പാരിസ്: മൂന്ന് ദിവസത്തെ ദ്വിരാഷ്‌ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച ഫ്രാൻസിലെത്തി. വിമാനത്താവളത്തിലെത്തിയ മോദിക്ക് ഫ്രഞ്ച് സായുധ സേനാ മന്ത്രി സെബ്ലെകോർനുവിന്‍റെ നേതൃത്വത്തില്‍ ഊഷ്‌മള സ്വീകരണം നല്‍കി. ഇന്ന് (ഫെബ്രുവരി 11) ഫ്രാന്‍സില്‍ നടക്കുന്ന എഐ ആക്ഷന്‍ ഉച്ചകോടിയുടെ സഹ അധ്യക്ഷസ്ഥാനം മോദി വഹിക്കും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ചര്‍ച്ച നടത്തും.
"അൽപ്പം മുമ്പ് പാരീസിൽ വന്നിറങ്ങി. എഐ (നിര്‍മിതബുദ്ധി), ടെക്, ഇന്നൊവേഷൻ തുടങ്ങിയ ഭാവി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവിടെയുള്ള വിവിധ പരിപാടികൾക്കായി കാത്തിരിക്കുന്നു," എന്ന് മോദി എക്‌സില്‍ കുറിച്ചു. ഫ്രാൻസിലെത്തിയതിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
"ലോക നേതാക്കളുടെയും ആഗോള ടെക് സിഇഒമാരുടെയും ഒത്തുചേരലായ എഐ ആക്ഷൻ ഉച്ചകോടിയിൽ സഹ അധ്യക്ഷനാകാൻ ഞാൻ ആഗ്രഹിക്കുന്നു, ഉച്ചകോടിയില്‍ നൂതനാശയങ്ങൾക്കും പൊതുജനനന്മയ്ക്കും വേണ്ടിയുള്ള സഹകരണ സമീപനത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ പങ്കുവയ്‌ക്കും," മോദി പ്രസ്‌താവനയിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സന്ദർശനത്തിനെത്തുന്ന നേതാക്കളെ ആദരിക്കുന്നതിനായി പ്രസിഡന്‍റ് മാക്രോൺ എലിസി കൊട്ടാരത്തിൽ ഒരുക്കുന്ന അത്താഴവിരുന്നിൽ മോദി പങ്കെടുക്കും. ടെക് മേഖലയിലെ സിഇഒമാരും ഉച്ചകോടിയിലെ മറ്റ് നിരവധി വിശിഷ്‌ടാതിഥികളും അത്താഴവിരുന്നിൽ പങ്കെടുക്കും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനവും മാക്രോണും മോദിയും ചേർന്ന് നിർവ്വഹിക്കും.ഒന്നാം ലോകമഹായുദ്ധത്തിൽ ഇന്ത്യൻ സൈനികർ നടത്തിയ ത്യാഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി ബുധനാഴ്‌ച ഇരു നേതാക്കളും മാർസെയിലിലെ കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മിഷന്‍റെ കീഴിലുള്ള മസാർഗസ് യുദ്ധ സ്‌മാരകം സന്ദർശിക്കും.