ചെന്നൈ: തമിഴ്‌നാട് ജലവിഭവ മന്ത്രിയും ഡിഎംകെ ജനറൽ സെക്രട്ടറിയുമായ ദുരൈ മുരുകന്‍റെ വെല്ലൂരിലെ ഗാന്ധി നഗറിലുള്ള വസതിയിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്. 2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡ് നടക്കുന്നത്.
ഡിഎംകെ കര്‍ഷക നേതാവ് പൂഞ്ചോലൈ ശ്രീനിവാസന്‍റെ പള്ളിക്കുപ്പത്തെ വസതിയിലും റെയ്‌ഡ് നടക്കുന്നുണ്ട്. 2019ല്‍ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തിരുന്നു.
ഇന്ന് (03-01-2025) രാവിലെ 7 മണിക്കാണ് റെയ്‌ഡ് ആരംഭിച്ചത്. താമസക്കാർ വീട്ടിൽ ഇല്ലാത്തതിനാല്‍ ഇഡി ഉദ്യോഗസ്ഥർക്ക് ആദ്യം വീട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ഡിഎംകെ പ്രവർത്തകര്‍ ദുരൈ മുരുകന്‍റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെ (സിആർപിഎഫ്) സായുധ ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലാണ് റെയ്‌ഡ് നടക്കുന്നത്. അതേസമയം, മന്ത്രി ദുരൈ മുരുകന്‍ ചെന്നൈയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാന്‍ പോയിരിക്കുകയാണ്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദുരൈ മുരുകന്‍റെ വസതിയിൽ ആദായ നികുതി വകുപ്പ് (ഐടി) നടത്തിയ റെയ്‌ഡിൽ കണക്കിൽപ്പെടാത്ത 10 ലക്ഷം രൂപ പിടിച്ചെടുത്തു. പൂഞ്ചോലൈ ശ്രീനിവാസന്‍റെ സിമന്‍റ് ഗോഡൗണുകളില്‍ ഉൾപ്പെടെ നടത്തിയ റെയ്‌ഡിലാണ് പണം കണ്ടെടുത്തത്.
ആറ് സ്ഥലങ്ങളിൽ നിന്നായി 11.51 കോടി രൂപയുടെ പുതിയ 200 രൂപ കറൻസി നോട്ടുകളുടെ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കാട്‌പാടിയിലെ ദേശസാൽകൃത ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ തെളിവുകളും ഇഡി കണ്ടെത്തിയിരുന്നു. തുടർന്നാണ് കാട്‌പാടി പൊലീസ് കേസെടുത്തത്.
Also Read: മഹാകുംഭ മേളക്ക് പ്രത്യേക വെബ്പേജ് പുറത്തിറക്കി ദേശീയ കാലാവസ്ഥാ വകുപ്പ്