കീവ് : റഷ്യ-യുക്രെയ്‌ന്‍ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്‌ടമായ കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നരേന്ദ്ര മോദി. യുക്രേനിയന്‍ പ്രസിഡന്‍റ് വൊളോഡിമര്‍ സെലെന്‍സ്‌കിയ്‌ക്കൊപ്പം കീവിലെ നാഷണല്‍ മ്യൂസിയം ഓഫ് ഹിസ്റ്ററി ഓഫ് യുക്രെയ്‌നില്‍ എത്തിയാണ് മോദി ആദരാഞ്ജലി അര്‍പ്പിച്ചത്. കൊല്ലപ്പെട്ട കുട്ടികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റും പ്രധാനമന്ത്രി എക്‌സില്‍ പങ്കിട്ടു.
'സെലെന്‍സിക്കൊപ്പം കീവിലെത്തി രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംഘര്‍ഷം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വിനാശകരമാണ്. ജീവന്‍ നഷ്‌ടമായ കുട്ടികളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് എന്‍റ ഹൃദയം. അവരുടെ നഷ്‌ടം സഹിക്കാന്‍ അവര്‍ക്ക് ശക്തിയുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു' -പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ് ഇങ്ങനെ.
യുദ്ധത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കായി സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തില്‍ കളിപ്പാട്ടങ്ങള്‍ അര്‍പ്പിച്ചും മൗനപ്രാര്‍ഥന നടത്തിയുമാണ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ മ്യൂസിയത്തില്‍ നിന്ന് മടങ്ങിയത്. പ്രധാനമന്ത്രിയുടെ മ്യൂസിയം സന്ദര്‍ശനത്തിന് പിന്നാലെ വിദേശകാര്യ മന്ത്രാലയവും എക്‌സില്‍ കുറിപ്പ് പങ്കിട്ടു.
'സംഘര്‍ഷത്തില്‍ ജീവന്‍ പൊലിഞ്ഞ കുട്ടികളുടെ സ്‌മരണയ്‌ക്കായി എഴുതിയ ഹൃദയ സ്‌പര്‍ശിയായ വിവരണം പ്രധാനമന്ത്രിയെ ആഴത്തില്‍ സ്‌പര്‍ശിച്ചു. കൊച്ചുകുട്ടികളുടെ അതിദാരുണമായ നഷ്‌ടത്തില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തുകയും ആദരസൂചകമായി അവരുടെ രക്തസാക്ഷി മണ്ഡപത്തില്‍ കളിപ്പാട്ടങ്ങള്‍ അര്‍പ്പിക്കുകയും ചെയ്‌തു' -വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്‌തു.
മോദിയുടെയും സെലെന്‍സ്‌കിയുടെയും മ്യൂസിയം സന്ദര്‍ശന വേളയില്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ആന്‍ഡ്രി കോസ്റ്റിന്‍, മ്യൂസിയത്തിലെ രക്തസാക്ഷി പ്രദര്‍ശനത്തെ കുറിച്ചും യുക്രെയ്‌നിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയായ ഒഖ്‌മത്ഡിറ്റില്‍ ജൂലൈ 8ന് നടന്ന റോക്കറ്റ് ആക്രമണത്തെ കുറിച്ചും വിവരിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ യുക്രെയ്‌ന്‍ പ്രസിഡന്‍റ് സെലെന്‍സ്‌കി പ്രതികരിച്ചിരുന്നു.
'ഇന്ന് കീവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഞാനും റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. എല്ലാ രാജ്യങ്ങളിലെയും കുട്ടികള്‍ സുരക്ഷിതരായി ജീവിക്കാന്‍ അര്‍ഹരാണ്. ഞങ്ങള്‍ക്ക് അത് സാധ്യമാക്കണം' -സെലെന്‍സ്‌കി പറഞ്ഞു.
റഷ്യന്‍-യുക്രെയ്‌ന്‍ സംഘര്‍ഷത്തില്‍ 570 കുട്ടികളാണ് യുക്രെയ്‌നില്‍ കൊല്ലപ്പെട്ടത്. ദിനംപ്രതി കണക്ക് ഉയരുന്നതായാണ് പ്രസിഡന്‍റിന്‍റെ ഓഫിസ് സൂചിപ്പിക്കുന്നത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ഓര്‍മയ്‌ക്കായി നാഷണല്‍ മ്യൂസിയം ഓഫ് ഹിസ്റ്ററി ഓഫ് യുക്രെയ്‌നില്‍ 'ചില്‍ഡ്രന്‍' എന്ന പേരില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഇതില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ഫോട്ടോകളും പേരുവിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പോളണ്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം യുക്രെയ്‌നില്‍ എത്തിയ പ്രധാനമന്ത്രി മോദി സെലെന്‍സ്‌കിയെ ആലിംഗനം ചെയ്യുകയും ഹസ്‌തദാനം നടത്തുകയും ചെയ്‌തിരുന്നു. യുക്രെയ്‌നോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് അടിവരയിടുന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രവൃത്തി. യുക്രെയ്‌നെ ഇന്ത്യ പിന്തുണയ്‌ക്കുന്നു എന്ന് വ്യക്തമാക്കുന്ന രീതിയില്‍ മോദി സെലെന്‍സ്‌കിയുടെ തോളില്‍ കൈകള്‍ കോര്‍ത്ത് പിടിക്കുകയും ചെയ്‌തിരുന്നു. സെലെന്‍സ്‌കിയെ കാണുന്നതിന് മുന്‍പ് കീവിലെ ഗാന്ധി പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്‌പാര്‍ച്ചന നടത്തുകയും ചെയ്‌തു.
Also Read: ട്രെയിനില്‍ പത്ത് മണിക്കൂര്‍ നീണ്ട യാത്ര; പോളണ്ടില്‍ നിന്നും ചരിത്ര സന്ദര്‍ശനത്തിനായി മോദി യുക്രെയ്‌നില്‍