സിംഗപ്പൂര്‍സിറ്റി: സിംഗപ്പൂരില്‍ ഇന്ത്യയുടെ നിക്ഷേപം നടത്താനുള്ള ഒരു ഓഫിസ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിംഗപ്പൂരിലെ നിക്ഷേപകര്‍ക്ക് ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താനുള്ള സാധ്യതകള്‍ക്കും സഹായങ്ങള്‍ക്കുമായാണ് ഇത്തരമൊരു ഓഫിസ് വിഭാവന ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇത് അവസരങ്ങളുടെ സമയമാണ്. വന്‍തോതിലുള്ള അവസരങ്ങള്‍ വളരെ വേഗത്തില്‍ സൃഷ്‌ടിക്കപ്പെടുന്നുവെന്നും വിദേശകാര്യമന്ത്രാലയ സെക്രട്ടറി ജയ്‌ദീപ് മജുംദാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ എന്താണ് വാഗ്‌ദാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയില്‍ നിന്ന് തന്നെ നേരിട്ടറിയൂവെന്നും സിംഗപ്പൂരിലെ പ്രമുഖ കമ്പനികളുടെ മേധാവികളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയിലെ വിവിധ യോഗങ്ങളും ആശയവിനിമയങ്ങളും സംബന്ധിച്ച വിവരങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നാല് ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പ് വയ്ക്കും. ഡിജിറ്റല്‍ സാങ്കേതികത, നൈപുണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് വേണ്ട പരിസ്ഥിതികള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണപത്രങ്ങളിലാണ് ഒപ്പുവയ്ക്കുന്നത്.
ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ഭാവിയിലേക്കുള്ള ബന്ധത്തിന് തയാറായിക്കഴിഞ്ഞു. ഇന്ത്യയുടെ രാഷ്‌ട്രീയ സുസ്ഥിരത, നയ പ്രവചനാത്മകത, പുത്തന്‍ പരിഷ്‌കാരങ്ങളിലൂന്നിയ സാമ്പത്തിക അജണ്ടകള്‍ എന്നിവയാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നതെന്നും മജുംദാര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെ പ്രമുഖ കമ്പനിയായ എഇഎം സന്ദര്‍ശിക്കുന്നുണ്ട്. ഇലക്‌ട്രോണിക്‌സ്, സെമികണ്ടക്‌ടര്‍ മേഖലയിലെ പ്രമുഖ കമ്പനിയാണിത്. ആഗോള തലത്തില്‍ സെമികണ്ടക്‌ടര്‍ മൂല്യ ശൃംഖലയില്‍ എഇഎമ്മിന്‍റെ പങ്കിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമുള്ള ഒരു സംഘം പരിശീലകരുമായി ഇരുരാജ്യത്തെയും പ്രധാനമന്ത്രിമാര്‍ സംവാദം നടത്തും. സെമികണ്ടക്‌ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ മേധാവിമാരെ പ്രധാനമന്ത്രി മോദി ഈ മാസം 11 മുതല്‍ 13 വരെ നടക്കുന്ന സെമികോണ്‍ ഇന്ത്യ എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ചിട്ടുണ്ട്.