യുക്രെയ്ൻ : രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന യുദ്ധത്തിനിടെ 115 വീതം യുദ്ധത്തടവുകാരെ പരസ്‌പരം കൈമാറിയതായി റഷ്യയും യുക്രെയ്‌നും പ്രഖ്യാപിച്ചു. റഷ്യയുടെ കുർസ്‌ക് മേഖലയില്‍ യുക്രെയ്ന്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തിയതിന് പിന്നാലെയാണ് കൈമാറ്റം നടന്നത്. യുക്രേനിയൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് യുദ്ധത്തടവുകാരുടെ കൈമാറ്റം. കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്സിന് ഇരു രാജ്യങ്ങളും നന്ദി അറിയിച്ചു.
'ഞങ്ങളുടെ 115 ഡിഫൻഡർമാർ ഇന്ന് നാട്ടിലേക്ക് മടങ്ങി. ഇവർ നാഷണൽ ഗാർഡ്, ആംഡ് ഫോഴ്‌സ്, നേവി, സ്റ്റേറ്റ് ബോർഡർ ഗാർഡ് സർവീസ് എന്നിവയുടെ സൈനികരാണ്.' യുക്രേനിയൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. യുക്രേനിയൻ പതാക ധരിപ്പിച്ച സൈനികരുടെ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചു. ഓഗസ്റ്റ് ആറിന് ആരംഭിച്ച കുർസ്‌ക് നുഴഞ്ഞുകയറ്റത്തിൽ നൂറ് കണക്കിന് റഷ്യൻ സൈനികരെ ബന്ദികളാക്കിയതായി കീവ് വെളിപ്പെടുത്തിയിരുന്നു.
കുർസ്‌കിൽ ബന്ദികളാക്കിയ 115 സൈനികരെ തിരിച്ചയച്ചതായി മോസ്കോയും പറഞ്ഞു. 'പരസ്‌പരം നടന്ന ചർച്ചയുടെ ഫലമായി, കുർസ്‌ക് മേഖലയിൽ തടവിലാക്കിയ 115 റഷ്യൻ സൈനികരെ കീവ് ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് തിരിച്ചയച്ചു' -റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികർ നിലവിൽ അയൽരാജ്യമായ ബെലാറസിലാണ് ഉള്ളതെന്നും അവിടെ അവർക്ക് മാനസിക-വൈദ്യ സഹായം ലഭിക്കുന്നുണ്ടെന്നും ഉടൻ റഷ്യയിലേക്ക് കൊണ്ടുവരുമെന്നും മന്ത്രാലയം അറിയിച്ചു. ബസിന് സമീപം നില്‍ക്കുന്ന സൈനികരുടെ ചിത്രവും മന്ത്രാലയം പുറത്തുവിട്ടു.
റഷ്യൻ ഫെഡറേഷനും റിപ്പബ്ലിക് ഓഫ് യുക്രെയ്‌നും തമ്മിലുള്ള പുതിയ ബന്ദികളുടെ കൈമാറ്റം വിജയകരമായിരുന്നു എന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സും പ്രതികരിച്ചു. രണ്ട് വർഷത്തിലേറെയായി നീളുന്ന യുദ്ധത്തില്‍ പല തവണ കീവിലും മോസ്കോയിലും തടവുകാര്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
Also Read :യുക്രെയ്‌നിന് സഹായവുമായി അമേരിക്ക; 125 ദശലക്ഷം ഡോളറിന്‍റെ സൈനിക സഹായം പ്രഖ്യാപിച്ച് ബൈഡന്‍, നന്ദി പറഞ്ഞ് സെലന്‍സ്‌കി