ദ്രവും വികലാംഗരുടെ പുനരധിവാസ കേന്ദ്രവും ആക്രമണത്തില്‍ തകർന്നതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ആണവ യുദ്ധമുഖത്ത് ഉപയോഗിക്കുന്നതിനായാണ് ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
റഷ്യയുടെ ആണവ ശേഷിയെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഇപ്പോഴത്തെ ആക്രമണമെന്ന് വിലയിരുത്തലുണ്ട്. കൂടാതെ റഷ്യ ആക്രമണം കടുപ്പിക്കുന്നു എന്ന സൂചന കൂടിയാണിത്. റഷ്യ യുക്രെയ്‌ന്‍ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയൻ സൈനികര്‍ കൂടെ എത്തിയ സാഹചര്യത്തിലാണ് പുതിയ സംഭവവികാസം.
റഷ്യയെ ആക്രമിക്കാന്‍ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാന്‍ യുക്രെയ്‌ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ, ചൊവ്വാഴ്‌ച അമേരിക്ക വിതരണം ചെയ്‌ത നിരവധി ദീർഘദൂര മിസൈലുകൾ യുക്രെയ്ൻ റഷ്യക്ക് നേരെ തൊടുത്തുവിട്ടിരുന്നു.
Also Read:'യുക്രെയിനുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ സാധ്യതയില്ല': ഡെനിസ് അലിപോവ്